ADVERTISEMENT

കോട്ടയ്ക്കൽ ∙ ആയുർവേദത്തിന്റെ നാട്ടിലെ പഞ്ചദിന പോരാട്ടത്തിൽ ജില്ലാ കലോത്സവ ഓവറോൾ ചാംപ്യൻഷിപ് അട്ടിമറി നേട്ടത്തോടെ മലപ്പുറം ഉപജില്ലയ്ക്ക്. 854 പോയിന്റോടെയാണ് ഉപജില്ല ഒന്നാമതെത്തിയത്. 836 പോയിന്റുമായി മങ്കട രണ്ടാം സ്ഥാനവും 833 പോയിന്റുമായി വേങ്ങര മൂന്നാം സ്ഥാനത്തുമാണ്. 827 പോയിന്റ് നേടിയ നിലമ്പൂർ നാലാം സ്ഥാനവും 816 പോയിന്റ് നേടിയ കൊണ്ടോട്ടി അഞ്ചാം സ്ഥാനവും നേടി.

സ്കൂളുകളിൽ പൂക്കൊളത്തൂർ
സ്കൂളുകളിൽ 237 പോയിന്റോടെ പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് ഓവറോൾ ചാംപ്യൻമാർ. 231 പോയിന്റ് നേടിയ മേലാറ്റൂർ ആർഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനവും 210 പോയിന്റോടെ എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ് (192) നാലാം സ്ഥാനത്തും  കൊട്ടുക്കര പിപിഎംഎച്ച്എസ്എസ് (190) അ‍ഞ്ചാം സ്ഥാനത്തുമാണ്. 

ചാംപ്യൻമാർ യുപി വിഭാഗം
ഉപജില്ല: 1. പെരിന്തൽമണ്ണ (174), 2. തിരൂർ, പരപ്പനങ്ങാടി (171 വീതം), 3. മഞ്ചേരി (169)സ്കൂൾ: 1. അരിയല്ലൂർ ജിയുപിഎസ്, മേലാറ്റൂർ ആർഎംഎച്ച്എസ്എസ് (50), 2. പൊന്നാനി വിജയമാതാ ഇഎംഎച്ച്എസ്എസ് (45), 3. അയ്യായ എഎംയുപിഎസ് (43)
ഹൈസ്കൂൾ ഉപജില്ല: 1. മങ്കട (364), 2. മലപ്പുറം (353), 3. മഞ്ചേരി (352) സ്കൂൾ: 1. പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് (150), 2. മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ് (114), 3. തെയ്യാലിങ്ങൽ എസ്എസ്എച്ച്എസ്എസ് (99)

അടുത്ത സംസ്ഥാന കലോത്സവം മലപ്പുറത്താക്കാൻ ശ്രമിക്കുമെന്നു മന്ത്രി
കോട്ടയ്ക്കൽ ∙ അടുത്ത സംസ്ഥാന കലോത്സവം മലപ്പുറം ജില്ലയിലാകുമോ? ശ്രമിക്കാമെന്ന സൂചന നൽകി മന്ത്രി വി.അബ്ദുറഹിമാൻ. ഇന്നലെ ജില്ലാ കലോത്സവത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെ 2026ലെ കലോത്സവം മലപ്പുറത്തേക്കെത്തിക്കുന്ന കാര്യം മന്ത്രി ശിവൻകുട്ടിയുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അധ്യക്ഷപ്രസംഗത്തിനിടെ ആബിദ് ഹുസൈൻ തങ്ങൾ അടുത്ത സംസ്ഥാന കലോത്സവം കോട്ടയ്ക്കലിൽ വേണമെന്ന ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രിയുടെ പരാമർശം.

പി.സച്ചിൻ
പി.സച്ചിൻ

സച്ചിന് ഡബിൾ
∙ ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യത്തിനു പുറമേ, കുച്ചിപ്പുഡിയിലും ഒന്നാം സ്ഥാനം നേടി പി.സച്ചിൻ സുനിൽ. കഴിഞ്ഞവർഷം കുച്ചിപ്പുഡി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണ നാടോടിനൃത്തത്തിനു രണ്ടാമതായിപ്പോയി എന്ന സങ്കടമുണ്ട് സച്ചിന്. മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. കലാക്ഷേത്ര അമൽനാഥാണ് ഗുരു. കൂട്ടിലങ്ങാടി സ്വദേശികളായ പി.സുനിൽകുമാർ, കെ.കെ.നിഷ ദമ്പതികളുടെ മകനാണ്.

അഭിന മനോജും അഷിന മനോജും
അഭിന മനോജും അഷിന മനോജും

ഇരട്ടസന്തോഷം
∙ ഇരട്ട സഹോദരി അഭിന മനോജ് കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അഷിന മനോജ് കാഴ്ചക്കാരിയായിരുന്നു. ഇത്തവണ രണ്ടുപേരും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയതിന്റെ സന്തോഷത്തിലും. ചെറുകുളമ്പ് ഐകെടിഎച്ച്എസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇവർ. അഭിന സംസ്കൃതം നാടകത്തിലും അഷിന സംസ്കൃതം സംഘഗാനത്തിലുമാണ് സംസ്ഥാനതലത്തിലേക്കു യോഗ്യത നേടിയത്.

എച്ച്എസ് വിഭാഗം കോൽക്കളി (കോട്ടൂർ എകെഎം എച്ച്എസ്എസ്)
എച്ച്എസ് വിഭാഗം കോൽക്കളി (കോട്ടൂർ എകെഎം എച്ച്എസ്എസ്)

(തൃ)കോട്ടൂർ പെരുമ
‘പൂങ്കമർ’ എന്ന പുതിയ ചുവടുമായി കോൽത്താളം മുഴക്കി കോൽക്കളിയിലെ കോട്ടൂർ പെരുമ തിരിച്ചുപിടിച്ച് എകെഎംഎച്ച്എസ്എസ്. ഹൈസ്കൂൾ വിഭാഗം കോൽക്കളി‌ മത്സരത്തിലാണ് 3 വർഷം മുൻപ് നഷ്ടമായ വിജയം തിരിച്ചെടുത്തത്. ഷബ്‍ലാൻ, സി.കെ.അഷ്മിൽ എന്നിവരാണു ടീം ലീഡർമാർ. മഹ്റൂഫ് കോട്ടയ്ക്കൽ ആണു പരീശീലകൻ. രചനയും സംവിധാനവും നിർവഹിച്ചത് ഷംസാദ് എടരിക്കോടാണ്.

എച്ച്എസ്എസ് ഇരുളനൃത്തം (ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസ്)
എച്ച്എസ്എസ് ഇരുളനൃത്തം (ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസ്)

ആദിത്യനും കുട്ട്യോളും...ഒരു തകർപ്പൻ വിജയഗാഥ
∙കലോത്സവത്തിൽ ആദ്യമായെത്തിയ ഇരുളനൃത്തം പഠിപ്പിക്കാൻ ആളെക്കിട്ടാത്തതു കൊണ്ട് യുട്യൂബിനെ ഗുരുവായിക്കണ്ടാണ് ഈ പിള്ളേർ ഉപജില്ല കടന്നത്. ജില്ലാതലത്തിൽ പരിശീലകനെത്തേടിയുള്ള അന്വേഷണമെത്തിയത് അട്ടപ്പാടി സ്വദേശി ആദിത്യൻ എന്ന പ്ലസ്‌ടു വിദ്യാർഥിയിൽ. അവനും മാതാപിതാക്കളായ ശോഭയും പഴനിസ്വാമിയും ചേർന്ന കുടുംബം നൽകിയ ‘ക്രാഷ് കോഴ്സ്’ ഫലിച്ചു. ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ ഒന്നാമത്. ഇരുള വിഭാഗത്തിൽനിന്നുള്ള ആദിത്യനും കുടുംബത്തിനും തങ്ങളുടെ തനത് കലാരൂപത്തിലെ മലപ്പുറം വിജയഗാഥ കൂടിയായി ഇത്.

ആടുജീവിതം (ഫീമെയിൽ വേർഷൻ)
∙നജീബും അർബാബുമൊക്കെയായി പെൺകുട്ടികൾ. ആടുകളും ഒട്ടകങ്ങളുമൊക്കെയായി അവർ ബെന്യാമിന്റെ ‘ആടുജീവിതം’ നോവൽ പകർന്നാടിയപ്പോൾ കൂടെപ്പോന്നത് മൂകാഭിനയത്തിലെ ഒന്നാം സമ്മാനം. ഹയർസെക്കൻഡറി വിഭാഗം മത്സരത്തിലാണ് പെൺകുട്ടികളെ മാത്രം ഉൾപ്പെടുത്തി കോട്ടൂർ എകെഎംഎച്ച്എസ്എസ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. 

ടീമംഗങ്ങളിലെ സൻഹ എന്ന കുട്ടിയാകട്ടെ 3 ദിവസം മുൻപ് പരിശീലനത്തിനിടെ കാൽവിരലിനേറ്റ പരുക്കിന്റെ വേദന വകവയ്ക്കാതെയാണ് വേദിയിൽ തകർത്താടിയത്. കലാഭവൻ സുമേഷ് തയാറാക്കിയ തിരക്കഥയിൽ ദർഷിത് സുധീഷ്, ദിൻഷാദ്, വൈഷ്ണവ്, സൗരവ് എന്നിവരാണ് ഈ ഓൾ ഗേൾസ് ടീമിനെ പരിശീലിപ്പിച്ചത്.

കഥയ്ക്കുമപ്പുറം
∙ കഥയെഴുത്തിനെക്കുറിച്ചെഴുതിയ കഥയ്ക്കു സമ്മാനം കിട്ടിയ പോലെയാണ് എസ്.ശ്രീലക്ഷ്മിയുടെ മോണോആക്ട് മത്സരത്തിലെ വിജയം. മോണോ ആക്ടിനു വിഷയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള മോണോആക്ടാണ് ശ്രീലക്ഷ്മി അവതരിപ്പിച്ചത്. കലോത്സവത്തിൽ അവതരിപ്പിക്കാൻ മോണോആക്ടിനു പറ്റിയ വിഷയം ആലോചിക്കുന്ന കുട്ടിയായാണ് ശ്രീലക്ഷ്മി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ദുരന്തകഥ അവതരിപ്പിച്ചാൽ അതു വീണ്ടും സദസ്യരെ വിഷമിപ്പിക്കും. ഒടുവിൽ ഒരു കഥയും വേണ്ടെന്നുവച്ച് മോണോആക്ട് തന്നെ അവസാനിപ്പിച്ച് മടങ്ങുന്ന കുട്ടിയായി ശ്രീലക്ഷ്മി വേദിയിൽ നിറഞ്ഞപ്പോൾ ഹൈസ്കൂൾ വിഭാഗത്തിലെ ഒന്നാം സമ്മാനം കൂടെപ്പോന്നു.  ചേറൂർ പിപിടിഎം വൈഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. ശ്യാംബാബു തൃക്കുളമാണു ഗുരു. കൊട്ടാരക്കര സ്വദേശി എച്ച്.ശ്രീജിത്തിന്റെയും അധ്യാപികയായ സനിതയുടെയും മകളാണ്.

ഹല്ലാ ബോൽ
∙ സഫ്ദർ ഹാഷ്മിയുടെ കഥയുമായെത്തിയ കൊളത്തൂർ നാഷനൽ ഹയർസെക്കൻഡറി സ്കൂളിന് ഹയർസെക്കൻഡറി വിഭാഗം നാടകത്തിൽ ഒന്നാം സ്ഥാനം. സഫ്ദർ ആയി അഭിനയിച്ച കെ.ടി.ഫഹ്മി മികച്ച നടിയായപ്പോൾ നാടകത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച എൻ.നിവേദ് കൃഷ്ണൻ മികച്ച നടനുള്ള പുരസ്കാരവും നേടി. കഴിഞ്ഞവർഷം ജില്ലയിൽ രണ്ടാം സ്ഥാനമാണു ലഭിച്ചത്. അത് ഇത്തവണ ഒന്നാം സ്ഥാനമാക്കുകയായിരുന്നു കൊളത്തൂർ സ്കൂൾ. ഹരിലാൽ ബത്തേരി രചിച്ച നാടകം സംവിധാനം ചെയ്തത് പരപ്പനങ്ങാടി സ്വദേശിയായ നിരഞ്ജൻ നീരുവാണ്. 

ആൻ മരിയ അജിൻ
ആൻ മരിയ അജിൻ

‘മാന്യസദസ്സിന് വന്ദനം’
ഇത് പ്രസംഗത്തുടക്കത്തിലെ വാചകങ്ങൾ മാത്രമല്ല, ആൻ മരിയ അജിൻ എഴുതിയ പുസ്തകത്തിന്റെ പേരുകൂടിയാണ്. വിവിധയിടങ്ങളിലെ തന്റെ പ്രസംഗഭാഗങ്ങൾ ഉൾപ്പെടുത്തി അങ്ങനെയൊരു പുസ്തകമിറക്കിയ ഈ പ്ലസ്‌വൺ വിദ്യാർഥി ചില്ലറക്കാരിയല്ല. ഇന്നലെയും പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ ജില്ലാ കലോത്സവത്തിൽ ഈയിനത്തിൽ ഹാട്രിക് വിജയമായി. 2 വർഷമായി സംസ്ഥാന കലോത്സവത്തിലെ പ്രസംഗവിജയിയാണ്. സംസ്ഥാന ശാസ്ത്രേത്സവം, സഹകരണ വാരാഘോഷം, വനം–വന്യജീവി വാരാഘോഷം, കഴിഞ്ഞവർഷത്തെ ബാലജനസഖ്യം മലബാർ മേഖലാ പ്രസംഗ മത്സരം എന്നിവയിലെയും ജേതാവാണ്. പാലേമാട് എസ്‌വിഎച്ച്എസ്എസ് വിദ്യാർഥിയും നിലമ്പൂരിലെ അധ്യാപക ദമ്പതികളായ അജിൻ പോളിന്റെയും നയനയുടെയും മകളുമാണ്.

പി.അഭിമന്യു
പി.അഭിമന്യു

അഭിമന്യു വന്നു, കളിച്ചു,കീഴടക്കി
കോട്ടയ്ക്കൽ∙  ഒരു മാസം മുൻപ് ചേർന്ന സ്കൂളിനായി 3 പ്രധാന നൃത്തയിനങ്ങളിൽ ഒന്നാം സമ്മാനം നേടി അഭിമന്യുവിന്റെ സമർപ്പണം. ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, കുച്ചിപ്പുഡി, ഭരതനാട്യം എന്നീ ഇനങ്ങളിലാണ് പൂക്കോട്ടൂർ ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ പി.അഭിമന്യു ഒന്നാം സ്ഥാനം നേടിയത്. 

കഴിഞ്ഞ മാസമാണ് അഭിമന്യു പൂക്കോട്ടൂർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായി എത്തിയത്. ചേച്ചി അഭിരാമിയുടെ  നൃത്തങ്ങൾ വിഡിയോ റെക്കോർഡ് ചെയ്ത് കണ്ടാണ് അഭിമന്യു നൃത്തത്തിലേക്കു വന്നത്. കൂലിപ്പണിക്കാരാനായ പിതാവ് രാമചന്ദ്രനും മാതാവ് രാധാമണിയും സ്കൂൾ അധ്യാപകരും നൽകിയ അകമഴിഞ്ഞ പിന്തുണയാണ് നേട്ടത്തിനു പിന്നിലെന്ന് അഭിമന്യു പറഞ്ഞു.

എച്ച്എസ് സംസ്കൃത നാടകം ഒന്നാം സ്ഥാനം നേടിയ ചെറുകുളമ്പ ഐകെടിഎച്ച്എസ്എസ് ടീം.
എച്ച്എസ് സംസ്കൃത നാടകം ഒന്നാം സ്ഥാനം നേടിയ ചെറുകുളമ്പ ഐകെടിഎച്ച്എസ്എസ് ടീം.

ഹാട്രിക്  ചെറുകുളമ്പ്
∙ ഹൈസ്കൂൾ സംസ്കൃത നാടകത്തിൽ ഹാട്രിക് നേട്ടവുമായി ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസ്. തുർച്ചയായി മൂന്നാംതവണയാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്. സ്കൂളിലെ സംസ്കൃത അധ്യാപകനായ വിഷ്ണു നാരായണന്റെ നേതൃത്വത്തിലാണ് നാടകം ഒരുക്കിയത്. ചെറുകുളമ്പ് സ്കൂളിൽനിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ ഇത്തവണ 5 സംസ്കൃത ഇനങ്ങൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഉപന്യാസ രചന, പ്രഭാഷണം, അപ്പീൽ വഴി എത്തിയ പദ്യം ചൊല്ലൽ, സംഘഗാനം, നാടകം എന്നിവ.

English Summary:

The Education Minister has expressed openness to holding the 2026 State School Arts Festival in Malappuram. This comes after a request to consider Kottakkal as the venue for the prestigious cultural event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com