പരുക്കൻ അടവില്ല, ഇത് കരുതൽ കിക്ക്
പുറത്ത് മീനച്ചൂട് കനത്തു വരുന്നു. തിരഞ്ഞെടുപ്പ് മാപിനിയിലും താപനില ഉയർന്നു തന്നെ. നാട്ടിടവഴിയുടെ കുളിർമയുള്ള ഓർമകൾ ചേർത്ത് ഇ.ടി.മുഹമ്മദ് ബഷീർ, വി.വസീഫിനു നേരെ സൗഹൃദത്തിന്റെ പാസ് നീട്ടി.‘വസീഫിന്റെ നാടായ സൗത്ത് കൊടിയത്തൂരാണ് എന്റെ ഉമ്മയുടെയും ഭാര്യയുടെയും വീട്. ഞങ്ങൾ ഒരേ നാട്ടുകാരാണ്’. മുക്കം
പുറത്ത് മീനച്ചൂട് കനത്തു വരുന്നു. തിരഞ്ഞെടുപ്പ് മാപിനിയിലും താപനില ഉയർന്നു തന്നെ. നാട്ടിടവഴിയുടെ കുളിർമയുള്ള ഓർമകൾ ചേർത്ത് ഇ.ടി.മുഹമ്മദ് ബഷീർ, വി.വസീഫിനു നേരെ സൗഹൃദത്തിന്റെ പാസ് നീട്ടി.‘വസീഫിന്റെ നാടായ സൗത്ത് കൊടിയത്തൂരാണ് എന്റെ ഉമ്മയുടെയും ഭാര്യയുടെയും വീട്. ഞങ്ങൾ ഒരേ നാട്ടുകാരാണ്’. മുക്കം
പുറത്ത് മീനച്ചൂട് കനത്തു വരുന്നു. തിരഞ്ഞെടുപ്പ് മാപിനിയിലും താപനില ഉയർന്നു തന്നെ. നാട്ടിടവഴിയുടെ കുളിർമയുള്ള ഓർമകൾ ചേർത്ത് ഇ.ടി.മുഹമ്മദ് ബഷീർ, വി.വസീഫിനു നേരെ സൗഹൃദത്തിന്റെ പാസ് നീട്ടി.‘വസീഫിന്റെ നാടായ സൗത്ത് കൊടിയത്തൂരാണ് എന്റെ ഉമ്മയുടെയും ഭാര്യയുടെയും വീട്. ഞങ്ങൾ ഒരേ നാട്ടുകാരാണ്’. മുക്കം
പുറത്ത് മീനച്ചൂട് കനത്തു വരുന്നു. തിരഞ്ഞെടുപ്പ് മാപിനിയിലും താപനില ഉയർന്നു തന്നെ. നാട്ടിടവഴിയുടെ കുളിർമയുള്ള ഓർമകൾ ചേർത്ത് ഇ.ടി.മുഹമ്മദ് ബഷീർ, വി.വസീഫിനു നേരെ സൗഹൃദത്തിന്റെ പാസ് നീട്ടി.‘വസീഫിന്റെ നാടായ സൗത്ത് കൊടിയത്തൂരാണ് എന്റെ ഉമ്മയുടെയും ഭാര്യയുടെയും വീട്. ഞങ്ങൾ ഒരേ നാട്ടുകാരാണ്’.
മുക്കം എംഒഎംഎ കോളജിന്റെ മുൻ ക്യാപ്റ്റനായ വസീഫ് ആദരവും സ്നേഹവും സമം ചേർത്ത് അതു തിരികെ നൽകി. ‘ഞങ്ങൾ രണ്ടു പേരും പഠിച്ചത് സൗത്ത് കൊടിയത്തൂർ എസ്കെഎയുപി സ്കൂളിലാണ്. പല പരിപാടികൾക്കും ഒരുമിച്ചുണ്ടാകാറുണ്ട്. രണ്ടു പേരും ഒരിടത്ത് മത്സരിക്കരുതേയെന്ന് തിരഞ്ഞെടുപ്പ് ചർച്ചയുടെ തുടക്കത്തിൽ നാട്ടുകാരിൽ പലരും പറഞ്ഞിരുന്നു’.
ഇ.ടിയും വസീഫും ചിരിമുന്നണിയിൽ സഖ്യകക്ഷികളായി. മനസ്സുകൊണ്ട് പിന്നിലേക്കു സഞ്ചരിച്ച ഡോ.എം.അബ്ദുസലാമിന്റെ ആദ്യ ടച്ച് ക്ഷമാപണത്തോടെയായിരുന്നു. ‘കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരിക്കെ എതിർപ്പിന്റെ ഘോഷയാത്രയുണ്ടായപ്പോൾ എന്നെ ചേർത്തു നിർത്തിയ ആളാണ് ഇ.ടി. അദ്ദേഹത്തിനെതിരെ മത്സരിക്കേണ്ടി വന്നതിൽ ദുഃഖമുണ്ട്’. ആ ധർമസങ്കടത്തിന് പ്രതിവിധിയും അദ്ദേഹം മനസ്സിൽ കുറിച്ചിട്ടുണ്ട്.‘ അന്ന് ഞാൻ അക്കാദമിഷ്യനായിരുന്നു. ഇന്ന് രാഷ്ട്രീയക്കാരനാണ്’.
മലപ്പുറം മണ്ഡലത്തിലെ സ്ഥാനാർഥികളായ ഇ.ടി.മുഹമ്മദ് ബഷീറും (യുഡിഎഫ്), വി.വസീഫും (എൽഡിഎഫ്) ഡോ.എം.അബ്ദുൽസലാമും (എൻഡിഎ) മലയാള മനോരമ പത്രാധിപ സമിതിയംഗങ്ങളുമായുള്ള ‘പോൾ കഫേ’ ചർച്ചയ്ക്കായി ഒരുമിച്ചിരുന്നപ്പോൾ നിറഞ്ഞു തുളുമ്പിയത് സൗഹൃദവും പരസ്പര ബഹുമാനവും. സ്ഥാനാർഥികളായ ശേഷം മൂവരും ഒരുമിച്ചിരിക്കുന്നത് ആദ്യം. സൗമ്യതയുടെ ഇളംവെയിലിലാണ് ചർച്ച പുരോഗമിച്ചതെങ്കിലും കടുത്ത ചൂടും അതുയർത്തുന്ന വെല്ലുവിളിയും വിഷയമായി വന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ 47 വർഷത്തെ അനുഭവസമ്പത്തുള്ള ഇ.ടി പറഞ്ഞത് യാത്ര നൽകുന്ന അനുഭവത്തെക്കുറിച്ചാണ്. ‘ഉത്തരേന്ത്യയിൽ, പ്രതികൂല സാഹചര്യങ്ങളിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. അതെല്ലാം നൽകുന്ന അനുഭവം ചെറുതല്ല.
പിന്നെ, പൊതു പ്രവർത്തകർക്ക് ഏതു സാഹചര്യവും നേരിടാനുള്ള കരുത്ത് സ്വാഭാവികമായി ലഭിക്കും. പടച്ചോൻ നൽകുന്ന കരുത്താണത്. യോഗയും മറ്റു ചെറിയ വ്യായാമങ്ങളുമൊക്കെ സഹായമാകുന്നു.’ കൂട്ടത്തിലെ ചെറുപ്പക്കാരനായ വസീഫ്, ഇ.ടി പറഞ്ഞു നിർത്തിയിടത്തു നിന്നു തുടങ്ങി.
‘കഴിഞ്ഞ ദിവസം മുക്കം എംഎഎംഒ കോളജിൽ പോയിരുന്നു. നീ മാത്രം ഇത്ര ചെറുപ്പമായിരിക്കുന്നത് എങ്ങനെയെന്ന് കൂട്ടുകാർ ചോദിച്ചു. ഫോട്ടോയെടുത്ത് നോക്കിയപ്പോൾ അതിൽ ശരിയുണ്ടെന്ന് എനിക്കും തോന്നി’. ഈ ചുറുചുറുക്കിന് വസീഫ് നൂറു ശതമാനം മാർക്ക് നൽകുന്നത് ഇടവേളയില്ലാത്ത പൊതുപ്രവർത്തനത്തിനാണ്.
‘രാഷ്ട്രീയക്കാർ എത്ര പ്രായമായാലും അവർ എനർജെറ്റിക്കായിരിക്കും. ജനങ്ങളുമായുള്ള നിരന്തര സമ്പർക്കം തന്നെയാണ് കാരണം’. പൊതുപ്രവർത്തകരുടെ എനർജിയുടെ സീക്രട്ട് ഇ.ടി.വെളിപ്പെടുത്തിയപ്പോൾ വസീഫും തലകുലുക്കി.
പിള്ള മനസ്സിൽ കള്ളമില്ലെന്നാണല്ലോ. രാഷ്ട്രീയത്തിൽ ‘പിള്ളയായ’ എം.അബ്ദുൽ സലാമും ഉള്ളിലുള്ളത് മറയില്ലാതെ പറഞ്ഞു. ‘ എനിക്ക് ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമ്മർദം വലുതാണ്. അക്കാദമിഷ്യനെന്ന നിലയിൽ ടാസ്കുകൾ നിശ്ചയിച്ച് അതു പൂർത്തിയാക്കുന്നതാണ് എന്റെ ശീലം. രാഷ്ട്രീയത്തിൽ അങ്ങനെയൊന്നുമില്ല. 10 മണിയെന്ന് പറഞ്ഞാൽ 11 മണിയാകും. തിരൂർ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഈ പണി എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞതാണ്’.
40 വർഷത്തെ അക്കാദമിക് ജീവിതത്തിനിടെ 6 ഭൂഖണ്ഡങ്ങളിൽ പ്രവർത്തന പരിചയമുള്ള മുൻ കാലിക്കറ്റ് വിസി പിന്നെയെങ്ങനെ മലപ്പുറത്തെത്തി ? : ‘പാർട്ടി പല മാനദണ്ഡങ്ങൾ പരിഗണിച്ച് എനിക്ക് വീണ്ടും അവസരം നൽകിയതിൽ സന്തോഷമുണ്ട്’
റമസാൻ മാസത്തിലെ പ്രചാരണം വിഷയമായപ്പോൾ അതിലെ സൗകര്യത്തെക്കുറിച്ചാണ് വസീഫ് പറഞ്ഞത്.‘മലബാറുകാർ പൊതുവേ സൽക്കാര പ്രിയരാണ്. എല്ലാ വീട്ടിൽ നിന്നും എന്തെങ്കിലുമൊക്കെ കഴിക്കേണ്ടി വരും. നൽകിയത് നിരസിച്ചാൽ അവർക്കു വിഷമമാകും’. സ്ഥാനാർഥികൾക്ക് പ്രത്യേക സമൂഹ മാധ്യമ ടീമുണ്ടോ?. വസീഫിന് പ്രത്യേക ടീമില്ല. ‘എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും സഖാക്കൾ സഹായിക്കുന്നുണ്ട്’. ഇ.ടിക്കും കൂടെയുള്ളവർ തന്നെയാണ് കൂട്ട്.
ഇരുവരും ഫോൺ ഓഫ് ചെയ്തുവയ്ക്കാറില്ല. ഏതു നിമിഷവും സഹായാഭ്യർഥനയുമായി വിളി വന്നേക്കാമെന്ന കരുതൽ.
ഒരു മണിക്കൂറിലേറെ നീണ്ട സംഭാഷണം ഒരിക്കലും രാഷ്ട്രീയത്തിന്റെ പെനൽറ്റി ബോക്സിലേക്കു കടന്നില്ല. ‘തിരഞ്ഞെടുപ്പ് ഒരിക്കലും വ്യക്തികൾ തമ്മിലല്ല. ആശയങ്ങൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. അത് ഒരിക്കലും ശത്രുതയിലേക്കു പോകേണ്ടതില്ല’.
ചർച്ച അവസാനിപ്പിച്ച് എഴുന്നേറ്റ ഇ.ടി.സൗഹൃദത്തിന്റെ പ്രകടന പത്രിക അവതരിപ്പിച്ചു. ചിരിയോടെ മൂന്നു പേരും കൈകൾ ചേർത്തു പിടിച്ചപ്പോൾ എതിരില്ലാതെ അതു പാസായി. ഫുട്ബോളായാലും രാഷ്ട്രീയമായാലും മലപ്പുറത്ത് ഫെയർ പ്ലേയാണ് നിയമം.