ADVERTISEMENT

പെരിന്തൽമണ്ണ ∙ ഉയരം കൂടിയ മാവിൽനിന്നു താഴേക്കു വീണപ്പോൾ തകർന്നത് 18 വയസ്സുകാരന്റെ നട്ടെല്ല് മാത്രമല്ല, ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങൾ കൂടിയായിരുന്നു. എന്നാൽ, വിധിയെ പഴിക്കാതെ സ്വപരിശ്രമത്തിലൂടെ തൊഴിൽ അഭ്യസിച്ച് നൂറുകണക്കിനു ഭിന്നശേഷിക്കാർക്ക് ജീവിതമാർഗം പകർന്നു നൽകിയ തൊഴിൽ പരിശീലകനാണ് ഇന്നു പെരിന്തൽമണ്ണ സ്വദേശി കിഴിശ്ശേരി സലീം (50). പെരിന്തൽമണ്ണ പിടിഎം ഗവ.കോളജിൽ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് കായികതാരം കൂടിയായ സലീമിന് അപകടമുണ്ടാകുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ചികിത്സ തേടി, ഫലമുണ്ടായില്ല. നട്ടെല്ലിന്റെ പരുക്കു ഗുരുതരമായതിനാൽ അരയ്‌ക്കു താഴെ പൂർണമായി തളർന്നു. 10 മാസത്തെ ചികിത്സയ്ക്കൊടുവിൽ യാത്ര വീൽചെയറിലായി.

കോഴിക്കോട് സഹകരണ ആശുപത്രിയിലെ അസോസിയേഷൻ ഫോർ റീഹാബിലിറ്റേഷൻ സെന്ററിൽ അന്തേവാസിയായി ചികിത്സ തുടർന്നു. ഒപ്പം തൊഴിൽ പരിശീലനവും. കുട, സോപ്പ്, എൽഇഡി ബൾബ്, മാറ്റ്, ശുചീകരണ ഉൽപന്നങ്ങൾ, സാനിറ്റൈസർ, മാസ്ക് എന്നിവയുടെ നിർമാണത്തിൽ വൈദഗ്ധ്യം നേടി നാട്ടിലെത്തിയ സലീം നഗരസഭയുടെ ഭിന്നശേഷിക്കാർക്കായുള്ള സാന്ത്വനം പദ്ധതിയിൽ അംഗമായി; വൈകാതെ അവരുടെ നേതാവും. താൻ പഠിച്ച തൊഴിലുകൾ ഭിന്നശേഷിക്കാരെ പരിശീലിപ്പിച്ചു. വിപണന സാധ്യതയുമൊരുക്കി. കഴിഞ്ഞ 30 വർഷത്തിനിടെ സലീം കൈത്തൊഴിൽ‍ പരിശീലിപ്പിച്ചത് 4200ൽ ഏറെ ഭിന്നശേഷിക്കാരെയാണ്.

പെരിന്തൽമണ്ണ നഗരസഭ മുൻകയ്യെടുത്ത് ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി 5 കോടി രൂപ ചെലവിൽ നിർമിച്ച സൈമൺ ബ്രിട്ടോ സ്മാരക മന്ദിരത്തിലെ 60 ഭിന്നശേഷിക്കാരുടെ നേതാവും പരിശീലകനുമാണ് സലീം കിഴിശ്ശേരി. ഭിന്നശേഷിക്കാരുടെ കലാവിഭാഗവും സജീവമാണ്. പാതായ്‌ക്കര എയുപി സ്‌കൂളിലെ അധ്യാപികയായ മാജിദയാണു ഭാര്യ.

English Summary:

This is the inspiring story of Kizhisseri Saleem, a man who transformed his life's tragedy into a beacon of hope for others. After a debilitating fall left him with a spinal injury, Saleem refused to give up. He dedicated himself to learning a trade and eventually established a vocational training center, empowering hundreds of differently-abled individuals in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com