കൺതുറന്നു നക്ഷത്രവിളക്കുകൾ
Mail This Article
മുംബൈ∙ ക്രിസ്മസ് നോമ്പിലേക്കു പ്രവേശിച്ച വിശ്വാസികൾക്ക് ഇനി ഒരുക്കത്തിന്റെ കാലം. പ്രാർഥനയും പരിത്യാഗ പ്രവർത്തനങ്ങളുമായി ജീവിതത്തിൽ നോമ്പിന്റെ ചൈതന്യം നിറയുന്ന ദിവസങ്ങളാണു ഇനി കടന്നുപോകുക. ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം ഈയിടെയാണ് ദേവാലയങ്ങൾ വീണ്ടും തുറന്നത്. കോവിഡിനെതിരെയുള്ള മുൻകരുതലുകൾ പാലിച്ചുകൊണ്ട് സമൂഹ കുർബാനകളും ദേവാലയങ്ങളിൽ നടക്കുന്നു. ക്രിസ്മസ് ശുശ്രൂഷകളുടെ തയാറെടുപ്പും ഇടവകയിൽ ആലോചിച്ചു തുടങ്ങിയെന്ന് വിരാർ ഈസ്റ്റ് നിവാസി ഉലഹന്നാൻ ജേക്കബ് പറഞ്ഞു. പല ഹൗസിങ് സൊസൈറ്റികളിലും പ്രവേശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ കാരൾ യാത്രകൾ നടക്കുമോ എന്നുറപ്പില്ല.
ഉഷാറാകുന്നു ക്രിസ്മസ് വിപണി
നഗരത്തിലെ ക്രഫോർഡ് മാർക്കറ്റ് അടക്കമുള്ള വ്യാപാര കേന്ദ്രങ്ങളിൽ നക്ഷത്ര വിളക്കുകളും അലങ്കാര വസ്തുക്കളും ഇടം പിടിച്ചിട്ടുണ്ട്. ക്രിസ്മസിനോട് അടുത്തു വരുന്ന ദിവസങ്ങളിൽ സ്റ്റാർ തൂക്കുന്നതാണ് തദ്ദേശീയരുടെ രീതി. എന്നാൽ ഡിസംബർ ആദ്യവാരത്തിൽ തന്നെ മലയാളി ഭവനങ്ങളിൽ സ്റ്റാർ ഇടം പിടിക്കും. ഭവനങ്ങൾ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്ന തിരക്കിലാണ് പല കുടുംബങ്ങളും.
കേരളത്തിൽ നിന്നുള്ള കേക്കുകൾ ഇപ്പോൾ തന്നെ കേരള സ്റ്റോറുകളിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ കേക്കുകൾക്കു പുറമേ, നാട്ടിലെ പ്രശസ്ത ബേക്കറികളുടെ കേക്കും മുംബൈയിൽ എത്താറുണ്ട്. ആളുകൾക്ക് രുചി നോക്കി കൂടുതൽ ഓർഡർ നൽകാനുള്ള സാവകാശം ലഭിക്കാനാണു നേരത്തെ തന്നെ കേക്കുകൾ ലഭ്യമാക്കുന്നതെന്നു തൃശൂർ സ്വദേശിയായ വ്യാപാരി വെളിപ്പെടുത്തി.