ഒരു പകൽ മുഴുവൻ കുരുക്കിൽ മേലാറ്റൂർ; കാരണം, പട്ടിക്കാട് മുതൽ ആക്കപറമ്പ് വരെ ഗതാഗതം നിയന്ത്രിച്ചത്
Mail This Article
മേലാറ്റൂർ ∙ ഒരു പകൽ മുഴുവനും ഗതാഗതക്കുരിക്കിൽ അമർന്നു മേലാറ്റൂർ അങ്ങാടി. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി വരെ നീണ്ടു. പട്ടിക്കാട് വടപുറം സംസ്ഥാന പാതയിൽ പട്ടിക്കാട് മുതൽ ആക്കപറമ്പ് വരെ പാത നവീകരണത്തെ തുടർന്നു ഗതാഗതം നിരോധിച്ചിരുന്നു. അതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് മേലാറ്റൂർ റൂട്ട് തിരഞ്ഞെടുത്തതാണു ഗതാഗതക്കുരുക്കിനു കാരണമായത്.
ചെമ്മാണിയോട് ബൈപാസ് റോഡിലും കരുവാരകുണ്ട് റോഡിലെ പഴയ സിനിമാ തിയറ്റർപടി വരെയും മണ്ണാർക്കാട് റോഡിൽ വ്യാപാരഭവൻ വരെയും മേലാറ്റൂർ റെയിൽവേ ഗേറ്റ് അങ്ങാടി വരെയും രാവിലെ 10ന് തുടങ്ങിയ വാഹനത്തിരക്ക് ഒഴിഞ്ഞ സമയമില്ലായിരുന്നു.ചില സമയത്ത് ഗതാഗതം നിശ്ചലമായി.മേലാറ്റൂർ റെയിൽവേ ഗേറ്റ് പല തവണകളായി അടച്ചു തുറക്കുന്നതോടെ കുരുക്ക് ഇരട്ടിയായി മാറി.
ജംക്‌ഷനിൽ ആദ്യം ടാക്സി ഡ്രൈവർമാർ ട്രാഫിക് നിയന്ത്രിക്കാനിറങ്ങി. പിന്നീട് പൊലീസും രംഗത്തിറങ്ങി. ഗതാഗതക്കുരുക്ക് പലപ്പോഴും നീണ്ടതിനാൽ ഇതുവഴി ഓടുന്ന മിക്ക സ്വകാര്യ ബന്ധുകളുടെയും സമയം താളംതെറ്റി. ഇതിനെ തുടർന്നു ചില ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ പോയതിനാൽ യാത്രക്കാരും കുടുങ്ങി. ട്രെയിനിനു പോകേണ്ട ചിലരും യഥാസമയം റെയിൽവേ സ്‌റ്റേഷനിലെത്താൻ കഴിയാത്തതിനാൽ യാത്ര മുടങ്ങി. പാലക്കാട് - കോഴിക്കോട് കുറുക്കുവഴിയായതിനാൽ മിക്ക ചരക്കു ലോറികളുടെ സഞ്ചാരവും മേലാറ്റൂർ വഴിയാണ്.