പോളിങ് കുറവ് തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ച് മുന്നണികൾ; അടിയൊഴുക്കുണ്ടായി, പക്ഷേ എങ്ങോട്ട് ?
Mail This Article
മലപ്പുറം∙ പോളിങ്ങിലുണ്ടായ കുറവ് ഞെട്ടിച്ചെങ്കിലും പുതിയ സാഹചര്യം തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ച് പ്രതീക്ഷ കൈവിടാതെ മുന്നണികൾ. പൊന്നാനിയിൽ അടിയൊഴുക്കുണ്ടായെന്ന് ഇരു വിഭാഗവും സമ്മതിക്കുമ്പോഴും അതിന്റെ ആനുകൂല്യം ആർക്കെന്നതിൽ രണ്ടുപക്ഷമുണ്ട്. സമസ്ത അനുഭാവികളുൾപ്പെടെ ഉൾപ്പെടെ ലീഗിനോട് കടുത്ത അതൃപ്തിയുള്ള വോട്ടർമാർ വിട്ടുനിന്നതാണ് പോളിങ്ങിലെ കുറവിനു കാരണമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
എന്നാൽ, സംസ്ഥാന സർക്കാരിനെതിരായ വികാരവും സ്ഥാനാർഥി നിർണയത്തിലുള്ള അതൃപ്തിയും കാരണം ഇടതുപക്ഷ വോട്ടുകൾ പോൾ ചെയ്തില്ലെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. ഇടതുപക്ഷത്തിന് നല്ല സ്വാധീനമുള്ള പൊന്നാനി നഗര മേഖലയിലെ ബൂത്തുകളിൽ പോളിങ് കുത്തനെ ഇടിഞ്ഞത് ഇതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറത്ത് അദ്ഭുതങ്ങളില്ല?
മലപ്പുറം ലീഗിന്റെ പൊന്നാപുരം കോട്ടയായി തുടരുമെന്ന സൂചനകൾ തന്നെയാണ് പോളിങ് ട്രെൻഡ് കാണിക്കുന്നത്. ഭൂരിപക്ഷം പരമാവധി കുറയുമെന്ന രീതിയിലേക്ക് ഇടതുപക്ഷവും പ്രതീക്ഷകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. മലപ്പുറത്ത് പോളിങ് ശതമാനത്തിൽ 3.72 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2021ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പതിനയ്യായിരത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്.
അട്ടിമറിയെന്ന ഇടതു സ്വപ്നത്തിലെ ഏറ്റവും വലിയ പ്രതീക്ഷ പെരിന്തൽമണ്ണ, മങ്കട നിയമസഭാ മണ്ഡലങ്ങളായിരുന്നു. എന്നാൽ, രണ്ടു മണ്ഡലങ്ങളിലും വോട്ട് വൻ തോതിൽ കുറഞ്ഞത് ഇടതു തന്ത്രം വിജയിച്ചില്ലെന്നതിന്റെ സൂചനയാണ്. പരമ്പരാഗത ഇടതു വോട്ടുകൾ പല കാരണങ്ങളാൽ വിട്ടുനിന്നിരിക്കാമെന്നും 2 ലക്ഷം വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.
‘പൊന്നാനിക്കണക്ക്’ കൂട്ടി മുന്നണികൾ..
പ്രചാരണ കാലത്തുണ്ടായിരുന്ന എരിപിരി പൊന്നാനിയിൽ പോളിങ്ങിനു ശേഷവും തുടരുന്നു. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായ പൊന്നാനി നഗരത്തിലെ ചില ബൂത്തുകളിലെ വോട്ടിങ്ങിലുണ്ടായ ഇടിവ് ഫലത്തെക്കുറിച്ചുള്ള സൂചനയാണെന്ന് യുഡിഎഫ് പറയുന്നു.അതേസമയം, ലീഗിന് സ്ഥിരമായി വോട്ടു ചെയ്തിരുന്ന സമസ്ത അനുഭാവികളും മറ്റു അതൃപ്തരും വിട്ടുനിന്നതാണ് കുറവിനു കാരണമായി എൽഡിഎഫ് നിരത്തുന്നത്.
തിരൂരങ്ങാടി, കോട്ടയ്ക്കൽ, തിരൂർ തുടങ്ങിയ ലീഗ് കോട്ടകളിൽ പ്രതീക്ഷിക്കാത്ത അടിയൊഴുക്കുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. പൊന്നാനിയിളക്കണമെങ്കിൽ ഇടതിന് തൃത്താല, തവനൂർ, പൊന്നാനി, ഒരു പരിധിവരെ താനൂർ മണ്ഡലങ്ങളിൽ വൻ മുന്നേറ്റം നടത്തണം. വി.അബ്ദുറഹിമാൻ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച 2014ൽ ലീഗിന്റെ ഭൂരിപക്ഷം 25410 ആയി കുറഞ്ഞിരുന്നു.
അന്ന് എൽഡിഎഫിനെ തുണച്ചത് ഇടതുപക്ഷത്തിന് വേരോട്ടമുള്ള പൊന്നാനി, തവനൂർ, തൃത്താല മണ്ഡലങ്ങളാണ്. ഇത്തവണ അതുണ്ടായിട്ടില്ലെന്നാണ് പോളിങ് നൽകുന്ന സൂചന. പരമ്പരാഗത ഇടതു വോട്ടുകൾ പോൾ ചെയ്തില്ലേയെന്ന സന്ദേഹം വോട്ടിങ് അവസാനിച്ചതിനു പിന്നാലെ ഇടതു കേന്ദ്രങ്ങളിൽ ഉയർന്നിട്ടുണ്ട്. ഇരുപക്ഷവും അവകാശപ്പെടുന്നത് വിജയം തന്നെ.
ലീഗിനെ തുണച്ചോ സമവാക്യങ്ങൾ?
സമസ്തയിലെ ഒരു വിഭാഗം ഉയർത്തിയ കലാപക്കൊടി നിർവീര്യമാക്കാൻ ലീഗെടുത്ത മുൻകരുതൽ നടപടികൾ അവരെ തുണച്ചേക്കുമെന്ന സൂചനകളുണ്ട്. പിന്തുണ ആവശ്യമില്ലെന്ന് യുഡിഎഫ് പ്രഖ്യാപിച്ചെങ്കിലും എസ്ഡിപിഐ വോട്ടുകൾ ലഭിച്ചുവെന്നാണ് അനുമാനം. കഴിഞ്ഞ തവണ പൊന്നാനിയിൽ 18000, മലപ്പുറത്ത് 46758 വോട്ട് വീതമാണ് എസ്ഡിപിഐ നേടിയത്.
അതിനൊപ്പം വോട്ടുള്ള വെൽഫെയർ പാർട്ടിയും യുഡിഎഫിനു പൂർണ പിന്തുണ നൽകി. കാന്തപുരം സമസ്ത വിഭാഗത്തിന്റെ നല്ലൊരു ഭാഗം വോട്ടുകളും ലഭിച്ചുവെന്ന വിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. സമസ്തയിലെ ചെറുവിഭാഗം ലീഗിനെതിരെ തിരിഞ്ഞാലും ഏശില്ലെന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം ഈ സമവാക്യങ്ങളാണ്.
ഭൂരിപക്ഷം കുറയുമോ?
പോളിങ് കുറഞ്ഞത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. എന്നാൽ, ഇത് പൂർണമായി ശരിയല്ലെന്ന് ചരിത്രം പറയുന്നു. 2021 ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് യുഡിഎഫ് ജയിച്ചത് 1.14 ലക്ഷം വോട്ടിനാണ്. അന്ന് പോളിങ് 76.26. എന്നാൽ, പൊളിങ് ഒരു ശതമാനം കുറവായിരുന്ന 2019ൽ കുഞ്ഞാലിക്കുട്ടി നേടിയത് 2.60 ലക്ഷത്തിന്റെ വൻ ഭൂരിപക്ഷം. 2004ൽ മഞ്ചേരിയിൽ ലീഗിനെതിരെ ടി.കെ.ഹംസ അട്ടിമറി വിജയം നേടിയപ്പോൾ പോളിങ് ശതമാനം 71.7% ആയിരുന്നു.
ജനവിധി ഭദ്രം
മലപ്പുറം ∙ മലപ്പുറം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം ഗവ.കോളജിലേക്ക് തിരഞ്ഞെടുപ്പ് യന്ത്രങ്ങളടങ്ങുന്ന അവസാനത്തെ തിരഞ്ഞെടുപ്പു പെട്ടികൾ എത്തിയത് ഇന്നലെ രാവിലെ 7ന്. പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്നാണ് അവസാന പെട്ടികളെത്തിയത്. തുടർന്ന് 10നാണ് സ്ട്രോങ് റൂമുകളിലെത്തിച്ച് മുദ്രവച്ചു തുടങ്ങിയത്.
ജനറൽ ഒബ്‌സെർവർ അവദേശ് കുമാർ തിവാരി, ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജില്ലാ കലക്ടറുമായ വി.ആർ വിനോദ്, പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ ത്രിപാദി, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ എസ്.ബിന്ദു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. കേടു വന്ന യന്ത്രങ്ങളും മറ്റും സിവിൽ സ്റ്റേഷനിലെ ജില്ലാ വെയർഹൗസിലേക്ക് മാറ്റി. കേന്ദ്ര സേനയും പൊലീസും അടക്കം ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തിയത്.
തിരൂർ ∙ പൊന്നാനിയിലെ ഇവിഎം മെഷീനുകൾ തിരൂർ എസ്എസ്എം പോളിയിലെ 21 സ്ട്രോങ് റൂമുകളിൽ ഭദ്രം. കാവലിന് പൊലീസിന്റെ പടയുമുണ്ട്. എംഎസ്പി അസി. കമാൻഡാന്റ് ഐ.എം.വിജയനാണ് കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല. സ്ട്രോങ് റൂമുകൾക്കു മുൻപിൽ സിആർപിഎഫിന്റെയും തമിഴ്നാട് ആംഡ് പൊലീസിന്റെയും കാവലുണ്ടാകും.വിവിധ ബൂത്തുകളിൽ നിന്നുള്ള മെഷീനുകൾ ഇവിടെ എത്തിക്കുന്നത് ഇന്നലെ പുലർച്ചെ 5 വരെ നീണ്ടു നിന്നു. മറ്റു സാമഗ്രികൾ ഇന്നലെ രാവിലെ 8നാണ് എത്തിച്ചു തീർന്നത്. ജൂൺ 4ന് ഇവിടെ വച്ചാണ് വോട്ടെണ്ണൽ നടക്കുക.
നിലമ്പൂർ ∙ നിലമ്പൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ യന്ത്രങ്ങൾ ചുങ്കത്തറ മാർത്തോമ്മാ കോളജ്, വണ്ടൂരിന്റേത് മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സജ്ജമാക്കിയ സ്ട്രോങ് മുറികളിലാണ് സൂക്ഷിക്കുന്നത്. വാേട്ടെണ്ണൽ വരെ, യന്ത്രങ്ങൾ അതിർത്തി രക്ഷാസേന (ബിഎസ്എഫ്), മലബാർ സ്പെഷൽ പൊലീസ് (എംഎസ്പി) എന്നിവരുടെ സുരക്ഷാ വലയത്തിൽ.
വോട്ടെടുപ്പ് നടത്തി 26ന് രാത്രി 9ന് നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിൽ നിന്ന് ആദ്യത്തെ യന്ത്രം, മറ്റു സാമഗ്രികൾ എന്നിവ സ്വീകരണ കേന്ദ്രങ്ങളിൽ എത്തി. നിലമ്പൂരിൽ 202, വണ്ടൂരിൽ 206 ബൂത്തുകൾ വീതമാണ്. അവസാനത്തെ യന്ത്രം എത്തിയപ്പോൾ അർധരാത്രിയായി.
നടപടികൾ പൂർത്തിയാക്കി സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മുറികൾ പൂട്ടി സീൽ ചെയ്തപ്പാേൾ പുലർച്ചെ 3 മണിയായി. ബിഎസ്എഫ് കമാൻഡാന്റിനെ താക്കാേൽ ഏൽപിച്ചു. ഏറനാട് മണ്ഡലത്തിലെ 165 ബൂത്തുകളിലെ യന്ത്രങ്ങൾ, സാമഗ്രികൾ എന്നിവ സ്വീകരണകേന്ദ്രമായ മഞ്ചേരി ചുള്ളക്കാട് ജിയുപിഎസിൽ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ മാർത്തോമ്മാ കോളജിലെ സ്ട്രോങ് മുറികളിലേക്ക് മാറ്റി സീൽ ചെയ്തു. 3 മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കോളജിലാണ്.
കനത്ത സുരക്ഷ
പഴുതുകൾ അടച്ച സുരക്ഷാ ക്രമീകരണമാണ് നിലമ്പൂരിൽ സ്കൂളിലും കോളജിലും ഒരുക്കിയത്. സ്ട്രോങ്മുറികൾക്ക് ബിഎസ്എഫ് കാവൽ നിൽക്കും. പുറമേ കോളജ്, സ്കൂൾ പരിസരത്ത് ചുറ്റിലും എംഎസ്പി കാവലുണ്ട്. കൂടാതെ 24 മണിക്കൂർ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തി. അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സദാ സമയവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
തന്റെ തൊപ്പി മതവേഷമല്ലെന്ന് സമദാനി
മലപ്പുറം ∙ തൊപ്പി വിവാദത്തിൽ പ്രതികരിച്ച് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി. ഇന്ത്യൻ ദേശീയതയുടെ ഭാഗമായ തൊപ്പിയാണ് താൻ ധരിക്കുന്നതെന്നും അത് മതവേഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ വസ്ത്രത്തിനും ചേരുന്നതനുസരിച്ച് തൊപ്പി ധരിച്ചും അല്ലാതെയുമൊക്കെ ഇറങ്ങാറുമുണ്ട്. തന്റെ വസ്ത്ര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണത്. ചിലയിടങ്ങളിൽ തൊപ്പി ധരിച്ചും മറ്റിടങ്ങളിൽ തൊപ്പിയില്ലാതെയുമാണ് സമദാനി പ്രചാരണം നടത്തിയതെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണക്ക് തെറ്റിച്ച് അധികൃതർ
പെരിന്തൽമണ്ണ∙ അധികൃതരുടെ കണക്കിൽ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് സ്കൂളിലെ 144–ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത് 20.12 ശതമാനം പേർ മാത്രം. ആകെയുള്ള 1386 വോട്ടർമാരിൽ 279 പേരാണ് വോട്ട് രേഖപ്പെടുത്തിയതെന്നാണ് പിആർഡി വഴി മാധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിനു നൽകിയ ഔദ്യോഗിക പോളിങ് കണക്കിൽ പറയുന്നത്. പോൾ മാനേജർ ആപ്പിലും രേഖപ്പെടുത്തിയത് ഈ കണക്ക് തന്നെ. അധികൃതർ പറയുന്ന കണക്ക് പ്രകാരം ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം ഇവിടെയാണ്.അതേ സമയം യഥാർഥത്തിൽ, 1386 വോട്ടർമാരിൽ 959 പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.
69.19 ശതമാനം പേർ. പോളിങ് ബൂത്തിലുണ്ടായിരുന്ന ബൂത്ത് ഏജന്റുമാർക്ക് ഇത് സംബന്ധിച്ച് കൃത്യമായ കണക്കാണ് നൽകിയിട്ടുള്ളത്.20.12 ശതമാനം തെറ്റായ കണക്കാണെന്നും പോൾ മാനേജർ ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴുണ്ടായ പിശകാണ് തെറ്റിദ്ധാരണയ്‌ക്ക് കാരണമെന്നും അസി.റിട്ടേണിങ് ഓഫിസറായ എൽആർ ഡപ്യൂട്ടി കലക്‌ടർ റോബി പറഞ്ഞു.
ഈ ബൂത്തുകളിൽ എന്തു സംഭവിച്ചു?
പൊന്നാനി മണ്ഡലം
ബൂത്ത് നമ്പർ 23, ഹംസിയ മദ്രസ, പൊന്നാനി
ആകെ വോട്ടർമാർ–1015
വോട്ട് ചെയ്തത്– 515
പോളിങ് ശതമാനം– 50.73
മുക്കാടി ഭാഗത്തെ ഈ ബൂത്ത് എൽഡിഎഫിന് സ്വാധീന മേഖലയാണ്. എന്നാൽ തങ്ങൾക്ക് അനുകൂലമായ വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് എൽഡിഎഫ് പറയുന്നത്. മുൻപ് യുഡിഎഫിനെ അനുകൂലിച്ചിരുന്ന ഒരു വിഭാഗം വോട്ടർമാർ മാറി നിന്നതാകാം പോളിങ് കുറയാനിടയാക്കിയതെന്നാണ് അവർ പറയുന്നത്. എന്നാൽ എൽഡിഎഫ് വോട്ടാണ് ചെയ്യാത്തതെന്ന് യുഡിഎഫ് പക്ഷം. എന്തു സംഭവിച്ചുവെന്നറിയാൻ ഫലം വരേണ്ടി വരും.
വയനാട് മണ്ഡലം
ബൂത്ത് നമ്പർ 151, ജിഎംഎൽപിഎസ് മുക്കട്ട
ആകെ വോട്ടർമാർ– 1392
വോട്ട് ചെയ്തത്–903
പോളിങ് ശതമാനം: 64.87
എൽഡിഎഫിന്റെ സ്വാധീനമേഖലയാണ്. നിലമ്പൂർ ബൈപാസിന്റെ ഇരകൾ വോട്ട് ബഹിഷ്കരിച്ചതാണ് ഇവിടെ പോളിങ്ങിനെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. ഭൂമി ഏറ്റെടുത്ത് 3 പതിറ്റാണ്ടായിട്ടും പണം നൽകാത്തതും വീട് അറ്റകുറ്റപ്പണിക്കും വിൽക്കാനും വാങ്ങാനുമൊക്കെ നേരിടുന്ന പ്രതിസന്ധികളും കാരണം വോട്ട് ബഹിഷ്കരിക്കാൻ ഇവിടെ ആഹ്വാനമുണ്ടായിരുന്നു. (ചോലനായ്ക്കർ അടക്കമുള്ള ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടുന്ന നെടുങ്കയം അമിനിറ്റി സെന്ററിലെ ബൂത്തിലാണ് മണ്ഡലത്തിലെ ഏറ്റവും കുറവ് പോളിങ്–61.82%)
മലപ്പുറം മണ്ഡലം
ബൂത്ത് നമ്പർ 103, മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
ആകെ വോട്ട് – 1404
ചെയ്ത വോട്ട് – 765
പോളിങ് ശതമാനം– 54.48
യുഡിഎഫ് സ്വാധീന മേഖലയാണ്. യു.എ.ലത്തീഫ് എംഎൽഎ, മഞ്ചേരി നഗരസഭാധ്യക്ഷ വി.എം.സുബൈദ എന്നിവരുടെ വോട്ടുള്ള ബൂത്താണിത്. യുഡിഎഫ് മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും പട്ടികയിൽനിന്ന് നീക്കാത്തതു കാരണമാണ് ബൂത്തിൽ പോളിങ് കുറഞ്ഞതെന്നാണ് യുഡിഎഫ് വിലയിരുത്തൽ. യുഡിഎഫ് ഇവിടെ കാര്യമായി പ്രചാരണം നടത്തിയിരുന്നില്ലെന്നും അവരുടെ വോട്ടാണ് രേഖപ്പെടുത്താത്തതെന്നുമാണ് എൽഡിഎഫ് വിശദീകരണം. മഞ്ചേരി മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രവും മണ്ഡലത്തിൽ ഭിന്നശേഷിക്കാർ നിയന്ത്രിച്ച ബൂത്തുമായിരുന്നു ഇത്.
പ്രതീക്ഷകൾ
മലപ്പുറം
▶ യുഡിഎഫ് : ജയം ഉറപ്പ്. ഭൂരിപക്ഷം 1.50 ലക്ഷം മുതൽ 2 ലക്ഷംവരെ
▶ എൽഡിഎഫ് : ജയിക്കും. അതു സംഭവിച്ചില്ലെങ്കിൽ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനാകും.
▶ എൻഡിഎ : മൂന്നിരട്ടിയെങ്കിലും വോട്ടു വർധന
പൊന്നാനി
▶ യുഡിഎഫ് : ജയം ഉറപ്പ്. ചുരുങ്ങിയ ഭൂരിപക്ഷം 80000. ഇത് 1.50 ലക്ഷം വരെയാകാം
▶ എൽഡിഎഫ് : ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജയം ഉറപ്പ്
▶ എൻഡിഎ : മികച്ച പ്രകടനം നടത്തും. വോട്ടു വിഹിതത്തിൽ ഗണ്യമായ വർധന