വായുമലിനീകരണം മെച്ചപ്പെട്ടെങ്കിലും എക്യുഐ 370 ആരോട് പറയാൻ?
Mail This Article
ന്യൂഡൽഹി ∙ മൂടിക്കെട്ടി നിന്ന അന്തരീക്ഷത്തിന്റെ അഞ്ചാം ദിവസം പകൽ ഡൽഹിയിൽ സൂര്യപ്രകാശം തെളിഞ്ഞു. വായുനിലവാരം ‘അതീവ ഗുരുതരം’ എന്ന അവസ്ഥയിൽ നിന്ന് ‘വളരെ മോശം’ അവസ്ഥയിലേക്ക് മാറി: ശരാശരി എക്യുഐ –370. വായുനിലവാര സൂചിക 50 വരെയാണ് ഏറ്റവും മികച്ച അന്തരീക്ഷം. 100ന് മുകളിലേക്ക് കടക്കുന്നത് മോശം അവസ്ഥയെ സൂചിപ്പിക്കുന്നു.മലിനീകരണത്തിൽ വലിയ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഗ്രാപ്പ് 3, 4 നിയന്ത്രണങ്ങളിൽ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് കഴിഞ്ഞ ദിവസം ചില ഭേദഗതികൾ വരുത്തി.
ഡൽഹി, എൻസിആർ മേഖലയിൽ സ്കൂളുകൾക്കു നിർബന്ധമായും അവധി നൽകണമെന്നു നിർദേശിച്ചു. സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാനാണ് നേരത്തെ സംസ്ഥാന സർക്കാരുകളോട് പറഞ്ഞിരുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായുമലിനീകരണം രൂക്ഷമായത് നിത്യജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് വിവരിക്കുകയാണ് ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം...
∙ ആർകെ പുരം മുഹമ്മദ്പുരിൽ താമസിക്കുന്ന ജോജോ തോമസ് 2006 മുതൽ ഡൽഹിയിലാണ് ജീവിക്കുന്നത്. തൃശൂർ സ്വദേശിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച വായുനിലവാരമുള്ള നാട്ടിൽ നിന്ന് (എക്യുഐ 44) വന്ന് ലോകത്തെ തന്നെ ഏറ്റവും മോശം വായുനിലവാരമുള്ള ഡൽഹിയിൽ താമസിക്കുന്നവരാണ് ഈ കുടുംബം.
ജോജോ സിവിൽ എൻജിനീയറിങ് ഡിസൈനിങ് സ്ഥാപനത്തിന്റെ പിആർ, എച്ച്ആർ മാനേജിങ് ഡയറക്ടറാണ്. ഭാര്യ രശ്മി സഫ്ദർജങ് ആശുപത്രിയിൽ നഴ്സിങ് ഓഫിസറാണ്. മക്കൾ ജോസ്നയും ജോസിയാസും ഫാ. ആഗ്നേൽ സ്കൂളിൽ 12ലും 9ലും പഠിക്കുന്ന വിദ്യാർഥികൾ.
ജോജോ തോമസ്
ഡൽഹിയിൽ ഓരോ വർഷവും വായുമലിനീകരണം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇക്കാലത്തെ ഡൽഹി വാസത്തിനിടെ ഇത്രയേറെ മോശമായ അവസ്ഥ അനുഭവിക്കേണ്ടി വരുന്നത് ആദ്യമാണ്. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യ. കുട്ടികളുടെ സുരക്ഷയെയും ആരോഗ്യത്തെയും കരുതി എയർ പ്യൂരിഫയർ വാങ്ങാനുള്ള തയാറെടുപ്പിലാണ്.
രശ്മി ജോജോ
ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നത് കൊണ്ട് മലിനീകരണം വ്യത്യസ്ത മേഖലകളിലുള്ളവരെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് നേരിട്ടു കാണുന്നുണ്ട്. മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നുമുണ്ട്. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടി.
ജോസ്ന ജോജോ
ഓൺലൈൻ ക്ലാസ് ആണെങ്കിലും തുടർച്ചയായി ലാപ്ടോപിലേക്ക് നോക്കിയിരിക്കാൻ ബുദ്ധിമുട്ടുണ്ട്. മലിനീകരണം കാരണം വാതിലോ ജനലോ തുറന്നിടാൻ കഴിയില്ല. കണ്ണിന് എരിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ട്. 12–ാം ക്ലാസ് ആയത് കൊണ്ട് ഓൺലൈൻ ക്ലാസുകൾ നീണ്ടു പോകുമോ എന്ന ആശങ്കയുമുണ്ട്.
ജോസിയാസ് ജോജോ
ജലദോഷം ഉൾപ്പെടെയുള്ള അസ്വസ്ഥതകളുണ്ട്. വീടിനകത്തുതന്നെ ഇരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. മലിനീകരണം രൂക്ഷമായതോടെ പുറത്ത് പാർക്കിൽ നടക്കാൻ പോലും പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.