ADVERTISEMENT

കേരളത്തിൽ മതസൗഹാർദത്തിന് ഏറ്റവും പേരുകേട്ട പള്ളിയായ എരുമേലി നൈനാർ ജുമാ മസ്ജിദിലെ (വാവരു പള്ളി) ചീഫ് ഇമാം ടി.എസ്.അബ്ദുൽ കരീമിന് ഇപ്പോൾ വയസ്സ് 102. ‘വാപ്പിച്ചി ഉസ്താദ്’ എന്നാണ് അദ്ദേഹത്തെ എരുമേലിക്കാർ സ്നേഹപൂർവം വിളിക്കുന്നത്. മതഭേദമന്യേ അനുഗ്രഹവും ഉപദേശവും തേടി ഇപ്പോഴും ആളുകൾ സമീപിക്കുന്ന അദ്ദേഹവുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കുകയാണ് മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങൾ.

 എരുമേലി നൈനാർ ജുമാ മസ്ജിദ്.
എരുമേലി നൈനാർ ജുമാ മസ്ജിദ്.

മതസാഹോദര്യത്തിന്റെ സന്ദേശവാഹകരായി ഒന്നര പതിറ്റാണ്ട് നൈനാർ പള്ളിയിലെ ഇമാം പദവി വഹിച്ച കുടുംബത്തിലെ പിന്തുടർച്ചയായി പിതാവിനൊപ്പം 1948 മുതലാണ് അദ്ദേഹം സേവനം തുടങ്ങിയത്. റമസാൻ വിശേഷങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം വാചാലനായതായി മുത്തുക്കോയ തങ്ങൾ. ഒന്നാം നോമ്പു മുതൽ അവസാനം വരെ പള്ളിയിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്ന് പ്രഭാഷകരെത്താറുണ്ട്. അവരെ വീട്ടിലേക്ക് ക്ഷണിക്കാനും നോമ്പ് തുറപ്പിക്കാനും നാട്ടുകാർ മത്സരിക്കും. ഈ പ്രഭാഷകരോട് അയ്യപ്പനെക്കുറിച്ചും സൂഫി വര്യനായ വാവരെക്കുറിച്ചുമുള്ള ചരിത്രവും എരുമേലിയുടെ മതസാഹോദര്യത്തിന്റെ കഥകളും പറഞ്ഞുകൊടുക്കും. പലരും അത് കുറിച്ചെടുക്കാറുണ്ടെന്നും കരീം ഉസ്താദ് പറയുന്നു.

ഇപ്പോൾ കാണുന്ന വലുപ്പമൊന്നും ഇല്ലാത്ത വാവര് പള്ളിയെക്കുറിച്ചുള്ള ഓർമകളും കരീം ഉസ്താദ് പങ്കുവച്ചു. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അതൊരു പുല്ലുമേഞ്ഞ പള്ളിയായിരുന്നു. പിന്നീടാണ് ഓട് പാകിയത്. വർഷങ്ങൾക്കിപ്പുറമാണ് വലുപ്പം കൊണ്ടും നിർമാണ ഭംഗി കൊണ്ടും കേരളത്തിലെ തന്നെ പ്രശസ്തമായ പള്ളികളിലൊന്നായി മാറിയത്.

ഇംഗ്ലിഷ് പഠിക്കണമെന്ന് തന്റെ പിതാവ് നിർബന്ധിച്ച കാര്യം കരീം ഉസ്താദ് വെളിപ്പെടുത്തി. അതിനായി 14 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്കൂളിലാണ് ചേർത്തത്. അത്രയും ദൂരം നടന്നാണ് പോയിരുന്നത്. പിന്നീട് 7 വർഷം ഈരാറ്റുപേട്ട ദർസിൽ മുസ്തഫ ആലിം സാഹിബിന്റെ കീഴിൽ മതപഠനം. തുടർന്ന് വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബി കോളജിൽ 3 വർഷം ഉപരിപഠനവും കഴിഞ്ഞ് ‘ബാഖവി’ ബിരുദം നേടിയാണു പുറത്തിറങ്ങിയത്. 

അതിരാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളിച്ച് അദ്ദേഹം സുബ്ഹി നമസ്കാരത്തിനായി പള്ളിയിലെത്തും. തുടർന്ന് ഒന്നര മണിക്കൂറോളം ഖുർആൻ പാരായണവും പ്രാർഥനയുമായി പള്ളിയിൽ തന്നെ. കഴിഞ്ഞ വർഷം മുതൽ കാഴ്ചയ്ക്ക് പ്രശ്നം വന്നതോടെ ഇപ്പോൾ പൂർണ തോതിൽ സേവനം ചെയ്യാനാകാറില്ല. എങ്കിലും എരുമേലിയിൽ ഇപ്പോഴും എല്ലാവരും അംഗീകരിക്കുന്ന പൗരപ്രമുഖനാണ് കരീം ഉസ്താദെന്ന് മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com