ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയുടെ കായിക സ്വപ്നങ്ങളിൽ ഇത്തവണയും കരിനിഴൽ. കായിക ഹബ്ബിന് കഴി‍ഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും സംസ്ഥാന ബജറ്റിൽ 100 രൂപ ടോക്കൺ മാത്രം.   സിന്തറ്റിക് ട്രാക്കും പുല്ല് വിരിച്ച 2 ഫുട്ബോൾ കോർട്ടുകളും ലക്ഷത്തിലേറെ കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയുമുള്ള സിഎച്ച് സ്റ്റേഡിയത്തിൽ തുടരെ മത്സരങ്ങൾ വരികയാണ്. പക്ഷേ, കനത്ത വെയിൽ ചൂട് സഹിച്ച് തളരാതെ പിടിച്ച് നിൽക്കുന്നവർക്ക് മാത്രമേ ഇവിടെ കായികക്കരുത്ത് പ്രകടിപ്പിക്കാനാകൂ.കത്തുന്ന വെയിലത്ത് മത്സരം ഒഴിവാക്കുകയേ രക്ഷയുള്ളു. 

രാത്രി മത്സരം നടത്തണമെങ്കിൽ ഫ്ലഡ് ലൈറ്റ് വേണം. പവലിയൻ കൂടി നിർമിച്ചാൽ പിന്നെ രാജ്യാന്തര മത്സരങ്ങൾക്ക് കൂടി വേദിയാക്കാം. പക്ഷേ, ഫ്ലഡ് ലൈറ്റിനും പവലിയനും 25 കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാരിന് സമർപ്പിച്ച് മൂന്ന് വർഷമായി അനുമതിക്ക് കാക്കുകയാണ്.  പവലിയൻ സ്ഥാപിച്ചാൽ 5,000 പേർക്ക് ഇരിക്കാവുന്ന ഗാലറി ഉണ്ടാകും. ബജറ്റ് ചർച്ച നാളെ നിയമസഭയിൽ തുടങ്ങുകയാണ്. അതിലും യൂണിവേഴ്സിറ്റി കായിക അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ ലഭിച്ചില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷവും നിരാശ തന്നെയായിരിക്കും ഫലം. 

യൂണിവേഴ്സിറ്റി വർഷം വിദ്യാർഥികളിൽ നിന്ന് 4.5 കോടി രൂപയിലേറെ സ്പോർട്സ് അഫിലിയേഷൻ ഫീസായി ഈടാക്കുന്നുണ്ട്. തുകയിൽ വലിയൊരു ഭാഗം വക മാറ്റി ചെലവാക്കുയാണ്. കായിക പരിശീലനം അടക്കം വൻ കായിക മുന്നേറ്റ പദ്ധതി വിഭാവനം ചെയ്യുന്നതാണ് കായിക ഹബ്ബ്. പക്ഷെ, 100 രൂപ ടോക്കണിൽ ഒന്നും നടക്കില്ലെന്ന് കഴിഞ്ഞ വർഷം തന്നെ ബോധ്യമായതാണ്. 

മത്സരങ്ങൾ ഇനിയുമേറെ

കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ‍ 3 മാസത്തിനിടെ നടത്താനുള്ളത് ഒട്ടേറെ മത്സരങ്ങൾ. ഇപ്പോൾ ദേശിയ മാസ്റ്റേഴ്സ് ഫുട്ബോൾ നടക്കുന്നു. മേയിൽ ഫെഡറേഷൻ കപ്പ് സീനിയർ നാഷനൽ‍ അത്‌ലറ്റിക്സ്. ഹാൻഡ്ബോൾ കോർട്ടിൽ ഫ്ലഡ് ലൈറ്റ് സംവിധാനത്തിന്റെ തികവിൽ‌ 18 മുതൽ 22 വരെ ദക്ഷിണ മേഖലാ ഹാൻഡ്ബോൾ. 25 മുതൽ 29 വരെ അഖിലേന്ത്യാ അന്തർ സർവകലാശാലാ ഹാൻഡ്ബോൾ. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കായിക മത്സരങ്ങൾ വേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com