ADVERTISEMENT

മുംബൈ ∙ വിനോദസഞ്ചാര മേഖലയായ മാഥേരാനിൽ പരിധിയില്ലാതെ ഇ–റിക്ഷകൾ അനുവദിച്ച സംസ്ഥാന ഗതാഗത വകുപ്പിന്റെ നടപടിയെ സുപ്രീം കോടതി ചോദ്യംചെയ്തു.  നഗരപാലിക ഉദ്യോഗസ്ഥർ, ഹോട്ടൽ മാനേജർമാർ, കോർപ്പറേറ്റർമാരുടെ ഭാര്യമാർ എന്നിവർക്ക് എന്ത് അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിച്ചതെന്ന് ചോദിച്ച കോടതി, നിർദേശങ്ങളെ നിസ്സാരമായി കാണരുതെന്നും ഓർമിപ്പിച്ചു. മാഥേരാനിൽ അനധികൃതമായി ഇ–റിക്ഷ ലൈസൻസ് അനുവദിക്കുന്നുണ്ടെന്നും അതുമൂലം റോഡിൽ ഗതാഗതതടസ്സം പതിവാണെന്നും ചൂണ്ടിക്കാട്ടിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി.

മുംബൈയിൽ നിന്ന് 85 കിലോമീറ്റർ അകലെയുള്ള മാഥേരാൻ ഹിൽസ്റ്റേഷനിലേക്കു സാധാരണ വാഹനങ്ങൾക്കു പ്രവേശനമില്ല. അതേസമയം, മുൻപ് ഉന്തുവണ്ടി റിക്ഷ ഓടിച്ചിരുന്നവർക്ക് മാത്രം ഇ–റിക്ഷയ്ക്ക് ലൈസൻസ് നൽകാമെന്ന് കഴിഞ്ഞ ജനുവരി 10ന് കോടതി പറഞ്ഞിരുന്നു. പിന്നാലെ, മാഥേരാനിൽ പ്രവേശിക്കാവുന്ന ഇ–റിക്ഷകളുടെ എണ്ണം 20 ആക്കി ചുരുക്കി ഏപ്രിൽ 15ന് കോടതി വീണ്ടും ഉത്തരവിറക്കി. എന്നാൽ, ഈ നിർദേശങ്ങൾക്കെല്ലാം വിരുദ്ധമായി വ്യാപകമായി ഇ–റിക്ഷ ലൈസൻസ് വിതരണം ചെയ്യുകയായിരുന്നു. 

‘സർക്കാർ സുപ്രീം കോടതി നിർദേശം അവഗണിക്കുന്നത് ശരിയല്ല. സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃത്യവിലോപം നടന്നുവെന്ന് ഉറപ്പാണ്’– കോടതി വിലയിരുത്തി. 27ന് കേസ് വീണ്ടും പരിഗണിക്കും. 2003 ഫെബ്രുവരി 4നാണ് മാഥേരാനും പരിസരവും പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ചത്.

English Summary:

The Supreme Court criticizes the State Transport Department's disregard for its directives by allowing an unlimited number of e-rickshaws in the eco-sensitive hill station of Matheran. The court raises concerns about traffic congestion and questions the basis of issuing licenses to individuals beyond previously operating hand-pulled rickshaw operators.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com