ആർക്കു സ്വന്തം, നെന്മാറയുടെ ഹൃദയം?
തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയപ്പോൾ ജനങ്ങളുടെ മനസ്സറിയാനാണ് ‘ജനമനയാത്ര’ നാട്ടിലേക്കിറങ്ങിയത്. ഇപ്പോൾ സ്ഥാനാർഥികളായി, പ്രചാരണം സജീവമാകുന്നു. നാട് ചിന്തിക്കുന്നത് എന്താണ്? ജനമനയാത്ര 2.0 ഇതാ പുറപ്പെടുകയായി. ആത്മവിശ്വാസം, അതാണ് കെ. ബാബു
തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയപ്പോൾ ജനങ്ങളുടെ മനസ്സറിയാനാണ് ‘ജനമനയാത്ര’ നാട്ടിലേക്കിറങ്ങിയത്. ഇപ്പോൾ സ്ഥാനാർഥികളായി, പ്രചാരണം സജീവമാകുന്നു. നാട് ചിന്തിക്കുന്നത് എന്താണ്? ജനമനയാത്ര 2.0 ഇതാ പുറപ്പെടുകയായി. ആത്മവിശ്വാസം, അതാണ് കെ. ബാബു
തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയപ്പോൾ ജനങ്ങളുടെ മനസ്സറിയാനാണ് ‘ജനമനയാത്ര’ നാട്ടിലേക്കിറങ്ങിയത്. ഇപ്പോൾ സ്ഥാനാർഥികളായി, പ്രചാരണം സജീവമാകുന്നു. നാട് ചിന്തിക്കുന്നത് എന്താണ്? ജനമനയാത്ര 2.0 ഇതാ പുറപ്പെടുകയായി. ആത്മവിശ്വാസം, അതാണ് കെ. ബാബു
തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയപ്പോൾ ജനങ്ങളുടെ മനസ്സറിയാനാണ് ‘ജനമനയാത്ര’ നാട്ടിലേക്കിറങ്ങിയത്. ഇപ്പോൾ സ്ഥാനാർഥികളായി, പ്രചാരണം സജീവമാകുന്നു. നാട് ചിന്തിക്കുന്നത് എന്താണ്? ജനമനയാത്ര 2.0 ഇതാ പുറപ്പെടുകയായി.
ആത്മവിശ്വാസം, അതാണ് കെ. ബാബു
ഞായർ രാവിലെ കാണുമ്പോൾ നെന്മാറക്കാരുടെ ബാബുവേട്ടൻ മണ്ഡലത്തിൽ വിവിധയിടങ്ങളിലെ വിവാഹങ്ങളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു. ഗജകേസരിയോഗം പ്രവചിക്കപ്പെട്ട രേവതി നക്ഷത്രക്കാരനു തുടർവിജയമുറപ്പെന്നാണു നാട്ടുകാരിൽ പലരും പറയുന്നത്. രാവിലത്തെ തിരക്കു കഴിഞ്ഞ്, എലവഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുപ്പു റാലിയിലേക്കു വെളുത്ത കാറിൽ വന്നിറങ്ങുമ്പോൾ ചെഗവാരയുടെ ചിത്രംപതിച്ച കൂറ്റൻ ചെങ്കൊടിയും സഖാക്കളും കെ. ബാബുവിനു ചുറ്റും പടർന്നു നിന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും കെ.ബാബുവിന്റെയും ചിത്ര പതിച്ച കൂറ്റൻ വേദിയിൽ മണ്ണാർക്കാട്ടെ കതിരവൻ കൂട്ടം വിപ്ലവഗാനങ്ങൾ ഏറ്റുപാടുന്നു.
പിആർ സംഘം നിർത്താതെ ചിത്രങ്ങളെടുക്കുന്നു, വേദിക്കു മുന്നിലും വശങ്ങളിലുമായി ഫെയ്സ്ബുക് ലൈവ്. സ്ത്രീകൾ, പ്രായമേറിയവർ, കുട്ടികൾ, ചെറുപ്പക്കാർ തുടങ്ങി അഞ്ഞൂറോളം വരുന്ന ആളുകൾക്കിടയിലേക്കാണു ബാബുവെത്തിയത്. ‘‘റാലികൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇവിടെ ശൈലജ ടീച്ചറാണെത്തുന്നത്. പ്രവർത്തകർ ആവേശത്തിലാണ്. ജില്ലയിലെ ഏറ്റവും ശക്തനായ കോൺഗ്രസ് സ്ഥാനാർഥി നിന്നിട്ടും യുഡിഎഫ് തോറ്റയിടമാണിത്. ഇത്തവണ ഇവിടത്തെ സ്ഥാനാർഥിയെ യുഡിഎഫുകാർക്കു പോലുമറിയില്ല. ഇതു ഞാൻ പറയുന്നതല്ല. പോസ്റ്റർ ഒട്ടിക്കാനോ ചുമരെഴുതാനോ കോൺഗ്രസുകാരെ കിട്ടാനില്ല. അപ്പോൾ വലിയ മാർജിനിൽ ഞാൻ വിജയിക്കും’’, ബാബു അവകാശപ്പെട്ടു.
‘ ധീരരേ ... രണധീരരേ...
നീ നയിക്കുക.. ഞങ്ങളെ
വിപ്ലവ ധീരപഥങ്ങളിലൂടെ...’
കതിരവൻ കൂട്ടം പാടുകയാണ്. എലവഞ്ചേരി പഞ്ചായത്തിലെ കരിങ്കുളത്താണു റാലി നടക്കുന്നത്. മന്ത്രി കെ.കെ. ശൈലജ വന്നിറങ്ങിയപ്പോൾ കൂട്ടംകൂടിയ പെൺകുട്ടികൾ മുദ്രാവാക്യങ്ങളുയർത്തുന്നു.
‘ ടീച്ചറമ്മയ്ക്കഭിവാദ്യങ്ങൾ
എലവഞ്ചേരീയഭിവാദ്യങ്ങൾ’
ആത്മവിശ്വാസം ചിരിയിൽപോലും നിറച്ചു കെ. ബാബു പറഞ്ഞു, ‘‘ സമസ്ത മേഖലയിലും ഒപ്പം നിന്നൊരു സർക്കാരിനുള്ള പിന്തുണ ഇവിടെ വോട്ടാകും. ഊട്ടറ പാലത്തിന്റെ സ്ഥലമെടുപ്പ്, കുണ്ട്റുചോല പാലം, സ്കൂൾ കെട്ടിടങ്ങൾ, മുതലമടയിൽ തുടങ്ങാനിരിക്കുന്ന കാർഷിക കോളജ്, ആശുപത്രിക്കെട്ടിടങ്ങൾ, കൊല്ലങ്കോട്ടെ അഗ്നിരക്ഷാസേനയുടെ കേന്ദ്രം, കോടികളുടെ ശുദ്ധജല പദ്ധതികൾ, റോഡുകൾ, വഴിവിളക്കുകൾ തുടങ്ങി എത്രയെത്ര വികസനങ്ങൾ. പ്രതിസന്ധിയിൽ ഒപ്പം നിന്നയാളെ ഇവിടത്തുകാർ കൈവിടില്ല. നെല്ലിയാമ്പതി ഒറ്റപ്പെട്ടപ്പോൾ അവരെ പട്ടിണിയിലാക്കിയില്ല എന്ന് അവർ ഓർക്കും. ഞാൻ 10,000 വോട്ടുകൾക്കു മീതെ ഭൂരിപക്ഷത്തിൽ വിജയിക്കും, ഉറപ്പ്.’’നാട്ടുകാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാറുള്ളതിനാൽ ഗ്രാമക്കുഞ്ചുവെന്നു പേരുവീണ മുത്തച്ഛൻ കുഞ്ചുവിന്റെ പാരമ്പര്യം കാക്കാൻ ബാബുവിനു വീണ്ടും അവസരമൊരുങ്ങുമെന്നാണു പ്രവർത്തകരുടെ വിശ്വാസം.
നെന്മാറയുടെ ഡ്രൈവിങ് സീറ്റ് തേടി വിജയകൃഷ്ണൻ
ഇനിയും കണ്ടിട്ടില്ലാത്തവരിലേക്ക് അടുപ്പത്തോടെ ഇറങ്ങിച്ചെല്ലുകയാണു സി.എൻ. വിജയകൃഷ്ണൻ. കാറ്റുനിലച്ച ഓലകൾ കണക്കെ വിറങ്ങലിച്ചു നിൽക്കുന്ന എസ്റ്റേറ്റ് പാടികൾ നെല്ലിയാമ്പതിയുടെ സങ്കടമാണ്. നെല്ലിയാമ്പതിയിലെയും നെന്മാറയിലെയും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നടക്കുമ്പോൾ വിജയകൃഷ്ണൻ പറഞ്ഞു, ‘‘ഞാൻ ദാരിദ്ര്യവും പട്ടിണിയും അറിഞ്ഞവനാണ്. ഈ തൊഴിലാളികളെ ഇങ്ങനെ വഴിയാധാരമാക്കാൻ അനുവദിക്കരുത്. എന്തു വികസനമാണിവിടെ നടന്നത്...?’’ പൊളിഞ്ഞു വീഴാറായ പാടിക്കു മുന്നിൽ ചൂണ്ടുവിരൽ ചോദ്യമുയർത്തുന്നു സ്ഥാനാർഥി. തിരഞ്ഞെടുപ്പാവേശം നെല്ലിയാമ്പതിയുടെ തണുപ്പിലേക്കു മെല്ലെ കയറിവരുന്നതേയുള്ളൂ. ചുമരുകളിലെല്ലാം സ്ഥാനാർഥികൾ ചിരിയായി വിടർന്നിട്ടുണ്ട്.
ആത്മവിശ്വാസവും കയ്യിൽപിടിച്ച് അപ്പോഴും ചായത്തോട്ടങ്ങൾക്കിടയിലൂടെ സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ വോട്ട് ചോദിച്ചു കുതിക്കുകയാണ്. കൂടെയുള്ള ഭാര്യ ഉഷാഭായിയെ വോട്ടർമാർക്കു പരിചയപ്പെടുത്തുന്നു. പുലയമ്പാറ കവലയിൽ എത്തിയ കെഎസ്ആർടിസി ബസിലും സിപിഎം ഓഫിസിലുമെല്ലാം ഓടിക്കയറി വോട്ടഭ്യർഥിക്കുന്നു. ‘‘ചുറ്റുപാടുമുള്ള മണ്ഡലങ്ങൾ വികസിക്കുമ്പോൾ കാഴ്ചക്കാരായി മാത്രം നിൽക്കേണ്ടി വരുന്ന സാഹചര്യം ഇനിയുണ്ടാവരുത്. രമ്യ ഹരിദാസിനെ വിജയിപ്പിച്ചവരാണ് ഇവിടത്തുകാർ. ആ കരുതൽ എന്റെ കാര്യത്തിലുമുണ്ടാകും’’, വിജയകൃഷ്ണൻ പ്രത്യാശിച്ചു. വഴിയരികിൽ നിർത്തിയിട്ട ടാക്സി ജീപ്പ് കണ്ടപ്പോൾ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്ന അദ്ദേഹം കോഴിക്കോട് നഗരത്തിൽ ടാക്സി ഡ്രൈവറായിരുന്ന കാലം ഓർത്തിട്ടുണ്ടാകണം.
അതോടെ നെല്ലിയാമ്പതിയിലെ ടാക്സിക്കാരെല്ലാവരും ജീപ്പിനു ചുറ്റുംകൂടി. ജീപ്പ് സ്റ്റാർട്ടാക്കി മുന്നോട്ടു നീക്കിയപ്പോൾ അദ്ദേഹം പറഞ്ഞു, ‘‘ഞാനും നിങ്ങളിലൊരാളാണ്. ഒപ്പമുണ്ടാകണം.’’ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണനും ഐഎൻടിയുസി പ്രവർത്തകൻ ബിജുവും സ്ഥാനാർഥിക്കൊപ്പമുണ്ട്. വോട്ടർമാരെയെല്ലാം പേരെടുത്തു പരിചയപ്പെടുത്തുന്നത് ഇവരാണ്. നെല്ലിയാമ്പതി പഞ്ചായത്ത് 15 വർഷത്തിനുശേഷം പിടിച്ചെടുത്ത ആവേശത്തിലാണു കോൺഗ്രസ് നേതാക്കൾ. ‘‘ചുമരെഴുത്തുകളും പോസ്റ്ററുകളും പറയുന്ന രാഷ്ട്രീയമല്ല ഇവിടത്തെ യഥാർഥ രാഷ്ട്രീയം.
വിജയകൃഷ്ണന്റെ ജയത്തിൽ കുറഞ്ഞ ഒന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല’’, കെ.വി. ഗോപാലകൃഷ്ണൻ ഉറപ്പിച്ചു പറഞ്ഞു.രാജ്യത്തെ മികച്ച കാൻസർ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ എംവിആർ കാൻസർ സെന്ററും രണ്ടായിരം കോടിയോടടുക്കുന്ന സഹകരണബാങ്കും നിർമാണ രംഗത്തെ സഹകരണ പ്രസ്ഥാനമായ ലാഡറും വിജയിപ്പിച്ചയാളാണു വിജയകൃഷ്ണൻ. അദ്ദേഹത്തെപ്പോലുള്ളവർ വന്നാലേ നമ്മുടെ നാട്ടിൽ ഭാവനാസമ്പന്നമായ വികസനം യാഥാർഥ്യമാകൂ– ബിജുവും യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവും പറഞ്ഞു.
ചുമരുകൾ സജീവമാവുകയാണ.് മുദ്രാവാക്യങ്ങൾ മുഴങ്ങുകയാണ്.
ജനമനസ്സിന്റെ രാഗം തേടി അനുരാഗ്
ഉച്ചസൂര്യൻ കത്തിയെരിയുമ്പോഴും ചിരിയൊട്ടും വാടാതെ എൻഡിഎ സ്ഥാനാർഥി എ.എൻ. അനുരാഗ് രാഷ്ട്രീയം പറയുകയാണ്. ആ പറച്ചിൽ പ്രവർത്തകരിലേക്കു പടരുകയാണ്. പുലർച്ചെ വീടിനോടു ചേർന്നുള്ളവരെ കണ്ടുതുടങ്ങുന്ന പ്രവർത്തനം. ചർച്ചകളും ആസൂത്രണങ്ങളും ആളുകളെ നേരിൽ കാണലുമെല്ലാമായി പകലിനൊപ്പം സജീവമാവുകയാണ് അനുരാഗ്. ‘‘ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനാണു ഞാൻ. അത്തരം ജോലി ചെയ്യുന്നവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന കോടതി വിധിക്കു സുപ്രീം കോടതിയിൽ നിന്നു സ്റ്റേ വാങ്ങിയ ശേഷമാണു ഞാൻ മത്സര രംഗത്തിറങ്ങിയത്.
ആ കാലതാമസം അൽപം ഞങ്ങളെ പിന്നിലാക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങൾ മണ്ഡലത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും’’, അനുരാഗ് ആത്മവിശ്വാസത്തോടെ പറഞ്ഞു. ഉച്ചവരെ കൊല്ലങ്കോട്ടും വടവന്നൂരിലും യോഗങ്ങൾക്കു ശേഷം നെന്മാറയിൽ പ്രവർത്തകരുടെ മോട്ടർ സൈക്കിൾ റാലിയിലെത്തിയപ്പോഴാണ് അനുരാഗിനെ കാണുന്നത്. ‘‘ എന്നെ ഇവിടെയാർക്കും പരിചയപ്പെടുത്തേണ്ടതില്ല. വിദ്യാർഥി രാഷ്ട്രീയം മുതൽ ഞാനിവിടെയുണ്ട്. 6 പതിറ്റാണ്ടായി മുന്നണികൾ മാറി ഭരിച്ചിട്ടും അടിസ്ഥാന വികസനം ഈ മണ്ഡലത്തിന് ഇപ്പോഴും അപ്രാപ്യമാണ്.
ഇതാണു ഞാൻ വോട്ടർമാരോടു പറയുന്നത്. കേന്ദ്രസർക്കാരിന്റെ വികസന രാഷ്ട്രീയം ഇവിടെ നേർക്കാഴ്ചയായി മറുവശത്തുണ്ട്.’’ അനുരാഗ് ഇത്രയും പറയുമ്പോഴേക്ക് അൻപതോളം മോട്ടർ ബൈക്കുകൾ ബിജെപിയുടെയും ബിഡിജെഎസിന്റെയും കൊടികൾ പാറിച്ചു നിരന്നുനിന്നു. നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രങ്ങൾ പതിച്ച ബോർഡുകൾ കൈകളിലേന്തി ബൈക്കുകൾക്കു പിന്നിലും പ്രവർത്തകർ.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സാബുവിനെയും സ്ഥാനാർഥി അനുരാഗിനെയും പ്രവർത്തകർ ഷാളണിയിക്കുന്നു. മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. ആവേശം കൊടിയേറിയപ്പോൾ തുറന്ന ജീപ്പിലേക്ക് അനുരാഗ് കയറി. വഴിയോരത്തുള്ളവരെ കൈവീശി അനുഗ്രഹം തേടി. ബൈക്കുകൾ മെല്ലെ നീങ്ങി. പിന്നാലെ തുറന്ന ജീപ്പും സ്ഥാനാർഥിയും. അനുരാഗിന്റെ ചിഹ്നമായ ഹെൽമറ്റ് വഴിയരികിലെ ചുമരുകളിൽ തലയിട്ടിളക്കി. കൂറ്റൻ പരസ്യപ്പലകയിലിരുന്നു നരേന്ദ്രമോദി ചിരിച്ചു. ‘‘നിങ്ങളെ കൊടിപിടിക്കാനേ അവർ ഉപയോഗിച്ചുള്ളൂ, പോസ്റ്റർ പതിപ്പിക്കാനേ കൂടെക്കൂട്ടിയുള്ളൂ. നിങ്ങളെ രക്ഷപ്പെടുത്തിയില്ല. ഇനിയതു പാടില്ല.
നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയ ഇച്ഛാശക്തിക്കു കീഴിൽ അണിനിരക്കൂ, എനിക്കു വോട്ട് നൽകി വിജയിപ്പിക്കൂ’’, അനുരാഗ് ഉച്ചത്തിൽ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇവിടെ എൻഡിഎയ്ക്കു ലഭിച്ച 34000 വോട്ടുകളുടെ വിശ്വാസത്തിലാണ് അനുരാഗും സംഘവും. ആകെയുള്ള ഒന്നരലക്ഷം വോട്ടുകളിൽ അരലക്ഷം വോട്ടിനു മീതെ പിടിച്ചാൽ ജയിക്കാം. അന്ധമായ രാഷ്ട്രീയമോ വ്യക്തി അധിക്ഷേപമോ പറയാതെ വികസന മുരടിപ്പിനെ ആക്രമിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ ശൈലി അനുരാഗിനെ വോട്ടർമാർക്കിടയിൽ പ്രിയങ്കരനാക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി. ആവേശം കടലുപോലെയാണ്. വീണ്ടും വീണ്ടും കണ്ടും കേട്ടുമിരിക്കുമ്പോൾ വീര്യവും സൗന്ദര്യവുമേറുന്നു. ആവേശത്തിന്റെ കടലലയ്ക്കു മീതെ ‘വന്ദേമാതരം’ ഇടിമുഴക്കമാവുന്നു.