ADVERTISEMENT

പൊന്നാനി ∙ മീൻപിടിത്ത ബോട്ട് താൽക്കാലിക യാഡിൽ  രൂപമാറ്റം നടത്തുന്നതു തടഞ്ഞ പോർട്ട് കൺസർവേറ്റർ ഇതേ ബോട്ടിന്റെ റജിസ്ട്രേഷനു വേണ്ടി അപേക്ഷ സ്വീകരിച്ചു ഫീസടപ്പിച്ചതും ചോദ്യം ചെയ്യപ്പെടുന്നു. കൺസർവേറ്ററെ വിശദമായി പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ബിൽഡേഴ്സ് സർട്ടിഫിക്കറ്റ് മറ്റൊരു യാഡിന്റേതാണെന്നു ബോധ്യമായിട്ടും അപേക്ഷ സ്വീകരിച്ചതിലെ ക്രമക്കേടു സംബന്ധിച്ചു പൊലീസ് വിശദമായ പരിശോധനകൾ നടത്തിവരികയാണ്.

ബോട്ടിന്റെ ആദ്യഘട്ട നിർമാണം മുതൽ‌ മാരിടൈം ബോർഡ് സർവേ ഉദ്യോഗസ്ഥനെ വിവരമറിയിക്കണമെന്നാണു ചട്ടം. വെള്ളത്തിലിറക്കുന്നതിനു മുൻപു 3 ഘട്ടങ്ങളിൽ സർവേയറുടെ പരിശോധന വേണം. എന്നാൽ, താനൂർ തൂവൽത്തീരത്തു പൂരപ്പുഴയിലിറക്കിയ ശേഷമാണു സർവേ നടന്നിട്ടുള്ളത്. ബോട്ട് നിർമിച്ച താൽക്കാലിക യാഡിന്റെ നടത്തിപ്പുകാരൻ തന്നെ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ അപകട സാധ്യതകൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരം ഗുരുതരമായ വിഷയങ്ങൾ മുന്നിൽ നിൽക്കുമ്പോഴാണ് ജനുവരി 13നു ബേപ്പൂർ പോർ‌ട്ട് കൺസർവേറ്റർ ബോട്ട് ഉടമ നാസറിൽനിന്ന് അപേക്ഷ സ്വീകരിക്കുന്നതും ഫീസ് അടപ്പിക്കുന്നതും. തൊട്ടുപിന്നാലെയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ നിരന്തരമായ ഇടപെടലുണ്ടാകുന്നത്. 

ആശ്രിതർക്ക് 1.5 കോടി രൂപയുടെ നഷ്ടപരിഹാരം കൈമാറി

തിരൂർ ∙ താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 1.5 കോടി രൂപയുടെ നഷ്ടപരിഹാരം കൈമാറി. തിരൂർ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തിലാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തുക നൽകിയത്. മരിച്ച 15 പേരുടെ ആശ്രിതർക്കാണ് ആദ്യ ഘട്ടത്തിൽ തുക നൽകിയത്. ഭാര്യയും 3 മക്കളും നഷ്ടപ്പെട്ട പരപ്പനങ്ങാടി കുന്നുമ്മൽ സൈതലവിക്ക് 50 ലക്ഷം രൂപ, ഭാര്യയും 3 മക്കളും മരിച്ച കുന്നുമ്മൽ സിറാജിനു 40 ലക്ഷം രൂപ, ഭാര്യയും മകനും നഷ്ടപ്പെട്ട കുന്നുമ്മൽ മുഹമ്മദ് ജാബിറിനു 20 ലക്ഷം രൂപ എന്നിങ്ങനെ നൽകി.

അപകടത്തിൽ മരിച്ച താനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പരപ്പനങ്ങാടി ചിറമംഗംലം സ്വദേശി സബറുദ്ദീന്റെ ഭാര്യ മുനീറയ്ക്കു 10 ലക്ഷം രൂപ നൽകി. മുനീറയുടെ അഭാവത്തിൽ സബറുദ്ദീന്റെ സഹോദരൻ ഷിബുലിദ്ദീനാണു തുക ഏറ്റുവാങ്ങിയത്.

അപകടത്തിൽ മരിച്ച പരിയാപുരം കാട്ടിൽപീടിയേക്കൽ സിദ്ദീഖ്, മക്കളായ ഫാത്തിമ മിൻഹ, മുഹമ്മദ് ഫൈസാൻ എന്നിവർക്കുള്ള നഷ്പരിഹാരത്തുക 30 ലക്ഷം രൂപ സിദ്ദീഖിന്റെ സഹോദരി സൽമയാണ് ഏറ്റുവാങ്ങിയത്. മന്ത്രി വി.അബ്ദുറഹിമാനാണു തുക വിതരണം ചെയ്തത്. എംഎൽഎമാരായ കുറുക്കോളി മൊയ്തീൻ, കെ.ടി.ജലീൽ, എഡിഎം എൻ.എം.മെഹറലി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

മീൻപിടിത്ത വള്ളമല്ല ഉല്ലാസ ബോട്ട്

മീൻപിടിത്ത വള്ളം രൂപമാറ്റം വരുത്തി ഉല്ലാസ ബോട്ടാക്കുമ്പോൾ അപകട സാധ്യതകൾ ഏറെ. മീൻപിടിത്ത ഉപകരണങ്ങൾ വള്ളത്തിന്റെ അടിയിൽ വച്ച് ഉള്ളിലെ പലകയിലും വശങ്ങളിലുമാണു മത്സ്യത്തൊഴിലാളികൾ ഇരിക്കുന്നത്. ഭാരം മുഴുവൻ വള്ളത്തിന്റെ അടിഭാഗത്തോടു ചേർന്നാണു വരിക.  എന്നാൽ ഇത് ഉല്ലാസ ബോട്ടാക്കി മാറ്റുമ്പോൾ വള്ളത്തിന്റെ മുകളിൽ പലകയടിച്ചു സീറ്റുകൾ വച്ച് ആളുകൾ മുകളിലിരിക്കുന്ന അവസ്ഥയാണ്. കൂടുതൽ ഭാരവും മുകളിൽ വരും. ‘അറ്റ്ലാന്റിക്’ ബോട്ടിന് അടിയിൽനിന്നു കോണിയിലൂടെ മുകളിലേക്കു കയറാനും മുകളിൽ ഇരിക്കാനും സൗകര്യമുണ്ടായിരുന്നു. ഇതൊന്നും ഉദ്യോഗസ്ഥർ‌ തടയാൻ ശ്രമിച്ചില്ലെന്നതു ഗുരുതര വീഴ്ചയായിട്ടാണു വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com