തെരുവുകച്ചവടക്കാർ പ്രതിഷേധിച്ചെത്തി; വെള്ളിയാഴ്ച മാർക്കറ്റ് ഒഴിപ്പിക്കൽ നടന്നില്ല
Mail This Article
തിരൂർ ∙ ഗൾഫ് മാർക്കറ്റിലെ വെള്ളിയാഴ്ച മാർക്കറ്റ് തെരുവു കച്ചവടക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ഒഴിപ്പിക്കാൻ സാധിച്ചില്ല. പകരം കച്ചവടക്കാരുടെ കണക്കെടുത്ത് നഗരസഭ ജീവനക്കാർ മടങ്ങി. ഇന്നലെ രാവിലെ തന്നെ ഗൾഫ് മാർക്കറ്റ് റോഡിൽ തെരുവു കച്ചവടക്കാർ സ്ഥാനം പിടിച്ചിരുന്നു. ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥരെത്തുകയും ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു.
കൗൺസിൽ തീരുമാനപ്രകാരമാണ് ഒഴിയാൻ ആവശ്യപ്പെടുന്നതെന്ന് അറിയിച്ച ഉദ്യോഗസ്ഥരോട് തീരുമാനത്തിന്റെ രേഖ കാണിക്കാൻ തെരുവു കച്ചവടക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഉദ്യോഗസ്ഥർക്ക് ഇതിനു സാധിച്ചില്ല. ഇതോടെ പ്രതിഷേധമുണ്ടാകുകയും ഒഴിപ്പിക്കൽ നടപടിയിൽ നിന്ന് ഉദ്യോഗസ്ഥർ പിൻവാങ്ങുകയുമായിരുന്നു. പകരം ഇവിടെയുള്ള കച്ചവടക്കാരുടെ പേരും വിവരങ്ങളും ഫോൺ നമ്പറും എഴുതി വാങ്ങി ഉദ്യോഗസ്ഥർ മടങ്ങി.
വെള്ളിയാഴ്ച അവധി ഒഴിവാക്കി ഗൾഫ് മാർക്കറ്റ് എല്ലാ ദിവസവും പ്രവർത്തിപ്പിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവും ഇവിടെയുണ്ടായിരുന്ന വ്യാപാരികൾ ആവശ്യപ്പെട്ടു. ഇതിനിടെ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ചേംബർ ഓഫ് കൊമേഴ്സ് രംഗത്തെത്തി. നഗരസഭയിലെത്തിയ നേതാക്കൾ ഉപാധ്യക്ഷനുമായും സെക്രട്ടറിയുമായും ചർച്ച നടത്തുകയും ചെയ്തു.
ഗൾഫ് മാർക്കറ്റിലെ വെള്ളിയാഴ്ച മാർക്കറ്റിൽ കച്ചവടം ചെയ്യുന്നവരിൽ നിന്ന് ചിലർ സ്ഥലവാടക പിരിക്കുന്നുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ചയോടെ ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതായി വ്യാപാരികൾ പറഞ്ഞു. നടന്നില്ലെങ്കിൽ വെള്ളിയാഴ്ച ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുൻപിൽ തെരുവുകച്ചവടം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.