ഇ.കെ. നായനാർ മുതൽ വി.എസ് വരെ; മലമ്പുഴ വിഐപി തന്നെ
വിഐപികളില്ലാത്തൊരു തിരഞ്ഞെടുപ്പിനെ മലമ്പുഴ നേരിടുന്നത് 40 വർഷത്തിനു ശേഷമാണ്. മുന്നണി സ്ഥാനാർഥികൾ മൂവരും പാലക്കാട് ജില്ലക്കാരാണെന്ന പ്രത്യേകതയുണ്ട്. ഇ.കെ. നായനാർ മുതൽ വി.എസ്. അച്യുതാന്ദൻ വരെയുള്ളവർ മലമ്പുഴയിൽ മത്സരിക്കുമ്പോൾ സ്ഥാനാർഥികളെക്കാളേറെ പ്രചാരണ പ്രവർത്തനം നടത്തിയിരുന്നതു പാർട്ടി
വിഐപികളില്ലാത്തൊരു തിരഞ്ഞെടുപ്പിനെ മലമ്പുഴ നേരിടുന്നത് 40 വർഷത്തിനു ശേഷമാണ്. മുന്നണി സ്ഥാനാർഥികൾ മൂവരും പാലക്കാട് ജില്ലക്കാരാണെന്ന പ്രത്യേകതയുണ്ട്. ഇ.കെ. നായനാർ മുതൽ വി.എസ്. അച്യുതാന്ദൻ വരെയുള്ളവർ മലമ്പുഴയിൽ മത്സരിക്കുമ്പോൾ സ്ഥാനാർഥികളെക്കാളേറെ പ്രചാരണ പ്രവർത്തനം നടത്തിയിരുന്നതു പാർട്ടി
വിഐപികളില്ലാത്തൊരു തിരഞ്ഞെടുപ്പിനെ മലമ്പുഴ നേരിടുന്നത് 40 വർഷത്തിനു ശേഷമാണ്. മുന്നണി സ്ഥാനാർഥികൾ മൂവരും പാലക്കാട് ജില്ലക്കാരാണെന്ന പ്രത്യേകതയുണ്ട്. ഇ.കെ. നായനാർ മുതൽ വി.എസ്. അച്യുതാന്ദൻ വരെയുള്ളവർ മലമ്പുഴയിൽ മത്സരിക്കുമ്പോൾ സ്ഥാനാർഥികളെക്കാളേറെ പ്രചാരണ പ്രവർത്തനം നടത്തിയിരുന്നതു പാർട്ടി
വിഐപികളില്ലാത്തൊരു തിരഞ്ഞെടുപ്പിനെ മലമ്പുഴ നേരിടുന്നത് 40 വർഷത്തിനു ശേഷമാണ്. മുന്നണി സ്ഥാനാർഥികൾ മൂവരും പാലക്കാട് ജില്ലക്കാരാണെന്ന പ്രത്യേകതയുണ്ട്.ഇ.കെ. നായനാർ മുതൽ വി.എസ്. അച്യുതാന്ദൻ വരെയുള്ളവർ മലമ്പുഴയിൽ മത്സരിക്കുമ്പോൾ സ്ഥാനാർഥികളെക്കാളേറെ പ്രചാരണ പ്രവർത്തനം നടത്തിയിരുന്നതു പാർട്ടി പ്രവർത്തകരായിരുന്നു. കാരണം അവർ മറ്റു മണ്ഡലങ്ങളിലും പോകേണ്ട താരപ്രചാരകരായിരുന്നു. അങ്ങനെ പിന്നണിയിൽ നിന്നവർക്കിടയിൽ നിന്നാണ് ഇക്കുറി സ്ഥാനാർഥികൾ എത്തിയത്.
പിന്നണിയിൽ നിന്ന് പ്രഭാകരൻ
എൽഡിഎഫ് സ്ഥാനാർഥി എ. പ്രഭാകരൻ വ്യക്തിപരമായ വോട്ട് അഭ്യർഥന പിന്നിട്ടു പര്യടനം തന്നെ ആരംഭിച്ചു കഴിഞ്ഞു. എന്തിനും സജ്ജമായ പാർട്ടി മെഷിനറിയുടെ കരുത്താണത്. രാവിലെ 8ന് ആണ് അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാകുന്നത്. രണ്ട് അനൗൺസ്മെന്റ് വാഹനവും പിന്നാലെ സ്ഥാനാർഥി സഞ്ചരിക്കുന്ന കാറും മാത്രമാണു സംഘത്തിലുള്ളത്. എലപ്പുള്ളി പഞ്ചായത്തിലെ ഒമയംപള്ളത്തു രാവിലെ 11.30ന് കാണുമ്പോഴും സ്ഥാനാർഥിക്കു ചൂടിന്റേതായ ഒരു ക്ഷീണവുമില്ല. നല്ല ചുറുചുറുക്കോടെ ഓടിനടന്നു വോട്ട് അഭ്യർഥിക്കുന്നു.മുന്നിൽ കാണുന്നവരെ പലരെയും അദ്ദേഹം പേരെടുത്തു വിളിക്കുന്നു. വെറുതെയല്ല, 1980ൽ നായനാർ മലമ്പുഴയിൽ മത്സരിക്കാനെത്തിയതു മുതൽ കഴിഞ്ഞ തവണ വിഎസ് മത്സരിച്ചപ്പോൾ വരെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതു പ്രഭാകരനായിരുന്നു.
സ്ഥാനാർഥിയുടെ പ്രസംഗം വളരെ ചെറുതാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചുരുക്കി വിവരിച്ച് അതു തുടരാൻ തന്നെ വിജയിപ്പിക്കണമെന്ന് അഭ്യർഥന. ‘നിങ്ങളുടെ വീട്ടിൽ ഒരു എംഎൽഎ ഉണ്ടോ?’ ചോദ്യം കേട്ടുനിൽക്കുന്നവരോടാണ്. ചന്ദ്രാ നിന്റെ വീട്ടിൽ ഉണ്ടോ? ഇല്ലെന്നു മറുപടി. എന്നാൽ, ഞാൻ വിജയിച്ചാൽ അതു നിങ്ങളുടെ വീട്ടിൽ ഒരാൾ എംഎൽഎ ആയതായിത്തന്നെ കണക്കാക്കാമെന്നു സ്ഥാനാർഥിയുടെ ഉറപ്പ്. അടുത്ത സ്വീകരണ സ്ഥലത്തേക്കു പോകുന്നതിനിടയിൽ സമീപത്തെ വീടുകൾക്കു മുന്നിൽ വാഹനം നിർത്തി വോട്ട് ചോദിക്കുന്നു. ഉച്ചയ്ക്ക് 12ന് പ്രചാരണം അവസാനിപ്പിക്കും, പിന്നെ നാലു മണിക്കു തുടങ്ങിയാൽ രാത്രി 7.30 വരെ. തുടർന്നു ബൂത്ത് കമ്മിറ്റികളിൽ പങ്കെടുക്കാനുള്ള സമയമാണ്.
ഇവിടെത്തന്നെയുണ്ട് കൃഷ്ണകുമാർ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലമ്പുഴയിലെ താരമായി മാറിയത് അക്ഷരാർഥത്തിൽ എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറാണ്. ഇരു മുന്നണികളെയും ഞെട്ടിച്ചു രണ്ടാം സ്ഥാനത്ത് എത്തിയതു ചിട്ടയായ പ്രവർത്തനം കൊണ്ടായിരുന്നു.പാലക്കാട് നഗരസഭയുടെ വൈസ് ചെയർമാൻ സ്ഥാനത്ത് ഇരിക്കുമ്പോഴും കഴിഞ്ഞ 5 വർഷവും മലമ്പുഴ മണ്ഡലം കേന്ദ്രീകരിച്ചുതന്നെയായിരുന്നു പ്രവർത്തനം. ഇടയ്ക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും മണ്ഡലത്തിൽ കൂടുതൽ സുപരിചിതനാകുന്നതിനു കാരണമായി.
അതുകൊണ്ടുതന്നെ എൻഡിഎ സ്ഥാനാർഥിയായി മലമ്പുഴയിൽ അദ്ദേഹംതന്നെ എത്തി. കഴിഞ്ഞ 5 വർഷം കൊണ്ടു മണ്ഡലത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിലായിരുന്നു കൃഷ്ണകുമാറിന്റെ ശ്രദ്ധ. മുൻപു സിപിഎം ശക്തികേന്ദ്രങ്ങളിൽ ബിജെപിക്കു വേണ്ടി പ്രവർത്തനം നടത്താൻ ആളില്ലായിരുന്നെങ്കിൽ ഇപ്പോൾ മണ്ഡലത്തിൽ ഉടനീളം അതിനു കഴിയുമെന്ന് അദ്ദേഹം പറയുന്നു.
മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിൽ മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിൽ രണ്ടാമത്തെ വലിയ കക്ഷിയാകാൻ കഴിഞ്ഞു. 26 വാർഡുകൾ ജയിച്ചപ്പോൾ 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്ത് എത്തി. ഇതെല്ലാം സംഘടന ശക്തമാക്കാൻ കഴിഞ്ഞതിന്റെ ഫലങ്ങളാണെന്ന് അദ്ദേഹം പറയുന്നു.‘കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ആളുകളുടെ ഇടയിൽ സ്വീകാര്യത കിട്ടുന്നുണ്ട്. അന്ന് ഇത്തവണ കൂടി വിഎസിന് വോട്ട് ചെയ്യും, നിങ്ങൾക്ക് ഇനിയും അവസരമുണ്ടല്ലോ എന്നു പറഞ്ഞ വോട്ടർമാരുണ്ട്.
അവരുടെയെല്ലാം പിന്തുണ ഇപ്പോൾ ലഭിക്കുന്നു’.സ്ഥാനാർഥി പര്യടനം 27 മുതലാണു തീരുമാനിച്ചിരിക്കുന്നത്. ഇന്നു മലമ്പുഴയെ ഇളക്കി മറിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ടെത്തുന്നു. രാവിലെ 6.30ന് പ്രചാരണം ആരംഭിക്കുന്ന കൃഷ്ണകുമാർ പരമാവധി വോട്ടർമാരെ വീട്ടിലെത്തി കാണുന്നു. ഉച്ചയ്ക്കു ശേഷം പ്രചാരണം പട്ടണങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. ഇന്നലെ കല്ലേപ്പുള്ളി ടൗണിൽ കൃഷ്ണകുമാറിനെ കാണുമ്പോൾ രണ്ടാം സ്ഥാനം ഒന്നാക്കി മാറ്റുമെന്ന ആത്മവിശ്വാസം മുഖത്തുണ്ടായിരുന്നു.
മൂന്നാം സ്ഥാനം പഴങ്കഥ എന്ന് അനന്തകൃഷ്ണൻ
പഴയ ചരിത്രങ്ങളിലൊന്നും കാര്യമില്ലെന്ന നിലപാടാണ് യുഡിഎഫ് സ്ഥാനാർഥിയായ ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണന്റേത്. ഘടക കക്ഷിക്കു സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടു ചില തർക്കങ്ങൾ വന്നതിനാൽ തുടക്കം വൈകി, എങ്കിലും എല്ലാം സ്ഥലങ്ങളിലും ഓടിയെത്തുന്നു അദ്ദേഹം.കൊട്ടേക്കാട് ആനപ്പാറ മാരിയമ്മൻ കോവിൽ ഉത്സവ സ്ഥലത്തു വച്ചാണ് അനന്തകൃഷ്ണനെ കണ്ടത്. ക്ഷേത്രത്തിൽ കയറി തൊഴുതു പുറത്തിറങ്ങി ആളുകളോടു വോട്ട് അഭ്യർഥിക്കുന്നു.
മലമ്പുഴ മാറ്റം ആഗ്രഹിക്കുന്നു, അതുകൊണ്ടു വോട്ട് തനിക്കു നൽകാൻ അഭ്യർഥന. ചുറ്റും കൂടിയവർ സ്ഥാനാർഥിക്ക് ഒപ്പം നിന്നു സെൽഫിയെടുക്കുന്നു. ആളുകളെ നേരിൽക്കണ്ടു വോട്ട് അഭ്യർഥിക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. ഉടൻതന്നെ സ്ഥാനാർഥി പര്യടനം ആരംഭിക്കും. തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ തിരഞ്ഞെടുത്താൽ കഞ്ചിക്കോട് മേഖലയിൽ പൂട്ടിപ്പോയ കമ്പനികൾ തുറന്നു പ്രവർത്തിപ്പിക്കുമെന്ന ഉറപ്പാണ് അദ്ദേഹത്തിന് നൽകാനുള്ളത്.
‘മലമ്പുഴയൊരു വിഐപി മണ്ഡലമായിരുന്നു ഇതുവരെ, പക്ഷേ ആ പരിഗണന അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ ഇവിടെ ഉണ്ടായിട്ടില്ല. പാഡികോ ഉണ്ടെങ്കിലും കർഷകരുടെ നെല്ല് കെട്ടിക്കിടക്കുന്നു, മിൽമ ഉണ്ടെങ്കിലും ക്ഷീരകർഷകരുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല, മലമ്പുഴ ഡാം ഉണ്ടെങ്കിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്.’ ഇതിനെല്ലാമുള്ള പരിഹാരമാണ് വാഗ്ദാനം. കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനമെന്ന തിരിച്ചടിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഇനിയും അതു പറയുന്നതിൽ എന്തു കാര്യം? പിന്നീടു നടന്ന ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ബിജെപിയെക്കാൾ വളരെയധികം മുന്നിലെത്തി. ഈ തിരഞ്ഞെടുപ്പിൽ അതും കടന്നു വിജയിക്കുകതന്നെ ചെയ്യും.’