കെട്ടിടത്തിന്റെ തറ നികത്താൻ മാലിന്യമെന്നു പരാതി; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
Mail This Article
തിരൂർ ∙ ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറ നികത്താൻ ടൺ കണക്കിനു പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ എത്തിച്ചെന്നു നാട്ടുകാരുടെ പരാതി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് 10 ലോഡിലേറെ മാലിന്യം ഇവിടെയെത്തിച്ചത്.സംഭവം ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ സ്ഥലത്ത് തടിച്ചു കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു.ചമ്രവട്ടത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിനു വേണ്ടിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇവിടെ തറയുടെ പണികൾ നടക്കുകയാണ്.തറ നികത്താനാണ് മാലിന്യം എത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു.മാലിന്യം മണ്ണിനടിയിൽ ഇട്ടു നികത്താൻ സമ്മതിക്കില്ലെന്ന് പ്രദേശത്തെത്തിയ യുഡിഎഫ് നേതാക്കൾ പറഞ്ഞു.
എത്രയും വേഗം ഇത് എടുത്തു മാറ്റിയില്ലെങ്കിൽ സമരം തുടങ്ങുമെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ തൃപ്രങ്ങോട് പഞ്ചായത്തിന്റെ പരപ്പേരിയിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തിൽ പണി നടക്കുന്നതിനാൽ, അവിടെ എത്തിക്കേണ്ട മാലിന്യം താൽക്കാലികമായി കെട്ടിടം പണി നടക്കുന്ന സ്ഥലത്ത് എത്തിച്ചതാണെന്നാണു പഞ്ചായത്ത് നൽകുന്ന വിശദീകരണം.ഇവിടെയെത്തിച്ച മാലിന്യം ഇന്ന് ഹരിതകർമസേനക്കാരെത്തി തരംതിരിച്ച് മാറ്റുമെന്നും അത് തറ തൂർക്കാനുള്ളതല്ലെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.