തിരുമാന്ധാംകുന്ന് പൂരം: ഇന്ന് ഭഗവതിക്കും ശിവനും ആറാട്ട്
Mail This Article
അങ്ങാടിപ്പുറം∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എട്ടാം പൂരത്തോടനുബന്ധിച്ച് ഭഗവതിക്കും ശിവനും ഇന്ന് ഒരേ സമയം ആറാട്ട്. രാവിലെ പന്തീരടീ പൂജ കഴിഞ്ഞ് ശിവന്റെയും ഭഗവതിയുടെയും തിടമ്പ് വെവ്വേറെ ആനപ്പുറത്തായി ആറാട്ടിനായി എഴുന്നള്ളിക്കും. ശിവന് പൂരക്കാലത്ത് ഇന്നു മാത്രമാണ് ആറാട്ട് നടക്കുക. ഇന്നലെ ഭഗവതിയുടെ സാന്നിധ്യത്തിൽ ഭൂതഗണങ്ങളെ സംപ്രീതരാക്കുന്ന ഉത്സവബലി നടന്നു. പന്തലക്കോടത്ത് സജി നമ്പൂതിരി കാർമികത്വം വഹിച്ചു. ആറാട്ടുകടവിൽ നടന്ന ആറാട്ടുപൂജകൾക്ക് പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരി കാർമികത്വം വഹിച്ചു. ആറാട്ടെഴുന്നെള്ളിപ്പിൽ ഗുരുവായൂർ വിഷ്‌ണു തിടമ്പേറ്റി. ഉത്സവബലിക്കായുള്ള എഴുന്നള്ളിപ്പിൽ ഗുരുവായൂർ ജൂനിയർ മാധവൻകുട്ടിയാണ് ഭഗവതിയുടെ തിടമ്പേറ്റിയത്.
ചെറുതാഴം ചന്ദ്രന്റെ തായമ്പക, മനുശങ്കർ, വിഷ്‌ണുപ്രസാദ് എന്നിവരുടെ ഡബിൾ തായമ്പക എന്നിവ ഉണ്ടായി. കല്ലൂർ സന്തോഷ്, സദനം രതീഷ് എന്നിവർ മദ്ദളത്തിലും സദനം സുരേഷ്, വടകര ഹരിഗോവിന്ദ് എന്നിവർ ചെണ്ടയിലും ഡബിൾ കേളി ഒരുക്കി. പ്രതീക്ഷ കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളി, പരമേശ്വരൻ നമ്പീശനും സംഘവും ഒരുക്കിയ അക്ഷരശ്ലോക സദസ്സ്, പുളിങ്കാവ് അയ്യപ്പക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരക്കളി, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, നാദസ്വരം, പാഠകം എന്നിവയും ഉണ്ടായി. തിരുമാന്ധാകുന്ന് തട്ടകം ആനപ്രേമി കൂട്ടായ്‌മയുടെ വകയായി ഇന്നലെ പൂരം എഴുന്നള്ളിപ്പിലെ ആനകളുടെ പാപ്പാൻമാർക്ക് വിഷു പുടവ സമ്മാനിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ സി.സി.ദിനേശ് പുടവകൾ കൈമാറി.
ഇന്ന് എട്ടാം പൂരം
രാവിലെ 7.00: കൈകൊട്ടിക്കളി, 7.30: ഭജനാമൃതം, നൃത്താഞ്ജലി, 8.30: പന്തീരടിപൂജ, 9.30: കൊട്ടിയിറക്കം 9.30: ശിവന്റെയും ഭഗവതിയുടെയും ആറാട്ടെഴുന്നള്ളിപ്പ്, 11.00: മേളത്തോടെ കൊട്ടിക്കയറ്റം, വൈകിട്ട് 3.00: ചാക്യാർകൂത്ത്, 4.00: ഓട്ടൻതുള്ളൽ, 5.00: നാദസ്വരം, പാഠകം, 5.30: സംഗീതസന്ധ്യ, ഭക്തിഗാനമേള, 9.30: കൊട്ടിയിറക്കം