പവർഫുള്ളാണ് പെണ്ണ്
സ്ത്രീമുന്നേറ്റത്തിന് ആരാണ്, എന്താണ് തടസ്സം? വ്യവസ്ഥിതിയും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം കട്ടയ്ക്കു തടസ്സം നിന്ന കാലം കഴിഞ്ഞില്ലേ..? കഠിനാധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ മുന്നോട്ടുള്ള പോക്കിനു തടസ്സം നിൽക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നു തറപ്പിച്ചു പറയുകയാണു മലയാള മനോരമ നടത്തിയ
സ്ത്രീമുന്നേറ്റത്തിന് ആരാണ്, എന്താണ് തടസ്സം? വ്യവസ്ഥിതിയും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം കട്ടയ്ക്കു തടസ്സം നിന്ന കാലം കഴിഞ്ഞില്ലേ..? കഠിനാധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ മുന്നോട്ടുള്ള പോക്കിനു തടസ്സം നിൽക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നു തറപ്പിച്ചു പറയുകയാണു മലയാള മനോരമ നടത്തിയ
സ്ത്രീമുന്നേറ്റത്തിന് ആരാണ്, എന്താണ് തടസ്സം? വ്യവസ്ഥിതിയും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം കട്ടയ്ക്കു തടസ്സം നിന്ന കാലം കഴിഞ്ഞില്ലേ..? കഠിനാധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ മുന്നോട്ടുള്ള പോക്കിനു തടസ്സം നിൽക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നു തറപ്പിച്ചു പറയുകയാണു മലയാള മനോരമ നടത്തിയ
സ്ത്രീമുന്നേറ്റത്തിന് ആരാണ്, എന്താണ് തടസ്സം? വ്യവസ്ഥിതിയും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം കട്ടയ്ക്കു തടസ്സം നിന്ന കാലം കഴിഞ്ഞില്ലേ..? കഠിനാധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ മുന്നോട്ടുള്ള പോക്കിനു തടസ്സം നിൽക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നു തറപ്പിച്ചു പറയുകയാണു മലയാള മനോരമ നടത്തിയ വനിതാദിന ചർച്ചയിൽ പങ്കെടുത്തവർ. അവസരങ്ങളും സാധ്യതകളും കണ്ടെത്തി സ്വയം മുന്നോട്ടുവരാൻ ശ്രമിക്കേണ്ടതിനെക്കുറിച്ചും മാറേണ്ട പ്രവണതകളെക്കുറിച്ചുമെല്ലാം കലക്ടർ ഡോ.എസ്.ചിത്രയ്ക്കൊപ്പം ചർച്ച ചെയ്തു, ജില്ലയിലെ മിടുക്കികളിൽ ചിലർ.
സാമ്പത്തിക സ്വയംപര്യാപ്തത നേടിയവർ ഉൾപ്പെടെ മിക്ക സ്ത്രീകളിലും വിളർച്ച കൂടിവരുന്നതു നിസ്സാരമായി തള്ളേണ്ടെന്നു പറയുന്നു, ഡോക്ടർ കൂടിയായ കലക്ടർ എസ്.ചിത്ര. കുടുംബത്തിലെയും സമൂഹത്തിലെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഓടിനടക്കുമ്പോൾ പലരും സ്വന്തം ആരോഗ്യം മറക്കുകയാണ്. ശാരീരിക പ്രശ്നങ്ങളെ അവഗണിച്ചു മുന്നോട്ടുപോകുന്നതു വലിയ തിരിച്ചടികൾക്കു വഴിവയ്ക്കുമെന്നു കലക്ടർ ഓർമിപ്പിച്ചു.
പഠിക്കണം, പങ്കുവയ്ക്കാൻ
വീട്ടുജോലികൾ ഉൾപ്പെടെ ഉത്തരവാദിത്തങ്ങൾ കുടുംബാംഗങ്ങൾ പങ്കിടേണ്ടതിന്റെ പ്രാധാന്യമാണു ഡോ.എസ്.ഷിജി ചൂണ്ടിക്കാട്ടിയത്. പുതിയ തലമുറയിലെ ആൺകുട്ടികൾ പലരും വീട്ടുജോലികൾ ചെയ്യാൻ തയാറാകുന്നുണ്ട്. അതേസമയം, ഇതൊക്കെ ഞാൻ ചെയ്യണോ എന്നു ചിന്തിക്കുന്നവരും ഇപ്പോഴുമുണ്ടെന്ന് അനഘ എം.നായർ കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ വീട്ടുജോലികൾ ചെയ്തു പഠിക്കണം.
ബ്രേക്ക് പറയേണ്ടത് കരിയറിനോടല്ല
രാത്രി പകലാക്കി കുത്തിയിരുന്നു വർഷങ്ങളോളം പഠിച്ചു നേടിയെടുക്കുന്ന ജോലി, വിവാഹം കഴിഞ്ഞാലുടനെയോ അല്ലെങ്കിൽ കുട്ടികൾ ജനിക്കുന്നതോടെയോ ഉപേക്ഷിക്കേണ്ടി വരികയാണു സ്ത്രീകൾക്ക്. ഉന്നതവിദ്യാഭ്യാസം നേടിയ എത്ര പെൺകുട്ടികളാണ് ഇങ്ങനെ വീട്ടകങ്ങളിൽ തളച്ചിടപ്പെട്ടതെന്നു ചോദിക്കുന്നു എം.ബി.സൂര്യ. ഇത്തരക്കാരെ തിരികെ ജോലിയിലെത്തിക്കാൻ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന തീവ്രശ്രമങ്ങൾ കലക്ടർ ചൂണ്ടിക്കാട്ടി.
വേണ്ടേ, വിവാഹം?
‘‘അല്ല മോളേ, ഒരു ബിരിയാണി തരാൻ സമയമായില്ലേ?’’ – 20 വയസ്സു മുതൽ കേൾക്കുന്ന ഈ ചോദ്യമാണ് പുതിയ കാലത്തെ പെൺകുട്ടികൾ ഏറ്റവും വെറുക്കുന്നതെന്ന് അഗ്ന മുഹമ്മദലി പറയുന്നു. ബിരിയാണിയല്ലേ, വാങ്ങിത്തരാമെന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞു ശീലിച്ചിരിക്കുകയാണിപ്പോൾ. വിവാഹം വേണ്ടെന്നു പെൺകുട്ടി തീരുമാനിച്ചാൽ ഉൾക്കൊള്ളാൻ സമൂഹം പാകപ്പെട്ടിട്ടില്ലെന്നു കെ.ഗായത്രി. വിവാഹം മാറ്റിവച്ച് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും ശ്രമിക്കുമ്പോൾ ആധി മുഴുവൻ സമൂഹത്തിനാണെന്നു സാന്ദ്ര ഷനോജ്. സ്വന്തം ജീവിതമാണു കലക്ടർ ചൂണ്ടിക്കാട്ടിയത് – 29–ാം വയസ്സിലായിരുന്നു വിവാഹം.
സ്ത്രീധനം വേണ്ട, ഷെയറോ?
സ്ത്രീധന പീഡനങ്ങളുടെ വാർത്തകളെല്ലാം ഞെട്ടിക്കുന്നതാണ്. വിവാഹം പെൺകുട്ടികൾക്കു പേടിസ്വപ്നമാകാൻ ഒരു പരിധിവരെ ഇതും കാരണമാണെന്നു പറയുന്നു ശാലിനി സജി. സ്ത്രീധനം വേണ്ടെങ്കിലും, മാതാപിതാക്കളുടെ സ്വത്തിൽ പെൺമക്കൾക്കു തുല്യ അവകാശം വേണ്ടതുതന്നെ എന്ന കാര്യത്തിൽ ജി.ഗ്രീഷ്മയ്ക്കു സംശയമില്ല. സ്വത്തിൽ തുല്യാവകാശമുണ്ടെന്നും സ്ത്രീധനത്തിനെതിരെ ശക്തമായ നിയമമുണ്ടെന്നും കലക്ടർ ഓർമിപ്പിച്ചു.
രാഷ്ട്രീയത്തിലും വേണം, തുല്യത
സ്ത്രീകളുടെ ഉന്നമനത്തിന്, രാഷ്ട്രീയത്തിലും തുല്യ പ്രാതിനിധ്യം അത്യാവശ്യമാണെന്നാണു മാതംഗി അജിത്കുമാറിന്റെ അഭിപ്രായം. രാജ്യത്തു രണ്ടു സ്ത്രീകൾ രാഷ്ട്രപതിയായി. ഒരാൾ പ്രധാനമന്ത്രിയായി. അതേസമയം, കേരള നിയമസഭയിൽ ചരിത്രത്തിൽ തന്നെ സ്ത്രീകളുടെ എണ്ണം തീരെക്കുറവാണ്. സംസ്ഥാനത്തിനൊരു വനിതാ മുഖ്യമന്ത്രി വൈകരുതെന്ന ആഗ്രഹവും മാതംഗി പങ്കുവച്ചു.
എല്ലാ ദിവസവും സ്ത്രീയുടേതല്ലേ?
നൈന ഫെബിന്റേതായിരുന്നു ഈ സംശയം. സ്ത്രീയും പുരുഷനും ട്രാൻസ് വ്യക്തികളും തുല്യമായി ജീവിക്കുന്ന, ഒരേ വഴികളിലൂടെ നടക്കുന്ന കാലത്തിനല്ലേ പരിശ്രമിക്കേണ്ടത്? അപ്പോൾ സ്ത്രീകൾക്കു വേണ്ടി പ്രത്യേക ദിനം ആവശ്യമുണ്ടോയെന്നും ചോദ്യം ഉയർന്നു. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒട്ടേറെ സ്ത്രീകൾ ലോകത്തുണ്ടെന്നും അവരുടെ ഉന്നമനമാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കലക്ടർ വിശദീകരിച്ചു.
ചർച്ചയിൽ പങ്കെടുത്തവർ
ഡോ.എസ്.ഷിജി, അധ്യാപിക, സംരംഭക, എലവഞ്ചേരി എഴുത്തച്ഛൻ കോളജ് ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടി കോളജ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെ മകൻ പിറന്നതോടെ ഡോ. എസ്.ഷിജിയുടെ കരിയർ ബ്രേക്ക് ആയി. തിരിച്ചുവരവു കോളജ് അധ്യാപികയായി മാത്രമായിരുന്നില്ല. ഇവന്റ് മാനേജ്മെന്റ് സംരംഭവും തുടങ്ങി.
ജി.ഗ്രീഷ്മ, വിദ്യാർഥി, ആലത്തൂർ എസ്എൻ കോളജ് ബംഗാളിൽ നടന്ന എൻഎസ്എസ് ദേശീയ ക്യാംപിൽ കേരളത്തിൽ നിന്നു പങ്കെടുത്ത 10 കുട്ടികളിൽ ഒരാൾ. നല്ല കൈപ്പടയുള്ള ഗ്രീഷ്മ നാനോ എഴുത്തിൽ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.
അഗ്ന മുഹമ്മദലി, വിദ്യാർഥി, സോളോ റൈഡർ, ധോണി ലീഡ് കോളജ് ഓഫ് മാനേജ്മെന്റ് സ്വന്തം ഇഷ്ടങ്ങൾ കുട്ടിക്കാലം മുതൽ തിരസ്ക്കരിക്കപ്പെട്ടതും സഹപാഠികളുടെ ഒറ്റപ്പെടുത്തലുമെല്ലാം അഗ്നയെ ഡിപ്രഷനിലെത്തിച്ചെങ്കിലും മാതാപിതാക്കൾ ചേർത്തുനിർത്തി. ഒറ്റയ്ക്കുള്ള യാത്രകളാണ് ഇഷ്ടവിനോദം. ലഡാക് യാത്രയ്ക്ക് ഒരുങ്ങുകയാണ്.
നൈന ഫെബിൻ, പരിസ്ഥിതി പ്രവർത്തക കുട്ടിക്കാലം മുതലേ കാടുകളോടായിരുന്നു ഇഷ്ടം. ഒരു വർഷം 1001 മുളന്തൈകൾ നട്ടു പരിപാലിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ഉജ്വലബാല്യം’ പുരസ്കാരവും സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ്കാരവും ലഭിച്ചു. പ്ലസ്ടുവിനു ശേഷം ബിഎസ്സി ഫോറസ്ട്രി പഠിക്കാനുള്ള തയാറെടുപ്പിലാണ്.
എം.ബി.സൂര്യ, വിദ്യാർഥി, ആലത്തൂർ എസ്എൻ കോളജ് ഷൂട്ടിങ് പ്രീ നാഷനൽ മത്സരത്തിൽ പങ്കെടുക്കാൻ പോയതു സുഹൃത്തിന്റെ ഉപകരണങ്ങൾ കടം വാങ്ങിയായിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികളുടെയും കോട്ടിന്റെ പിറകിൽ സ്വന്തം പേര് എഴുതിയിരുന്നു. സൂര്യ മറ്റൊരു കുട്ടിയുടെ പേരിലുള്ള കോട്ട് ധരിച്ചു മത്സരിച്ചു, സ്വർണവുമായി മടങ്ങി.
ശാലിനി സജി, രാജ്യാന്തര കായികതാരം, പാലക്കാട് മേഴ്സി കോളജ് തായ്ലൻഡിൽ നടക്കുന്ന സോഫ്റ്റ് ബോൾ ഇന്റർനാഷനലിൽ സിലക്‌ഷൻ കിട്ടിയിട്ടും ശാലിനി മാതാപിതാക്കളോട് ആ വിവരം പറഞ്ഞില്ല. മത്സരത്തിൽ പങ്കെടുക്കാനുള്ള ചെലവിനുള്ള ഒന്നര ലക്ഷം രൂപ കണ്ടെത്താൻ കൂലിപ്പണിക്കാരായ മാതാപിതാക്കളെക്കൊണ്ടു കഴിയില്ലെന്നറിയാമായിരുന്നു. സിലക്‌ഷൻ വിവരം കോളജിൽ നിന്നറിഞ്ഞ മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ പണം കണ്ടെത്തി. സോഫ്റ്റ് ബോളിൽ മികച്ച പ്രകടനം കാഴ്ചവച്ച് എട്ടാം സ്ഥാനത്ത് എത്തിയാണ് ടീം അന്നു മടങ്ങിയത്.
മാതംഗി അജിത് കുമാർ, പിന്നണി ഗായിക, വിദ്യാർഥി, പാലക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 18 വയസ്സിനുള്ളിൽ 20 സിനിമകളിൽ പാടി. എം.എസ്.വിശ്വനാഥൻ, യേശുദാസ് എന്നിവർക്കൊപ്പം പാടി. എംബിബിഎസിന് പ്രവേശനം കിട്ടിയിട്ടും സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കാനായി വേണ്ടെന്നു വച്ചു.
സാന്ദ്ര ഷനോജ്, വിദ്യാർഥി, ധോണി ലീഡ് കോളജ് ഓഫ് മാനേജ്മെന്റ് 4 വയസ്സിൽ അച്ഛൻ മരിച്ചതോടെ മുത്തച്ഛനും മുത്തശ്ശിയുമാണു സാന്ദ്രയെ വളർത്തിയത്. സംഗീതവും നൃത്തം ഏറെയിഷ്ടം. വീണ, മൃദംഗം, വയലിൻ എന്നിവയും നൃത്തവും സംഗീതവും പഠിച്ചു. കേരളോത്സവത്തിൽ ജില്ലാ കലാതിലകം, ദേശീയ യുവജനോത്സവത്തിലും സമ്മാനം നേടി.
സോന ജോൺ, ദേശീയ കായികതാരം, പാലക്കാട് മേഴ്സി കോളജ്
നിന്നെക്കൊണ്ടു സ്പോർട്സിൽ വിജയിക്കാൻ കഴിയില്ലെന്നു ഒരിക്കൽ ഒരു അധ്യാപിക മുഖത്തു നോക്കി പറഞ്ഞതു സോനയുടെ ഹൃദയത്തിൽ തറച്ചു. ആ വാശിയിൽ കഠിനാധ്വാനം, ഇപ്പോൾ സോഫ്റ്റ്ബോൾ ദേശീയതാരം.
സൺഡേ ഹോളിഡേ ആർക്ക്
തൊഴിലിടത്തിൽ ആഴ്ചയിൽ ഒരു ദിവസം വിശ്രമിക്കാൻ കിട്ടിയാൽ, ആ ദിനം അടുക്കളയിൽ തീരുകയല്ലേ സ്ത്രീകൾക്ക്? അടുത്ത ഒരാഴ്ച ജോലി ചെയ്യാനുള്ള ഊർജത്തിനായി അൽപം ഒഴിവുദിന നേരമ്പോക്കുകളൊക്കെ സ്ത്രീകൾക്കും വേണമെന്നാണു സോന ജോണിന്റെ അഭിപ്രായം. ഇതിനിടെ, ഒരു ജില്ലയുടെ മുഴുവൻ ചുമതല വഹിക്കുന്ന കലക്ടർ എങ്ങനെയാണു ജോലിസമ്മർദം കുറയ്ക്കുന്നതെന്നു ഷിജിയുടെ ചോദ്യം. വീട്ടിൽ കണ്ടെത്തും, എന്റേതായ ഇടം
ഔദ്യോഗിക ജീവിതത്തിൽ തീർച്ചയായും സമ്മർദമുണ്ട്. ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും തമ്മിൽ കൂട്ടിക്കലർത്താറില്ല. വീട്ടിൽ എന്റേതായ ഇടം കണ്ടെത്തും. വായിക്കും, സിനിമ കാണും. ഒന്നു റിഫ്രെഷ് ചെയ്യാൻ ഇടയ്ക്കിടെ യാത്രപോകും. അമിതമായി സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യാതിരിക്കാൻ ചെറുപ്പത്തിലേ അച്ഛൻ ശീലിപ്പിച്ചു. പാസ്പോർട്ട് എടുക്കാനും ബാങ്ക് അക്കൗണ്ട് എടുക്കാനുമെല്ലാം തനിച്ചുവിട്ട് കുട്ടിയായിരിക്കുമ്പോഴേ ഒറ്റയ്ക്കു കാര്യങ്ങൾ ചെയ്യാൻ അച്ഛൻ പ്രാപ്തയാക്കി.