ട്രക്ക് ഡ്രൈവർമാരുടെ സമരത്തിൽ വലഞ്ഞ് ജനം; പമ്പുകളിൽ മണിക്കൂറുകളുടെ കാത്തിരിപ്പ്
Mail This Article
മുംബൈ ∙ ട്രക്ക് ഡ്രൈവർമാരുടെ സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്നലെ കടുത്ത ഇന്ധനക്ഷാമമുണ്ടായി. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണത്തെയും സമരം ബാധിച്ചു. ഒട്ടേറെ പെട്രോൾ പമ്പുകൾ ഇന്നലെ അടഞ്ഞുകിടന്നു. ശേഷിച്ച പമ്പുകളിൽ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായി.
പാചകവാതക ക്ഷാമവും രൂക്ഷമായിരുന്നു. പാൽ, പച്ചക്കറി, പഴം, ധാന്യങ്ങൾ ഉൾപ്പെടുന്ന നിത്യോപയോഗ സാധനങ്ങളുടെ വിതരണവും തടസ്സപ്പെട്ടിട്ടു. പ്രധാന മൊത്തവിതരണ കേന്ദ്രമായ വാശി എപിഎംസി മാർക്കറ്റിൽ ട്രക്കുകളുടെ വരവു കുറഞ്ഞത് അവശ്യവസ്തുക്കളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.
മുംബൈ, നാഗ്പുർ, സോലാപുർ, ധാരാശിവ്, നവിമുംബൈ, പാൽഘർ, നാഗ്പുർ, ബീഡ്, ഹിൻഗോളി, ഛത്രപതി സാംഭാജി നഗർ, നാസിക്, ഗഡ്ചിരോളി, വാർധ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകൾ സമരക്കാർ ഉപരോധിച്ചു.
പൊലീസിനെ ആക്രമിച്ചവർക്കെതിരെവധശ്രമത്തിന് കേസെടുത്തു
നവിമുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 33 ട്രക്ക് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വധശ്രമത്തിനും അന്യായമായി സംഘം ചേർന്നതിനും ആയുധങ്ങൾ കൈവശം വച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
തിങ്കളാഴ്ച ജെഎൻപിടി റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിക്കുന്നതിനിടെ പ്രതിഷേധക്കാർ പൊലീസ് ഉദ്യോഗസ്ഥനെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
സർക്കാർ ഉറപ്പിൽ സമരം നിർത്തി ഡ്രൈവർമാർ
നിയമപരിഷ്ക്കരണത്തിനെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ട്രക്ക് ഡ്രൈവർമാരുടെ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയതിനെ തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധത്തിനിടയാക്കിയ നിയമം പ്രാബല്യത്തിലായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ യോഗത്തിൽ വിശദീകരിച്ചു. ഇതുൾപ്പെടെ സർക്കാർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണു പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്പോർട്ട് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. അതേസമയം, ചർച്ചകൾ തുടരുമെന്നും ഇവർ വ്യക്തമാക്കി.
വാഹനാപകടം ഉണ്ടാകുമ്പോൾ ഡ്രൈവർ കടന്നുകളയുകയും ആൾ മരിക്കുകയും ചെയ്താൽ ഡ്രൈവർക്ക് 10 വർഷം വരെ തടവുശിക്ഷ നൽകുന്ന നിയമപരിഷ്കാരത്തിനെതിരെയാണു പ്രതിഷേധം. രണ്ടാംദിവസത്തിലേക്കു കടന്ന സമരം ഇന്നലെ പലയിടത്തും അക്രമസംഭവങ്ങൾക്കു കാരണമായി. രാജസ്ഥാനിൽ പൊലീസ് വാഹനം പ്രതിഷേധക്കാർ കത്തിക്കുകയും കല്ലേറു നടത്തുകയും ചെയ്തു. 3 പേർക്കു പരുക്കേറ്റു. ഒട്ടേറെ നഗരങ്ങളിൽ ഇന്ധനവിതരണം തടസ്സപ്പെട്ടു.
വരുംദിവസങ്ങളിൽ വിതരണമേഖലയിലെ പൂർണമായും സ്തംഭിപ്പിക്കുമെന്ന് ട്രക്ക് ഡ്രൈവർമാർ ഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് സർക്കാർ ചർച്ചയ്ക്ക് തയാറായത്. പാർലമെന്റിൽ വേണ്ടത്ര ചർച്ചയില്ലാതെ നിയമം പാസാക്കിയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ഇതിനിടെ, ആശങ്ക പരിഹരിക്കാമെന്ന് അധികൃതർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ മുംബൈ നാസിക്കിലും ഡ്രൈവർമാർ നടത്തി വന്ന സമരം താൽക്കാലികമായി നിർത്തിവച്ചു.ആരും മനഃപൂർവം ആളെ ഇടിച്ചിടാറില്ലെന്നും പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയാൽ ആൾക്കൂട്ട മർദനം ഏൽക്കേണ്ട സ്ഥിതിയുണ്ടെന്നുമാണ് ട്രക്ക്–ബസ് ഡ്രൈവർമാരുടെ വാദം.