കലാമാമാങ്കത്തിന് വേദികൾ ഒരുങ്ങുന്നു
Mail This Article
കോട്ടയ്ക്കൽ∙ റവന്യൂ ജില്ലാ സ്കൂൾ കലാമാമാങ്കത്തിന് കേളി കൊട്ടുയരാൻ ഇനി ദിവസങ്ങൾ മാത്രം. 26 മുതൽ 30വരെ കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണു മത്സരം. വേദികളുടെ നിർമാണം ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പുരോഗമിക്കുന്നു. പ്രധാനവേദിയടക്കം 19 വേദികളിലാണ് മത്സരം നടക്കുക. 600 പേർക്ക് ഇരിക്കാവുന്ന പ്രധാനവേദിയുടെ സീലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. സൗകര്യപ്രദമായി മത്സരം കാണാനാകുന്ന ക്രമീകരണങ്ങളാണ് ഓരോ വേദിയിലും സജ്ജീകരിക്കുന്നതെന്ന് സ്റ്റേജ് നിർമാണ കമ്മിറ്റി ചെയർപഴ്സനും ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയുമായ ആലിപ്പറ്റ ജമീലയും പ്രോഗ്രാം കൺവീനറും കെപിഎസ്ടിഎ ജില്ലാ സെക്രട്ടറിയുമായ വി.രഞ്ജിത്തും അറിയിച്ചു.
ഓവറോൾ ചാംപ്യൻഷിപ് നേടുന്ന ഉപജില്ലയ്ക്കുള്ള ട്രോഫി നിർമാണം പൂർത്തിയായി. 25ന് ഡിഡിഇ കെ.പി.രമേശഷ് കുമാർ ട്രോഫി ഏറ്റുവാങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഉപജില്ലയ്ക്കു നൽകുന്ന ഓവറോൾ ട്രോഫി സംസ്ഥാനത്തുതന്നെ ആദ്യമാണ്. ഷിബു സിഗ്നേച്ചർ ആണ് ട്രോഫി നിർമിച്ചത്. 1200 വ്യക്തിഗത ട്രോഫികളും 27 റോളിങ് ട്രോഫികളും തയാറാക്കിയിട്ടുണ്ട്.യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ജനറൽ, സംസ്കൃതം, അറബിക് എന്നീ വിഭാഗങ്ങളിൽ ഓവറോൾ പോയിന്റു നേടുന്ന ഉപജില്ലകൾക്കും, സ്കൂളുകൾക്കുമാണ് ഓവറോൾ ട്രോഫികൾ ഉള്ളത്. ഓരോ ഇനത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്ന കുട്ടികൾക്കു വ്യക്തിഗത ട്രോഫികളുമുണ്ട്.
ഫയലുകൾ കോട്ടൂർ വക
കോട്ടയ്ക്കൽ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിധികർത്താക്കൾക്കായി കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നിർമിച്ച ഫയലുകൾ കൈമാറി. ഡിഡിഇ കെ.പി.രമേഷ്കുമാർ ഏറ്റുവാങ്ങി. കെ.കെ.സൈബുന്നീസ, ബിസി ജിസ്മത്ത്, മജീദ് കാടേങ്ങൽ, റാഫി തൊണ്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ജനശക്തി നൽകും 100 ട്രോഫികൾ
കോട്ടയ്ക്കൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള 100 ട്രോഫികൾ ജനശക്തി സൗജന്യമായി നൽകും. വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ചു വിജയിക്കുന്ന വിദ്യാർഥികൾക്കാണ് യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മ സമ്മാനങ്ങൾ നൽകുന്നത്.സംഘടനാ ഭാരവാഹികൾ ഇതുസംബന്ധിച്ച തീരുമാനം കലോത്സവത്തിന്റെ സംഘാടക സമിതി ഭാരവാഹികളെ അറിയിച്ചു.അടുത്തദിവസം ആവശ്യമായ തുക കൈമാറും.സംഘടനയ്ക്കു കീഴിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് നിർധന കുടുംബങ്ങൾക്കു വീടുനിർമാണം അടക്കമുള്ള ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്.ബാലകൃഷ്ണൻ പള്ളിയാൽ (പ്രസി.), കെ.നൗഷാദ് (സെക്ര.), ജയൻ പൊറ്റേക്കാട്ട് (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.