‘ഗരീബി ഹഠാവോ’; ഇന്ദിരയുടെ പ്രസംഗത്തിൽ നിന്നടർത്തിയ മുദ്രാവാക്യം
Mail This Article
ഡൽഹി ∙ ഇന്ദിരാ ഗാന്ധിയുടെ പ്രസംഗത്തിലെ വരികളായ ‘ഗരീബി ഹഠാവോ’ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രചാരണ മുദ്രാവാക്യമായി മാറിയതിനു പിന്നിലെ മലയാളിയെക്കുറിച്ച് പ്രഫ.ഓംചേരി എൻ.എൻ.പിള്ള തന്റെ ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പുകളിൽ കുറിച്ചിട്ടിട്ടുണ്ട്. 1971ൽ ഇന്ദിരാഗാന്ധിക്ക് വലിയ പൊതുസ്വീകാര്യത സൃഷ്ടിച്ച ആ ക്യാംപെയ്നിനെക്കുറിച്ച് പല പഠനങ്ങളും വന്നെങ്കിലും അത് രചിച്ചതാര് എന്ന് ആർക്കും അറിയില്ലായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ ജോലിചെയ്തിരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് പ്രധാനമന്ത്രിക്കു വേണ്ടി അതീവ രഹസ്യമായി ‘ഗരീബി ഹഠാവോ’ ക്യാംപെയ്ൻ തയാറാക്കി നൽകിയതെന്ന ‘ആകസ്മികത’ തന്റെ ആത്മകഥാംശമുള്ള പുസ്തകത്തിൽ അദ്ദേഹം പറഞ്ഞുവയ്ക്കുന്നു– ആ സർക്കാർ ഉദ്യോഗസ്ഥൻ ഓംചേരി എൻ.എൻ.പിള്ള എന്ന മലയാളിയായിരുന്നു.
ഡൽഹി എക്സ്പെരിമെന്റൽ തിയറ്റർ ഗ്രൂപ്പിൽ ഒന്നിച്ചുപ്രവർത്തിക്കുകയും പിന്നീട് ഗ്രൂപ്പിന്റെ സെക്രട്ടറിയാകുകയും ചെയ്ത സുഹൃത്ത് കെ.എസ്.നായർ വഴിയാണ് ക്യാംപെയ്ൻ ജോലി ഓംചേരിയിലെത്തുന്നത്. ഒരു സർക്കാർ ജീവനക്കാരനായ താൻ പാർട്ടി ക്യാംപെയ്ൻ തയാറാക്കിയാൽ കുഴപ്പമാകുമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും ഇക്കാര്യം പുറത്താരുമറിയില്ലെന്ന എഐസിസി ജോയിന്റ് സെക്രട്ടറി മുകുൾ ബാനർജിയുടെ ഉറപ്പിൻമേൽ ഒരുകൈ നോക്കാൻ തീരുമാനിക്കുകയായിരുന്നു. പഠിച്ച വിദ്യ വല്ലവരുടെയും ചെലവിൽ പരീക്ഷിച്ച് നോക്കിക്കളയാം എന്നായിരുന്നു അന്നത്തെ വിചാരമെന്ന് ഓംചേരി കുറിച്ചിട്ടുണ്ട്. അങ്ങനെ പരിപാടി ഏറ്റെടുത്തെങ്കിലും അതിനുള്ള ‘ബിഗ് ഐഡിയ’ തിരയുമ്പോഴാണ് തന്റെ ലക്ഷ്യം ‘ഗരീബി ഹഠാവോ’ (ദാരിദ്രം മാറ്റുക) ആണെന്ന് ഇന്ദിരാ ഗാന്ധി നടത്തിയ പ്രസംഗം ശ്രദ്ധയിൽപെടുന്നത്.
ആ വാക്കുകളെ ചുറ്റിപ്പറ്റി തയാറാക്കിയ ക്യാംപെയ്ൻ പല രൂപത്തിൽ കോൺഗ്രസ് പ്രചരണത്തിനെത്തിച്ചു. കേന്ദ്ര പ്രചാരണ വകുപ്പിലുണ്ടായിരുന്ന ബംഗാളി സുഹൃത്ത് മഖൻ ദത്ത ഗുപ്തയെക്കൊണ്ട് പരസ്യങ്ങൾ ഡിസൈൻ ചെയ്യിപ്പിച്ചതും ഓംചേരിയാണ്. പ്രതിപക്ഷം ‘ഇന്ദിര ഹഠാവോ’ എന്ന് പറയുമ്പോൾ ഇന്ദിര ‘ഗരീബി ഹഠാവോ’ എന്ന് പറയുന്നു. ഇതിലേത് നിങ്ങൾ സ്വീകരിക്കും എന്നായിരുന്നു പരസ്യവാക്യങ്ങൾ. ഒരു രൂപ പോലും കൈപ്പറ്റാതെയായിരുന്നു തന്റെ സേവനമെന്നും ഓംചേരി പറഞ്ഞിട്ടുണ്ട്. ആരെയും അറിയിക്കാതെ ആത്മസംതൃപ്തിക്കുവേണ്ടി ചെയ്ത പണി എന്നാണ് ഇതിനെ പിന്നീട് ഓംചേരി തന്നെ വിശേഷിപ്പിച്ചത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മഹാത്മാഗാന്ധിയെ നേരിൽ കണ്ട അനുഭവവും ഓംചേരി ‘ആകസ്മികത്തിൽ’ വിവരിക്കുന്നുണ്ട്. 1936ൽ മഹാത്മാഗാന്ധി വൈക്കം സന്ദർശിച്ചപ്പോൾ ബോട്ട് ജെട്ടിക്കു സമീപമുള്ള ഗെസ്റ്റ് ഹൗസിലാണ് വിശ്രമിച്ചത്. അവിടെനിന്ന് വൈക്കം ക്ഷേത്രനടയിലേക്ക് അദ്ദേഹം നടന്നുപോകുന്ന സമയത്ത് സ്കൂൾ കുട്ടികൾക്ക് അദ്ദേഹത്തെ കാണാനായി ബോട്ട് ജെട്ടിയുടെ സമീപത്തുള്ള റോഡിന്റെ ഒരുവശത്തു നിൽക്കാമെന്ന് അറിയിച്ചിരുന്നു.
അയ്യർകുളങ്ങര സ്കൂളിലെ ഹെഡ്മാസ്റ്റർ രാമവർമതമ്പാൻ സാറിന്റെ നേതൃത്വത്തിൽ കുറെ കുട്ടികൾ അവിടെ സ്ഥലംപിടിച്ചു. അതിന്റെ മുൻവരിയിൽതന്നെ ഉണ്ടായിരുന്നു ഓംചേരി. വീടിന്റെ നിരയിൽ തൂക്കിയിട്ടിരുന്ന ചിത്രത്തിലൂടെ മാത്രം കണ്ടു പരിചയപ്പെട്ട മഹാത്മാഗാന്ധി ഇളമണൽ വിരിച്ച വഴിയിലൂടെ നടന്നുവന്നതും തന്റെ മുന്നിലൂടെ ആ പാദങ്ങൾ നടന്നുനീങ്ങുന്നതും കണ്ടതിനെ മറക്കാനാവാത്ത അനുഭവമായി ഓംചേരി കുറിച്ചിട്ടിട്ടുണ്ട്.