സഹപാഠിയുടെ ചികിത്സാച്ചെലവ്; ബിരിയാണി ചാലഞ്ച് ബംപർ ഹിറ്റ്
Mail This Article
വളാഞ്ചേരി ∙ സഹപാഠിയുടെ ചികിത്സാച്ചെലവിലേക്ക് ധനസമാഹരണം നടത്തുന്നതിനു കൂട്ടുകാർ നടത്തിയ ബിരിയാണി ചാലഞ്ച് ഹിറ്റായി. എടയൂർ പൂക്കാട്ടിരിയിലെ അക്ഷയ്ദാസിന്റെ ചികിത്സയ്ക്കു പണം സ്വരൂപിക്കാൻ വര ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളാണ് രംഗത്തിറങ്ങിയത്. നാട്ടുകാരും ഉദാരമതികളും പൂർണ പിന്തുണ നൽകി. 1500 പൊതി ബിരിയാണിയാണ് ഇവർ പാചകം ചെയ്തു വിതരണം ചെയ്തത്. 2 ക്വിന്റൽ അരി വേണ്ടിവന്നു. വര ഫൈനാർട്സ് കോളജിലെ ഒന്നും, രണ്ടും വർഷ വിദ്യാർഥികളും അധ്യാപകരും സുമനസ്സുകളും പാക്കിങ്ങിലും വിതരണത്തിലും സജീവമായി.
കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രവർത്തകരായ ഉസ്മാൻ പാറയിൽ, ഒ.ടി.ഹനീഫ, അലിമോൻ കൊപ്പം, എ.കെ.ഉമ്മർ, ഹൈദരാലി, മുജീബ് റഹ്മാൻ എന്നിവർ ബിരിയാണി തയാറാക്കി. ഇവരുടെ സേവനം പൂർണമായും സൗജന്യമായിരുന്നു. രാവിലെ 7നു തുടങ്ങി ഉച്ചയ്ക്ക് 2 മണിവരെ വിതരണം നീണ്ടു. കാവുംപുറം പാറക്കൽ സമ്മേളനഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ ബിരിയാണി വിതരണം ഉദ്ഘാടനം ചെയ്തു. കെ.പി.ശങ്കരൻ, സുരേഷ് മേച്ചേരി എന്നിവർ പ്രസംഗിച്ചു.
പൂക്കാട്ടിരിയിലെ കൊഴിക്കോട്ടിൽ ചന്ദ്രദാസൻ–ജയശ്രീ ദമ്പതിമാരുടെ മകനായ അക്ഷയ്ദാസ് തലാസീമിയ മേജർ എന്ന അസുഖബാധിതനായി ഒരു വയസ്സ് മുതൽ ചികിത്സയിലാണ്. ബെംഗളൂരു മജുംദാർ ആശുപത്രിയിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത് വഴി സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സാ ചെലവ് 50 ലക്ഷം രൂപ വരും. തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രദാസിനു ഇത്രയും വലിയ തുക വഹിക്കാനാവില്ലെന്ന് മനസ്സിലാക്കി ചികിത്സാസഹായ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. ചാലഞ്ചിലൂടെ ലഭിച്ച തുകയും ഫണ്ടിലേക്കു കൈമാറും.