ADVERTISEMENT

കുറ്റിപ്പുറം ∙ ശബരിമല മകരവിളക്ക് ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മിനിപമ്പയിൽ തീർഥാടകരുടെ തിരക്കേറി. മിനിപമ്പയിലെ കടവിൽ സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ദേശീയപാതയോരത്തും ഭാരതപ്പുഴയിലുമാണ് തീർഥാടകർ തമ്പടിക്കുന്നത്. 15നാണ് മകരവിളക്ക്. വടക്കൻ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് തീർഥാടകരാണ് മിനിപമ്പവഴി ശബരിമലയിലേക്ക് കടന്നുപോകുന്നത്. 

ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി മിനിപമ്പയിൽ ഇത്തവണ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ദേശീയപാതയോരത്തും ഭാരതപ്പുഴയിലുമാണ് വാഹനങ്ങൾ നിർത്തുന്നത്. മിനിപമ്പയിലെ ശിവപാർവതി ക്ഷേത്രദർശനത്തിനായി എത്തുന്ന തീർഥാടകർ അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. മുൻപ് നൂറുകണക്കിന് തീർഥാടകർ കുളിച്ചിരുന്ന മിനിപമ്പയിലെ 2 കടവുകളും ശോച്യാവസ്ഥയിലായതിനെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. തീർഥാടകർക്കായി ഒരുക്കിയ ഷവർ സംവിധാനം ഇന്നലെ പ്രവർത്തിച്ചില്ല. 

പുഴയിൽ കുളിച്ച് ക്ഷേത്രദർശനം നടത്താനെത്തുന്ന നൂറുകണക്കിന് തീർഥാടകരാണ് നിരാശരായി മടങ്ങുന്നത്. മിനിപമ്പയിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എതിർവശത്തെ കുറ്റിപ്പുറം കടവുവഴി പുഴയിലിറങ്ങി കുളിക്കുന്നുണ്ട്. ഈ ഭാഗത്ത് തീർഥാടകരെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. പൊന്നാനി ദേശീയപാതയോരവും തീർഥാടകരെക്കൊണ്ട് നിറയുന്നുണ്ട്. വിരിവയ്ക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ പാതയോരത്താണ് ഭക്ഷണം പാചകം ചെയ്യുന്നത്. മിനിപമ്പയിൽ ഇത്തവണയും പൊലീസ്, ആരോഗ്യവകുപ്പ് അടക്കമുള്ള സർക്കാർ വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടില്ല. മകരവിളക്ക് കഴിഞ്ഞ ശബരിമല നട അടയ്ക്കുന്നതുവരെ മിനിപമ്പയിൽ തീർഥാടകരുടെ തിരക്കുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com