ADVERTISEMENT

മുംബൈ ∙ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബെൻസ്, വോൾവോ ബസുകളിൽ ഓഫിസിലേക്കു പോയിവരാൻ നഗരവാസികൾ ഇനി അധികകാലം കാത്തിരിക്കേണ്ട. ഏറ്റവും പുതിയ സംവിധാനങ്ങളോടെയുളള 100 എസി ബസുകൾ സർവീസുകൾ തുടങ്ങാൻ മുംബൈ കോർപറേഷനു കീഴിലുള്ള ബസ് സർവീസ് വിഭാഗമായ ‘ബെസ്റ്റ്’ തീരുമാനിച്ചു.  ബെൻസ്, വോൾവോ, സ്കാനിയ എന്നിങ്ങനെ വൻകിട ബ്രാൻഡുകളുടെ ബസുകൾ നിരത്തിലിറക്കാനാണ് പദ്ധതി. ഒന്നര മുതൽ 2 കോടി രൂപ വില വരുന്നതാണ് ഒരു ബസ്.

കാലവർഷത്തിനു ശേഷം സർവീസ് ആരംഭിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ഇത്തരം ബസുകളിലെ യാത്രക്കാർക്കായി പ്രത്യേക  മൊബൈൽ ആപ് പുറത്തിറക്കും. യാത്ര പുറപ്പെടുന്നതിനു മുൻപ് ആപ് വഴി സീറ്റ് ബുക്ക് ചെയ്യുന്ന വിധമായിരിക്കും ക്രമീകരണം. പദ്ധതി പ്രകാരമുളള 30 ബസുകളായിരിക്കും ആദ്യം സർവീസിനിറക്കുക. നാലു മാസത്തിനകം അവ നിരത്തിലെത്തുമെന്ന് അധികൃതർ പറഞ്ഞു. 

ബോറിവ്‌ലി, താനെ എന്നിവയടക്കമുളള മേഖലകളിൽ നിന്നായിരിക്കും ഇത്തരം ബസുകൾ ആദ്യം സർവീസ് ആരംഭിക്കുക. ഓഫിസ് യാത്രക്കാർ ഏറെയുള്ള ബാന്ദ്ര–കുർള കോംപ്ലക്സ്, പരേൽ, വർളി, നരിമാൻ പോയിന്റ്, പ്രഭാദേവി തുടങ്ങിയ മേഖലകളിലേക്കായിരിക്കും കൂടുതൽ സർവീസ്. ഘട്ടം ഘട്ടമായി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. കുറച്ചു സ്റ്റോപ്പുകൾ മാത്രമായിരിക്കും ഇവയ്ക്കുണ്ടാവുക. മെച്ചപ്പെട്ട സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും. നിരക്കു സംബന്ധിച്ച് അന്തിമ തീരുമാനം ആകുന്നതേയുള്ളൂ. 

ഇത്തരം ബസുകളിലെ യാത്രയ്ക്കായി തയാറാക്കുന്ന മൊബൈൽ ആപ് വഴി യാത്ര ചെയ്യുന്നവർ എവിടെയെത്തി എന്ന് വീട്ടുകാർക്ക് അറിയാനുള്ള സൗകര്യവുമൊരുക്കും. സ്ത്രീകളും കൗമാരക്കാരും മുതിർന്ന പൗരൻമാരുമടക്കം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇൗ സംവിധാനം ഉപകരിക്കും. 

വീട്ടിലെത്തും വരെ പിന്തുടരും ബെസ്റ്റ്

മുംബൈ∙ബസിൽ നിന്നിറങ്ങുന്ന സ്ത്രീകൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ എന്നിവർ സുരക്ഷിതമായി വീട്ടിലെത്തി എന്നുറപ്പാക്കുന്ന പുതിയ ആപ്പുമായി ബെസ്റ്റ്.‘ഹോം റീച്’ എന്ന ആപ് ഡൗൺ ലോഡ് ചെയ്ത്  വീടിന്റെ വിലാസം, വീട്ടിലെത്താൻ വേണ്ട സമയം, അടിയന്തര ഘട്ടത്തിൽ വിളിക്കേണ്ട നമ്പർ എന്നിവ രേഖപ്പെടുത്തണം. 

ആപ് ഡൗൺലോഡ് ചെയ്തിട്ടുള്ള യാത്രക്കാർ ബസിൽ നിന്നിറങ്ങി,  നിശ്ചിത സമയത്തിനുള്ളിൽ വീട്ടിൽ എത്തിയിട്ടില്ലെങ്കിൽ ബെസ്റ്റ് കൺട്രോൾ റൂമിൽ നിന്ന് ഫോൺ ചെയ്ത് എവിടെയെന്നു തിരക്കും. മറുപടി കിട്ടിയില്ലെങ്കിൽ ഉടൻ അടിയന്തര നമ്പറിൽ വിളിച്ചറിയിക്കും. ബെസ്റ്റിന്റെ പ്രീമിയം, ലക്ഷ്വറി ബസുകളിൽ മാത്രമാണ്  ഇപ്പോൾ ഈ സൗകര്യമുളളത്. പരീക്ഷണം വിജയിച്ചാൽ കൂടുതൽ ബസുകളിൽ നടപ്പിലാക്കുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com