പൂച്ച കയറിയെന്ന് കരുതി കോഴിക്കൂടിനടുത്ത് എത്തി, കണ്ടത് പുലിയെ; ജീവൻ തിരികെ കിട്ടിയത് ഭാഗ്യത്തിന്
മണ്ണാർക്കാട് ∙ കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കുന്തിപ്പാടത്ത് വനത്തോടു ചേർന്നുള്ള ജനവാസ മേഖലയിലെ കോഴിക്കൂടിന്റെ കമ്പിവലയിൽ കുടുങ്ങിയ ആൺപുലി ചത്തു. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ
മണ്ണാർക്കാട് ∙ കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കുന്തിപ്പാടത്ത് വനത്തോടു ചേർന്നുള്ള ജനവാസ മേഖലയിലെ കോഴിക്കൂടിന്റെ കമ്പിവലയിൽ കുടുങ്ങിയ ആൺപുലി ചത്തു. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ
മണ്ണാർക്കാട് ∙ കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കുന്തിപ്പാടത്ത് വനത്തോടു ചേർന്നുള്ള ജനവാസ മേഖലയിലെ കോഴിക്കൂടിന്റെ കമ്പിവലയിൽ കുടുങ്ങിയ ആൺപുലി ചത്തു. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ
മണ്ണാർക്കാട് ∙ കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കുന്തിപ്പാടത്ത് വനത്തോടു ചേർന്നുള്ള ജനവാസ മേഖലയിലെ കോഴിക്കൂടിന്റെ കമ്പിവലയിൽ കുടുങ്ങിയ ആൺപുലി ചത്തു. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു.
ഏകദേശം നാലു വയസ്സുണ്ട് പുള്ളിപ്പുലിക്ക്. ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് കുന്തിപ്പാടം പൂവത്താനിയിൽ ഫിലിപ്പിന്റെ തൊഴുത്തിനോടു ചേർന്നുള്ള കോഴിക്കൂടിന്റെ ഉള്ളിൽ കയറിയ പുലി കമ്പിവലയിൽ കുടുങ്ങിയത്. കോഴികളുടെ ശബ്ദം കേട്ട് പോക്കാനാണെന്നു കരുതി കോഴിക്കൂടിനടുത്ത് എത്തി ടോർച്ച് തെളിച്ച ഫിലിപ്പിനു നേരെ പുലി ചാടുകയായിരുന്നു.
ചാടുന്നതിനിടെ പുലിയുടെ മുൻകാലുകളിലൊന്ന് കോഴിക്കൂടിന്റെ വലയിൽ കുരുങ്ങി. അതിനു നേരെ താഴെയാണ് തൊഴുത്തിന്റെ ചാണകക്കുഴിയെന്നതിനാൽ പുലിക്ക് കാൽ നിലത്തു ചവിട്ടാൻ കഴിയാത്ത സ്ഥിതിയായി. ആറു മണിക്കൂറോളം പുലി വലയിൽ തൂങ്ങിക്കിടന്നു. പുലിയെ മയക്കുവെടി വയ്ക്കാൻ വയനാട്ടിൽ നിന്നു ഡോ. അരുൺ സഖറിയ കണ്ടമംഗലത്തേക്കു പുലർച്ചെ തന്നെ തിരിച്ചു. ടോർച്ച് തെളിയിക്കുമ്പോഴും വാഹനത്തിന്റെ ലൈറ്റ് തെളിയുമ്പോഴുമെല്ലാം പ്രകോപിതനായ പുലി കോഴിക്കൂടിന്റെ വല പൊട്ടിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
ഇതു തുടർന്നപ്പോൾ പുലി കുടുങ്ങിയ ഭാഗത്തു ടാർപായ വിരിച്ചു മറച്ചു. അഥവാ കമ്പിവല പൊട്ടിച്ചു പുറത്തു ചാടിയാൽ പുലി ആളുകൾക്കു നേരെ വരാതിരിക്കാൻ കോഴിക്കൂടിന്റെ രണ്ടു വശത്തും വനംവകുപ്പു വല വിരിച്ചു. രാവിലെ ഒൻപതു മണിയോടെ മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു. വനംവകുപ്പിന്റെ പദ്ധതി. എന്നാൽ, ഈ കണക്കുകൂട്ടൽ തെറ്റിച്ച് പുലർച്ചെ ആറു മണിയോടെ പുലിയുടെ അനക്കം നിലച്ചു. തുടർന്നു കമ്പിവല വെട്ടിമാറ്റി പരിശോധിച്ചു മരണം സ്ഥിരീകരിച്ചു. ഉടൻ തന്നെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി പോസ്റ്റ്മോർട്ടം നടത്തി.
ജീവൻ തിരികെ കിട്ടി, കമ്പിവല വ്യത്യാസത്തിൽ
മണ്ണാർക്കാട് ∙ മലയോര മേഖലയിലെ പുലിഭീതിയുടെ നേർക്കാഴ്ചയ്ക്കാണ് ഇന്നലെ കണ്ടമംഗലം കുന്തിപ്പാടം പ്രദേശം സാക്ഷിയായത്. പുലർച്ചെ ഒരു മണിയോടെ അസാധാരണമായി കോഴികൾ ശബ്ദമുണ്ടാക്കുന്നതു കേട്ടു കോഴിക്കൂടിനടുത്ത് എത്തിയ പൂവത്താനിയിൽ ഫിലിപ്പിനു ജീവൻ തിരിച്ചുകിട്ടിയതു ഭാഗ്യംകൊണ്ടു മാത്രമാണ്. പൂച്ചയോ പോക്കാനോ കയറിയെന്ന ധാരണയിലാണു ഫിലിപ്പ് കോഴിക്കൂടിനടുത്ത് എത്തിയത്.
കൂട്ടിൽ വലിയൊരു ജന്തു നിൽക്കുന്നതു കണ്ടു മടവാളുമായി എത്തി ലൈറ്റ് തെളിയിച്ചതോടെ പുലി ഫിലിപ്പിനു നേരെ ചാടുകയായിരുന്നു. ഈ ചാട്ടത്തിലാണു പുലിയുടെ കൈ കോഴിക്കൂടിന്റെ കമ്പിവലയിൽ കുടുങ്ങിയത്. ഇതാണു ഫിലിപ്പിനു രക്ഷയായതും. ഒന്നു പകച്ചെങ്കിലും ധൈര്യം വിടാതെ വീട്ടിൽ കയറി അയൽക്കാരെയും ആർആർടിയെയും അറിയിക്കുകയായിരുന്നു.പത്ത് അടി നീളവും എട്ട് അടി വീതിയും അത്ര തന്നെ ഉയരവുമുള്ളതാണു കോഴിക്കൂട്. വേലിക്ക് ഉപയോഗിക്കുന്ന വല കൊണ്ടാണു കൂടു നിർമിച്ചത്.
രണ്ടു ലെയർ കമ്പിവല ഉപയോഗിച്ചിട്ടുണ്ട്. പുലിയെ പേടിച്ചാണ് ഇത്തരത്തിൽ കൂടൊരുക്കിയത്. നൂറു നാടൻ കോഴികളാണു കൂട്ടിലുണ്ടായിരുന്നത്. വിരലിലെണ്ണാവുന്നവയൊഴിച്ചു ബാക്കിയുള്ളവയെ പുലി കൊന്നു. നേരത്തെയും പുലിയുടെ ആക്രമണം പ്രദേശത്തുണ്ടായിട്ടുണ്ട്. ഫിലിപ്പിന്റെ തന്നെ വളർത്തുമൃഗങ്ങളെ വർഷങ്ങൾക്കു മുൻപു പുലി പിടിച്ചിട്ടുണ്ട്.
പ്രദേശവാസികൾക്ക് ആശ്വാസം
മണ്ണാർക്കാട് ∙ പുലി ചത്തെന്ന വാർത്ത ആശ്വാസത്തോടെയാണു മലയോര നിവാസികൾ കേട്ടത്. ഒന്നിന്റെ ശല്യം കുറഞ്ഞല്ലോ എന്നായിരുന്നു പലരുടെയും പ്രതികരണം. പുലിശല്യം മലയോര നിവാസികളുടെ ജീവിതം എത്രമാത്രം ദുരിതമാക്കിയെന്ന് ആ വാക്കുകളിലുണ്ട്. വന്യമൃഗ ഭീതിയിൽ റബർ ടാപ്പിങ് ഉൾപ്പെടെയുള്ള വരുമാന മാർഗം മുടങ്ങിയ കർഷകർ അനുഭവിക്കുന്ന പ്രയാസം പുലിയെ കാണാൻ വരുന്നവർക്ക് അറിയില്ലെന്നും അവർ പറഞ്ഞു.
മാനദണ്ഡ പ്രകാരം പോസ്റ്റ്മോർട്ടം
മണ്ണാർക്കാട് ∙ ദേശീയ കടുവ സംരക്ഷണ അതോറിറ്റി മാനദണ്ഡ പ്രകാരമുള്ള കമ്മിറ്റിയുടെ സാന്നിധ്യത്തിൽ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലാണു ജഡം പോസ്റ്റ്മോർട്ടം നടത്തിയത്. സുവോളജിസ്റ്റ്, രണ്ട് വെറ്ററിനറി ഡോക്ടർമാർ, പഞ്ചായത്ത് പ്രതിനിധികൾ, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രതിനിധി എന്നിവരടങ്ങുന്നതാണു കമ്മിറ്റി.
വൈൽഡ് ലൈഫ് വാർഡൻ പ്രതിനിധി നമശ്ശിവായം, സുവോളജിസ്റ്റ് പ്രഫ. പി.എം.റഷീദ്, വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.അരുൺ സഖറിയ, വെറ്ററിനറി സർജൻ ഡോ.ഡേവിസ് ഫിലിപ്പ്, എസിഎഫ് ടി.പ്രദീപ്, പഞ്ചായത്തംഗം നിജോ വർഗീസ് എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
ഏറെ നേരം തൂങ്ങിക്കിടന്നു, വേദനയിൽ ഹൃദയാഘാതം
മണ്ണാർക്കാട് ∙ കണ്ടമംഗലം കുന്തിപ്പാടത്തു കോഴിക്കൂട്ടിൽ കുരുങ്ങിയ പുലി ചാകാൻ കാരണം ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു. ഏറെ നേരം തൂങ്ങിക്കിടന്നതുമൂലം ഉണ്ടായ വേദനയെ തുടർന്നുള്ള ഹൃദയാഘാതം (കാപ്ചർ മയോപ്പതി) ആണു കാരണമെന്നാണു പ്രാഥമിക കണ്ടെത്തൽ.
ഇന്നലെ പുലർച്ചെ ഒരു മണി മുതൽ ആറു മണിക്കൂറാണ് കോഴിക്കൂടിലെ ഇരുമ്പുവലയിൽ പുലി തൂങ്ങിനിന്നത്.വലയിൽ കുടുങ്ങിയ വലതു കൈക്ക് പൊട്ടലുണ്ട്. പുലിയുടെ മേൽനിരയിലെ ഒരു പല്ല് പോയിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല. പുലിയുടെ ശരീരത്തിൽ പെല്ലറ്റ് ഇല്ലെന്നും ഡോ. അരുൺ സഖറിയ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കു സാംപിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയയ്ക്കും.
ഓടിയെത്തി ആർആർടി
മണ്ണാർക്കാട് ∙ പുലി കുടുങ്ങിയത് അറിഞ്ഞയുടൻ എത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) പുലർച്ചെ ഒന്നര മുതൽ സ്ഥലത്തുണ്ടായിരുന്നു. വൈകാതെ പൊലീസ് സംഘവും എത്തി. വിവരമറിഞ്ഞ് ആളുകൾ കൂട്ടമായി എത്തുന്നതു തടയാൻ വനം വകുപ്പും പൊലീസും മുൻകരുതലുകൾ എടുത്തിരുന്നു.
ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും മാത്രമാണു സ്ഥലത്തേക്കു കടത്തി വിട്ടത്. എസിഎഫ് ടി.പ്രദീപിന്റെയും മണ്ണാർക്കാട് റേഞ്ച് ഓഫിസർ എൻ.സുബൈറിന്റെയും നേതൃത്വത്തിൽ വനപാലകർ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.വർഷങ്ങളായി കണ്ടമംഗലം, പൊതുവപ്പാടം, കാരാപ്പാടം, മൈലാംപാടം പ്രദേശം വന്യമൃഗ ഭീതിയിലാണ്.
നിജോ വർഗീസ്, പഞ്ചായത്തംഗം
രണ്ടു വർഷം മുൻപാണ് തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നു രണ്ടു പുലികളെ പിടികൂടിയത്. ടാപ്പിങ് തൊഴിലാളികളും മറ്റും പല ദിവസങ്ങളിലും പുലിയെ കാണുന്നുണ്ട്. കടുവയും കാട്ടാനയും ഉൾപ്പെടെയുള്ളവ പ്രദേശത്ത് വിഹരിക്കുന്നുണ്ട്. ജീവൻ പണയപ്പെടുത്തിയാണ് ഇവിടെ ആളുകൾ കഴിയുന്നത്. പ്രദേശത്തെ വളർത്തുമൃഗങ്ങളെ കാണാതാകുന്നത് പതിവു സംഭവമാണ്. കഴിഞ്ഞയാഴ്ചയാണ് തത്തേങ്ങലത്ത് റോഡിനു സമീപം പുലിയെയും രണ്ടു കുട്ടികളെയും കണ്ടത്.
സോണി മേക്കളപ്പാറ, കർഷകൻ
വന്യമൃഗങ്ങളുടെ മുൻപിൽ നിന്നു തലനാരിഴയ്ക്കാണ് ഇവിടെ ആളുകൾ രക്ഷപ്പെടുന്നത്. പുലി വളർത്തുമൃഗങ്ങളെ പിടിച്ചാൽ വനം വകുപ്പു പറയുന്ന ന്യായം അതു പുലിയല്ല, പോക്കാനാണെന്നാണ്. കോഴിയെ പിടിച്ചു പരാതിപ്പെട്ടാൽ വനം വകുപ്പ് സ്ഥിരം പറയുന്ന മറുപടി പുലി കോഴിയെ പിടിക്കില്ലെന്നാണ്.കോഴിക്കൂട്ടിൽ പുലി കയ്യോടെ പിടിയിലായ സാഹചര്യത്തിൽ ഈ സിദ്ധാന്തം മാറ്റാൻ വനംവകുപ്പ് തയാറാകുമോ? കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണ് ഇത്രമാത്രം വന്യമൃഗ ശല്യം രൂക്ഷമാകുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലണം.