നേർച്ചയ്ക്കെത്തിച്ച ആനകളെ കാണാൻ ‘ആരാധകരുടെ’ തിരക്ക്
Mail This Article
തിരൂർ∙ പുതിയങ്ങാടി നേർച്ചയ്ക്കാണ് തിരൂരിലൊരു ആനപ്പറമ്പുണ്ടാകുന്നത്. ഇന്നലെ ഇത് താഴേപ്പാലം ബൈപാസിലായിരുന്നു. 10 ആനകളെയാണ് ഇവിടെ തളച്ചിരുന്നത്. നേർച്ച തുടങ്ങിയാൽ പിന്നെ തെരുവിലെല്ലാം ആൾക്കൂട്ടത്തിന്റെ ബഹളമാണ്. ആനപ്രേമികളുടെ നീണ്ട നിര തന്നെ ഇവിടെ രൂപപ്പെട്ടു. ആനകളുടെ പേരുകൾ അന്വേഷിച്ചും അവയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും വൻ പടയെത്തിയതോടെ സംഘാടകർക്കും തലവേദനയായി. കുട്ടികളും സ്ത്രീകളുമെല്ലാം ആനകളെ കാണാൻ ഇവിടെയെത്തിയിരുന്നു.
ഇത്രയധികം ആനകളെ തിരൂരുകാർ ഒന്നിച്ചുകാണുന്നതു നേർച്ചയ്ക്കു മാത്രമാണ്. പലരും നേർച്ച കൊടിയേറ്റം കാണുന്ന അതേ പ്രാധാന്യമാണ് ആനപ്പറമ്പിലെത്തി ആനകളെ കാണുന്നതിനും നൽകുന്നത്. ഇവിടെ ആളു കൂടുമെന്ന ഉറപ്പുള്ളതിനാൽ ഒട്ടേറെ അതിഥിത്തൊഴിലാളികൾ കളിപ്പാട്ടങ്ങളുമായി വിൽപനയ്ക്ക് എത്തുന്നതും പതിവാണ്. നേർച്ചയുടെ ഘോഷയാത്ര തുടങ്ങിയാൽ മുന്നിൽ നടന്നുനീങ്ങുന്ന ആളുകളെയും കലാരൂപങ്ങളും കാണുന്നതിനൊപ്പംതന്നെ ആനകളെ കാണാനും റോഡിന്റെ ഇരുവശത്തും കൂടിനിൽക്കുന്നവർ ഏറെയാണ്. തിരൂർ മുതൽ പൂഴികുന്ന് വരെയുള്ള കെട്ടിടങ്ങൾക്കെല്ലാം മുകളിൽ സ്ത്രീകളും കുട്ടികളും ഉച്ചയോടെതന്നെ സ്ഥാനം പിടിച്ചിരുന്നു.