ADVERTISEMENT

തേഞ്ഞിപ്പലം ∙ ദേശീയപാതയിൽ ആകാശപ്പാത ശുപാർശ ചെയ്ത താഴെ ചേളാരിയിൽ അന്തിമ തീരുമാനത്തിന് കാക്കാതെ മണ്ണിട്ട് കെട്ടിപ്പൊക്കി റോഡ് നിർമാണം തുടരുന്നു. ചേളാരി ഐഒസി എൽ‌പിജി ബോട്‌ലിങ് പ്ലാന്റ് മുതൽ താഴെ ചേളാരിയിൽ നിർമാണ ഘട്ടത്തിലുള്ള അടിപ്പാലം വരെ മണ്ണിട്ടുയർത്തി മുഖ്യ റോഡ് നിർമാണം മാസങ്ങളായി തുടരുകയാണ്. പുതിയ റോഡിന്റെ പടിഞ്ഞാറ് വശം അരികു ഭിത്തി കെട്ടിയതോടെ തന്നെ താഴെ ചേളാരി രണ്ടായി മുറിഞ്ഞു.

പുതിയ മുഖ്യ പാത പൂർത്തിയാകുന്നതോടെ അങ്ങാടിയുടെ കിഴക്ക്, പടിഞ്ഞാറ് വശങ്ങൾ അര കിലോമീറ്റർ ദൂരം ഒരു ബന്ധവും ഇല്ലാതായി മാറും. മണ്ണിട്ട് വഴിയടച്ചത് മാറ്റി ആകാശപ്പാത നിർമിച്ചാൽ അതിനടിയിലൂടെ യാത്ര ചെയ്യാം. ആകാശപ്പാത ശുപാർശയിൽ എൻഎച്ച് അതോറിറ്റി അന്തിമ തീരുമാനം പറയും വരെ താഴെ ചേളാരിയിൽ മണ്ണിട്ട് ഉയർത്തിയുള്ള റോഡ് നിർമാണം നിർത്തണമെന്ന് പാണമ്പ്രയിൽ പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ തന്നെ റോ‍ഡിന് ആയിരക്കണക്കിന് ലോഡ് മണ്ണ് നിറച്ചു. ഇനിയും മണ്ണ് എത്തിച്ച് പണി തുടർന്നാൽ ആകാശപ്പാതാ നിർദേശം എൻഎച്ച് അതോറിറ്റി അംഗീകരിക്കാൻ ഇടയില്ലെന്നാണ് ആശങ്ക. മുൻപേ ആകാശപ്പാത പരിഗണിക്കാതെ റോഡ് നിർമാണം തുടങ്ങിയതാണ് വിനയായത്. എൻഎച്ച് സാങ്കേതിക വിദഗ്ധ സംഘം ഈയാഴ്ച സ്ഥലം സന്ദർശിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com