മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗം ബ്ലോക്ക് ജനുവരിയിൽ
Mail This Article
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗം (ക്രിട്ടിക്കൽ കെയർ ബ്ലോക്ക്) നിർമാണം വേഗത്തിലാക്കാൻ നാഷനൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധന നടത്തി. 23 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തികൾ വിലയിരുത്തി.നിർമാണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പ്രതീക്ഷിച്ചതിലേറെ പ്രവൃത്തി നടത്തേണ്ടതു സംബന്ധിച്ചു കിറ്റ്‌കോ എൻഎച്ച്എമ്മിനു റിപ്പോർട്ട് നൽകിയിരുന്നു. പ്രാഥമിക ഘട്ടത്തിൽ പ്രവൃത്തിയിൽ നിശ്ചിത വ്യത്യാസം വരുന്നത് പദ്ധതിച്ചെലവ് കൂടാൻ ഇടയാകുമെന്നു കണ്ടാണ് ചീഫ് എൻജിനീയറുടെ അനുമതി തേടുന്നത്.
ചീഫ് എൻജിനീയർ പി.എൻ.മിനി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനൂപ്, കിറ്റ്കോ എൻജിനീയർ വിവേക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്.2025 ജനുവരിയിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രിയോടു ചേർന്നുള്ള മരാമത്ത് വകുപ്പിന്റെ പഴയ വിശ്രമകേന്ദ്രം പൊളിച്ചുമാറ്റിയാണ് തീവ്ര പരിചരണ വിഭാഗം സ്ഥാപിക്കുന്നത്. 24 സെന്റിൽ 45,000 ചതുരശ്ര അടിയിൽ നാലുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്ക് ആണ് നിർമാണച്ചുമതല. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പി.എം.ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ മുഖേനയാണ് പദ്ധതി യാഥാർഥ്യമാകുന്നത്.