പയ്യനാട് ഗവ. ഹോമിയോ ആശുപത്രിയിൽ കരിദിനം ആചരിച്ച് ജീവനക്കാർ
Mail This Article
മഞ്ചേരി ∙ പയ്യനാട് ഗവ. ഹോമിയോ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മുഹമ്മദലിയോട് ആശുപത്രി സൂപ്രണ്ട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് ആരോപിച്ച് ജീവനക്കാർ കരിദിനമാചരിച്ചു. മറ്റൊരു നവീനിനെ സൃഷ്ടിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ചു കൈകോർക്കാം എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.ആശുപത്രി വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കരിദിനാചണം. ജോലികൾക്കോ ചികിത്സയ്ക്കോ തടസ്സം വരാതെയാണ് ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചത്.
കുഴിമണ്ണ ഡിസ്പൻസറിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നഴ്സിങ് അസിസ്റ്റന്റിന് സാവകാശം നൽകാതെ സൂപ്രണ്ട് സ്ഥലംമാറ്റ ഉത്തരവ് പ്രാബല്യത്തിൽ വരുത്തിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. മാനസിക സംഘർഷത്തിലായ മുഹമ്മദലിയോട് സൂപ്രണ്ട് പരുഷമായാണ് പെരുമാറിയതെന്ന് ജീവനക്കാർ പറഞ്ഞു. ആശുപത്രി സേവനങ്ങൾക്ക് ഈടാക്കുന്ന പണം വ്യാജരേഖയുണ്ടാക്കി ഗൂഗിൾ പേ വഴി തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം നേരിടുന്ന ക്ലാർക്കിന്റെയും സൂപ്രണ്ടിന്റെയും പ്രതികാര നടപടിയുടെ ഇരയാണ് മുഹമ്മദലിയെന്ന് ജീവനക്കാർ പറഞ്ഞു. ഫാർമസിസ്റ്റ് സഞ്ജീവ് ആധ്യക്ഷ്യം വഹിച്ചു. ഡോ.സുജിത്ത് രാജ്, കെജിഎച്ച്പിഒ സംസ്ഥാന സെക്രട്ടറി കെ.സജീഷ്, ഗോപാലകൃഷ്ണൻ, അബ്ദുൽ ജലീൽ, പ്രജിഷ, അഞ്ജു എന്നിവർ പ്രസംഗിച്ചു.
പോരിൽ ചികിത്സ മുടങ്ങരുതെന്ന് നഗരസഭ
മഞ്ചേരി ∙ പയ്യനാട് ഹോമിയോ ആശുപത്രിയിൽ ക്രമക്കേട് കാണിച്ച ജീവനക്കാരനെ ജോലിയിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. രാഷ്ട്രീയം കളിച്ച് ആശുപത്രിയിയിൽ ചികിത്സയെ ബാധിക്കുന്ന നടപടികൾ അംഗീകരിക്കില്ല. ജീവനക്കാരുടെ പോര് രോഗികളെ ബാധിക്കുന്നതിനെതിരെ ഹോമിയോ വകുപ്പ് നടപടി സ്വീകരിക്കണം. ജില്ലാ മെഡിക്കൽ ഓഫിസറും ഹോമിയോ വകുപ്പ് ഡയറക്ടറേറ്റ് അധികൃതരും വിഷയം മനസ്സിലാക്കിയിട്ടും ഫലപ്രദമായി ഇടപെടുന്നില്ല. വി.എം.സുബൈദ ആധ്യക്ഷ്യം വഹിച്ചു. വി.പി.ഫിറോസ്, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ റഹീം പുതുക്കൊള്ളി, മരുന്നൻ മുഹമ്മദ്, മരുന്നൻ സാജിദ് ബാബു എന്നിവർ പ്രസംഗിച്ചു.