കുരുന്നു വിരലുകൾ മുറുകെ പിടിച്ച് ‘ഹരിശ്രീ’ കുറിപ്പിച്ചു ഗുരുക്കന്മാർ ; അക്ഷരലോകത്തേക്ക്
പാലക്കാട്∙ ചെറുചിരിയോടെ എത്തിയ കുരുന്നുകൾക്ക് കിട്ടിയത് അക്ഷരത്തിന്റെ അതിമധുരം. മലയാള മനോരമ പാലക്കാട് യൂണിറ്റിൽ നടന്ന വിദ്യാരംഭത്തിൽ 430 കുട്ടികൾ ആദ്യാക്ഷരം എഴുതി. അറിവിന്റെ വഴികളിലേക്കു ചുവടുവയ്ക്കാൻ കരുത്തുണ്ടാകണേ എന്ന പ്രാർഥനയോടെ ഗുരുക്കന്മാർ കുരുന്നു വിരലുകൾ മുറുകെ പിടിച്ച് ‘ഹരിശ്രീ’
പാലക്കാട്∙ ചെറുചിരിയോടെ എത്തിയ കുരുന്നുകൾക്ക് കിട്ടിയത് അക്ഷരത്തിന്റെ അതിമധുരം. മലയാള മനോരമ പാലക്കാട് യൂണിറ്റിൽ നടന്ന വിദ്യാരംഭത്തിൽ 430 കുട്ടികൾ ആദ്യാക്ഷരം എഴുതി. അറിവിന്റെ വഴികളിലേക്കു ചുവടുവയ്ക്കാൻ കരുത്തുണ്ടാകണേ എന്ന പ്രാർഥനയോടെ ഗുരുക്കന്മാർ കുരുന്നു വിരലുകൾ മുറുകെ പിടിച്ച് ‘ഹരിശ്രീ’
പാലക്കാട്∙ ചെറുചിരിയോടെ എത്തിയ കുരുന്നുകൾക്ക് കിട്ടിയത് അക്ഷരത്തിന്റെ അതിമധുരം. മലയാള മനോരമ പാലക്കാട് യൂണിറ്റിൽ നടന്ന വിദ്യാരംഭത്തിൽ 430 കുട്ടികൾ ആദ്യാക്ഷരം എഴുതി. അറിവിന്റെ വഴികളിലേക്കു ചുവടുവയ്ക്കാൻ കരുത്തുണ്ടാകണേ എന്ന പ്രാർഥനയോടെ ഗുരുക്കന്മാർ കുരുന്നു വിരലുകൾ മുറുകെ പിടിച്ച് ‘ഹരിശ്രീ’
പാലക്കാട്∙ ചെറുചിരിയോടെ എത്തിയ കുരുന്നുകൾക്ക് കിട്ടിയത് അക്ഷരത്തിന്റെ അതിമധുരം. മലയാള മനോരമ പാലക്കാട് യൂണിറ്റിൽ നടന്ന വിദ്യാരംഭത്തിൽ 430 കുട്ടികൾ ആദ്യാക്ഷരം എഴുതി. അറിവിന്റെ വഴികളിലേക്കു ചുവടുവയ്ക്കാൻ കരുത്തുണ്ടാകണേ എന്ന പ്രാർഥനയോടെ ഗുരുക്കന്മാർ കുരുന്നു വിരലുകൾ മുറുകെ പിടിച്ച് ‘ഹരിശ്രീ’ കുറിപ്പിച്ചു.
റിട്ട. ഹൈക്കോടതി ജഡ്ജിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുൻ ഓംബുഡ്സ്മാനുമായ ജസ്റ്റിസ് എം.എൻ.കൃഷ്ണൻ, തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാർ, സംസ്ഥാന ഹയർ സെക്കൻഡറി ബോർഡ് മുൻ ഡയറക്ടർ ഡോ.സി.പി.ചിത്ര, സാഹിത്യ നിരൂപകൻ ആഷാ മേനോൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി റിസർച് ഫൗണ്ടേഷൻ ചെയർമാനും ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ.കെ.ജി.രവീന്ദ്രൻ, സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ എന്നീ ഗുരുക്കന്മാർ അറിവിന്റെ ആദ്യ മധുരം കുട്ടികൾക്കു പകർന്നു നൽകി. ഗുരുക്കന്മാർ ചേർന്നു വിളക്കു തെളിച്ചതോടെയാണ് വിദ്യാരംഭത്തിനു തുടക്കമായത്. അക്ഷര ലോകത്തേക്കു കടന്നവർക്ക് അവരുടെ വിദ്യാരംഭത്തിന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് തത്സമയം കൈമാറി. കുട്ടികൾക്കു മധുരവും സ്കൂൾ ബാഗും സമ്മാനങ്ങളും ഒരുക്കിയിരുന്നു.
കളിചിരികളും കൊഞ്ചലുകളും നിറഞ്ഞ് മനോരമ വിദ്യാരംഭം
മനോരമ അങ്കണത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങു വേദിയായതു കുരുന്നുകളുടെ കളികൾക്കും കൊഞ്ചലുകൾക്കും കൂടിയാണ്. മോളിയെന്ന പാവക്കുട്ടിയെയും അക്ഷരം എഴുതിക്കണമെന്ന വാശിയിലായിരുന്നു ശിവധ സിദ്ധാർഥ് വേദിയിലെത്തിയത്. ഗുരു ശിവധയുടെ വലതു കയ്യിലെ ചൂണ്ടു വിരലിൽ പിടിച്ചപ്പോൾ ശിവധ ഇടം കയ്യിൽ മോളിയെ ചേർത്തു പിടിച്ചു. ബെംഗളൂരുവിൽ നിന്ന് കൽപാത്തിയിലേക്കു മുത്തശ്ശി കലയ്ക്കൊപ്പം എത്തിയപ്പോഴും മോളിയെ തനിച്ചാക്കാൻ ശിവധ ഒരുക്കമല്ല.
ഊണിലും ഉറക്കത്തിലും ഒപ്പമുള്ള പാവക്കുട്ടിയുമായാണ് ആദ്യാക്ഷരം കുറിക്കാനും എത്തിയത്. ഗമയിൽ രക്ഷിതാക്കൾക്കൊപ്പം എത്തിയവർ അക്ഷരം എഴുതാനായി വേദിയിലേക്കു കയറിയതോടെ പലവിധ ഭാവങ്ങൾ മുഖത്ത് മാറി മറഞ്ഞു. സന്തോഷവും നാണവും സങ്കടവും ഒരേ സമയം ചിലരുടെ മുഖത്ത് മാറി മറഞ്ഞു. ഗുരുക്കൻമാരുടെ മടിയിൽ ഓടി കയറിയിരുന്നവരും മടിയിലിരിക്കാൻ കൂട്ടാക്കാതെ ചിണുങ്ങി കരഞ്ഞും അവർ അക്ഷര മധുരം നുകർന്നു. ഗുരുക്കന്മാർ നീട്ടിയ മിഠായിയുടെ മധുരത്തിൽ ചിലരെല്ലാം വാശി മറന്നു. ഗുരുക്കന്മാർ വിരലിൽ പിടിച്ച് എഴുതിച്ചശേഷം താലം മാറ്റിവെച്ചപ്പോൾ ചിലർ അരിയിൽ സ്വന്തമായി വീണ്ടും എഴുതി.
ഫോട്ടോ എടുക്കാൻ സെൽഫി പോയിന്റും ഒരുക്കിയിരുന്നു. ചിലർ മുണ്ടു മടക്കി കുത്തി പോസ് ചെയ്തു. ചിലർ വേദിയിൽ ഒരുക്കിയ വീണയ്ക്കും മൃദംഗത്തിനൊപ്പവും ഫോട്ടോയെടുത്തു. വീണ വായിക്കാനും മൃദംഗം കൊട്ടാനുമായിരുന്നു ചിലർക്കു താൽപര്യം. ചിലർ വീണ തൊട്ടു വണങ്ങി. എല്ലാ ഗുരുക്കൻമാരുടെയും അടുത്തെത്തി കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി. സമ്മാനമായി ലഭിച്ച ബാഗുകൾ തൂക്കിയും കുരുന്നുകൾ സന്തോഷത്തോടെ അക്ഷര മധുരം നുകർന്ന് മടങ്ങി.
അക്ഷരമെഴുതാൻ ഒപ്പം കൂടി കുടുംബാംഗങ്ങൾ
ഏഴു മാസം പ്രായമുള്ള മിലൻ ഒവിയ വിജയാണ് ആദ്യാക്ഷരം കുറിക്കാനെത്തിയവരിൽ ഇളയവൻ. കാനഡയിൽ ജനിച്ച മിലനുമായി അമ്മ ഒവിയ രവീന്ദ്രൻ, പാലക്കാട് ഗീതാ രവി നിലയത്തിൽ എത്തിയപ്പോഴാണ് മനോരമയിലെ നടക്കുന്ന വിദ്യാരംഭത്തെക്കുറിച്ച് അറിഞ്ഞത്. കാനഡയിൽ താമസമാക്കിയ ഒവിയയും ഭർത്താവ് വിജയ് കുമാർ ജയകുമാറും നാട്ടിൽ വരുന്നത് വർഷങ്ങൾക്കു ശേഷമാണ്. തിരികെ പോകുന്നതിനു മുൻപ് എഴുത്തിന് ഇരുത്താമെന്ന ആഗ്രഹം തോന്നിയതിനാലാണ് കുഞ്ഞുമായി എത്തിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഒരു വയസ്സുകാരൻ ആരവ് രമേഷും ഇന്നലെ ആദ്യാക്ഷരം കുറിച്ചു. കള്ളിക്കാട് ലേഖ നിവാസിൽ കെ.രമേഷ്, ജി.സുധ ദമ്പതികളുടെ മകനായ ആരവിനെ ഒന്നാം വയസ്സിൽ എഴുതിക്കാമെന്ന തീരുമാനം രമേഷിന്റെതായിരുന്നു. ഇവരുടെ മൂത്തമകൾ അനുഷികയും ആദ്യാക്ഷരം എഴുതിയത് ഒന്നാം വയസ്സിൽ തന്നെയായിരുന്നു. 5 ദിവസം മാത്രം പ്രായമുള്ള എം.മിഷികയുമായിട്ടാണ് മൂത്തമകൾ എം.മിശ്രയെ അക്ഷരം എഴുതിക്കാൻ രക്ഷിതാക്കൾ എത്തിയത്. അച്ഛൻ കെ.മണികണ്ഠനൊപ്പം മിശ്രയെ എഴുത്തിരുത്താൻ അയയ്ക്കാമെന്നു വിചാരിച്ചെങ്കിലും മകൾ ആദ്യാക്ഷരം കുറിക്കുന്നതു കാണാനുള്ള ആഗ്രഹത്താലാണ് ഒപ്പം പോന്നതെന്ന് അമ്മ ആർ.അശ്വനി പറഞ്ഞു.
ഒരു വയസ്സിന്റെ വ്യത്യാസത്തിൽ പിറന്ന റൈഹാൻ ഫാരിസും റിസ്വാൻ ഫാരിസും ഒന്നിച്ചെത്തിയാണ് വിദ്യാരംഭത്തിൽ പങ്കാളിയായത്. ഒലവക്കോട് ആണ്ടിമഠം സ്വദേശികളായ എസ്.സലീമിന്റെയും എ.ഫർസാനയുടെയും മക്കളാണ് ഇരുവരും. റൈഹാന് 4 വയസ്സായെങ്കിലും കോവിഡ് പ്രതിസന്ധികൾ ഉണ്ടായിരുന്നതിനാൽ എഴുതിക്കാൻ കഴിഞ്ഞില്ല. ഇരുവരെയും ഈ വർഷം ഒരുമിച്ച് എഴുതിക്കാൻ ഇതോടെ തീരുമാനിക്കുകയായിരുന്നു.
മനോരമയിൽ ഗുരുശ്രേഷ്ഠരായി 69 പേർ
മലയാള മനോരമയുടെ വിവിധ യൂണിറ്റുകളിലെ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരമെഴുതിച്ചത് പ്രമുഖ കലാകാരന്മാരും എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്ധരും ആധ്യാത്മിക രംഗത്തുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരുമായ 69 പേർ. 2002 ൽ മനോരമ പാലക്കാട് യൂണിറ്റിലെ വിദ്യാരംഭത്തിൽ ആദ്യാക്ഷരം എഴുതിയ ബി.കാവ്യയാണ് കോട്ടയത്ത് ഉദ്ഘാടനച്ചടങ്ങിൽ ദീപം കൈമാറിയത്. മനോരമ പത്രാധിപ സമിതിയിലെ പുതിയ അംഗമാണ് കാവ്യ.
വിവിധ യൂണിറ്റുകളിൽ ഗുരുക്കന്മാരായത് ഇവർ:
കോട്ടയം: ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, ഡോ. കെ.എൻ.രാഘവൻ, റോസ്മേരി, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ഷീന ഷുക്കൂർ, നാരായണ ഭട്ടതിരി, ജയിംസ് ജോസഫ്
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ, ഡോ. ജോർജ് ഓണക്കൂർ, ടി.പി.ശ്രീനിവാസൻ, ജേക്കബ് പുന്നൂസ്, സൂര്യ കൃഷ്ണമൂർത്തി
കൊല്ലം: നീലമന വി.ആർ.നമ്പൂതിരി, ഡോ. എ.അജയഘോഷ്, ഡോ. ബി.പത്മകുമാർ, പ്രഫ. പി.ഒ.ജെ.ലബ്ബ, ചവറ കെ.എസ്.പിള്ള
ആലപ്പുഴ: ജി.വേണുഗോപാൽ, വയലാർ ശരത്ചന്ദ്രവർമ, ഡോ. ടി.കെ.സുമ, ഡോ. പി.എം.മുബാറക് പാഷ
പത്തനംതിട്ട : ഡോ. അലക്സാണ്ടർ ജേക്കബ്, ബ്ലസി, ബെന്യാമിൻ, ഡോ. കെ.എസ്.രവികുമാർ, പി.എൻ.സുരേഷ്
കൊച്ചി : പ്രഫ. എം.കെ.സാനു, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ. ശ്രീവത്സൻ ജെ.മേനോൻ, പി.വിജയൻ, ഡോ. എം.ബീന, ഡോ. സച്ചിദാനന്ദ കമ്മത്ത്, സിപ്പി പള്ളിപ്പുറം
തൃശൂർ: കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, പ്രഫ. പി.വി.കൃഷ്ണൻ നായർ, പ്രഫ. പി.ഭാനുമതി, പ്രഫ. എം.ഡി.രത്നമ്മ
പാലക്കാട് : ജസ്റ്റിസ് എം.എൻ.കൃഷ്ണൻ, കല്ലൂർ രാമൻകുട്ടി മാരാർ, ഡോ. സി.പി.ചിത്ര, ആഷാ മേനോൻ, ഡോ. കെ.ജി.രവീന്ദ്രൻ, ടി.ഡി.രാമകൃഷ്ണൻ
മലപ്പുറം: ഇ.െക.ഗോവിന്ദ വർമ രാജ, ടി.ബി.വേണുഗോപാലപ്പണിക്കർ, ഡോ. കെ.മുരളീധരൻ, ശ്രീഹരി ഗിരീഷ് നമ്പൂതിരി.
കോഴിക്കോട്: ഡോ. ബീന ഫിലിപ്, ഡോ. ജെ.പ്രസാദ്, കൽപറ്റ നാരായണൻ, എൻ.പി.ഹാഫിസ് മുഹമ്മദ്, പി.പി.ശ്രീധരനുണ്ണി
കണ്ണൂർ: ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ
ഡൽഹി: വിജയ് കെ.നമ്പ്യാർ,
ജസ്റ്റിസ് ആശ മേനോൻ
മുംബൈ: ആനന്ദ് നീലകണ്ഠൻ, ജി.വി.ശ്രീകുമാർ.
ബെംഗളൂരു: എ.വി.എസ്.നമ്പൂതിരി, ശ്രീദേവി ഉണ്ണി.
ചെന്നൈ: ശരത്, ഗോപിക വർമ
ദുബായ്: ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ആസാദ് മൂപ്പൻ, ജോസ് പനച്ചിപ്പുറം
ഓസ്ട്രേലിയയിൽ നിന്ന് അക്ഷരമധുരം നുകർന്ന് രവി
ഓസ്ട്രേലിയയിൽ നിന്ന് എത്തിയ 9 വയസ്സുകാരൻ രവി ഭാസിൻ മനോരമയിൽ നടന്ന വിദ്യാരംഭത്തിൽ അക്ഷരമെഴുതി. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി റിസർച് ഫൗണ്ടേഷൻ ചെയർമാനും ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ.കെ.ജി.രവീന്ദ്രനെ കാണാനെത്തിയതാണ് ഓസ്ട്രേലിയൻ ദമ്പതികളായ ഡോ.നിലേഷ് ഭാസിനും ഭാര്യ പൗളിനും. ഓസ്ട്രേലിയയിലെ പെർത്തിൽ ഡോക്ടറായ നിലേഷ്, ഡോ.കെ.ജി.രവീന്ദ്രന്റെ കീഴിൽ ചികിത്സയ്ക്കായാണു കേരളത്തിലെത്തിയത്. അദ്ദേഹത്തെ കാണാനായി മലയാള മനോരമയിൽ എത്തിയപ്പോഴാണ് വിജയദശമിയെക്കുറിച്ച് അറിഞ്ഞത്. ഗുരുവായ ഡോ.കെ.ജി.രവീന്ദ്രൻ കുട്ടികളെ എഴുതിക്കുന്നതു കണ്ടതോടെ മകനെയും എഴുതിച്ചാലോ എന്ന ചിന്തയായി. കേരളത്തിന്റെ സംസ്കാരത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും പങ്കുവച്ചാണ് കുടുംബം മടങ്ങിയത്.
ഒരുമിച്ചെഴുതി ആദ്യാക്ഷരം
ആദ്യാക്ഷരം എഴുതാനാനെത്തിയ ആർ.ഋതുവിന്റെയും ഋതയുടെയും മുഖത്തേക്ക് ഗുരു ഡോ.സി.പി.ചിത്ര മാറിമാറി നോക്കി. കൺമഷി പൊട്ടിന്റെ വലുപ്പത്തിനോ വാൽകണ്ണിന്റെ നീളത്തിലോ വ്യത്യാസമില്ല. കൗതുകത്തോടെ ഗുരുവിന്റെ മുഖത്തു നോക്കിയ ഇരുവരോടും പേരു ചോദിച്ചപ്പോൾ കൃത്യമായ മറുപടി. അച്ഛൻ എം.രാജേഷിനു പോലും ഇടയ്ക്ക് ഇരുവരെയും മാറി പോകുമെന്ന് അമ്മ കെ.പി.ദീപ പറഞ്ഞതോടെ കുട്ടികളുടെ മുഖത്തും കുസൃതിച്ചിരി നിറഞ്ഞു. ഇവരുൾപ്പെടെ മനോരമയിൽ ഇന്നലെ 4 ജോഡി ഇരട്ടകളാണ് ആദ്യാക്ഷരം എഴുതാൻ എത്തിയത്. തെക്കഞ്ചേരിയിൽനിന്ന് ആർ.അഭയ്, ആർ.ആയുഷ്, യാക്കരയിൽനിന്ന് ആദിത്യ പി.നായർ, ആദിത്യൻ പി.നായർ കോട്ടായിൽനിന്ന് ഹർഷൻ ചന്ദ്രൻ, ഹർഷൽ ചന്ദ്രൻ എന്നീ ഇരട്ടകളാണ് ഒരേ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞു വിദ്യാരംഭത്തിനെത്തിയത്.