ADVERTISEMENT

പാലക്കാട്∙‌ മൈതാനം നിറയുന്ന ഗോളാരവങ്ങളുടെ ഓർമകളുമായി അവർ ഒരിക്കൽ കൂടി കളത്തിലിറങ്ങി.  പിന്നെ കുറിയതും നീണ്ടതുമായ കുറിക്കു കൊള്ളുന്ന പാസുകൾ, ഷോട്ടുകൾ. ആവേശത്തിരയിൽ അവർ വീണ്ടും നാട്ടിലെ താരങ്ങളായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ് ഫുട്ബോളേഴ്സ് അസോസിയേഷൻ (ക്യൂഫ) വാർഷികത്തോടനുബന്ധിച്ചാണ് അംഗങ്ങളുടെ സൗഹൃദ മത്സരം നടന്നത്. സൗഹൃദ മത്സരമായിരുന്നെങ്കിലും ഗ്രൗണ്ടിലെത്തിയ അംഗങ്ങൾ ടീമിനായി പ്രായം മറന്നു കളിച്ചു.‌ 1968ൽ കാലിക്കറ്റ് സർവകലാശാല സ്ഥാപിതമായപ്പോൾതന്നെ കേരളത്തിലെ ‘സ്പോർട്സ് സർവകലാശാല’യാണെന്നു തെളിയിച്ചിരുന്നു.

അരങ്ങേറ്റത്തിൽ തന്നെ, ദക്ഷിണമേഖലാ ഫുട്‌ബാൾ ചാംപ്യൻഷിപ് നേടിക്കൊണ്ടാണു സർവകലാശാല ഈ പേരു സ്വന്തമാക്കിയത്. സർവകലാശാലയ്ക്കു വേണ്ടി കളിച്ചുതുടങ്ങിയ മിടുക്കന്മാർ പിന്നീട് കേരളത്തിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും കളിച്ചു. സർകലാശാലയിലെ കാൽപന്തു കളിക്കാർ 30 വർഷം മുൻപു രൂപീകരിച്ചതാണ് ക്യൂഫ. പഴയവരും പുതിയവരുമായ പന്തുകളിക്കാർ, അവരെ വലുതാക്കിയ കോച്ചുകൾ, റഫറിമാർ എന്നിവരെല്ലാം ക്യൂഫയിലുണ്ട്.

29 വർഷമായി അസോസിയേഷനെ നയിക്കുന്നതു കാലിക്കറ്റിന്റെ ഇതിഹാസ പരിശീലകൻ എന്നറിയപ്പെടുന്ന സി.പി.എം.ഉസ്മാൻ കോയയും അദ്ദേഹത്തിന്റെ ശിഷ്യനായി കളി തുടങ്ങി, സർവകലാശാലയിൽ തന്നെ പരിശീലകനായി പ്രവർത്തിച്ച ശേഷം വിരമിച്ച വിക്ടർ മഞ്ഞിലയും 1971ൽ കാലിക്കറ്റ് ആദ്യമായി അശുതോഷ് മുഖർജി കപ്പ് ഉയർത്തിയപ്പോൾ ടീം അംഗമായിരുന്ന ഇ.രാമചന്ദ്രനും ചേർന്നാണ്. 30–ാം വർഷവും അസോസിയേഷനെ നയിക്കാനുള്ള ചുമതല ഇവർക്കു തന്നെയാണ്. ഇന്നലെ ചേർന്ന വാർഷിക യോഗത്തിലും പ്രസിഡന്റായി സി.പി.എം. ഉസ്മാൻ കോയയും സെക്രട്ടറിയായി വിക്ടർ മഞ്ഞിലയെയും ട്രഷററായി ഇ.രാമചന്ദ്രനെയും തിരഞ്ഞെടുത്തു.

1968ലെ കളിക്കാരായ സി.ഉമ്മർ, എം.പി.ദാനിയേൽ, ജോസ് പി.ജോർജ് തുടങ്ങിയവരും ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ച സുഷാന്ത് മാത്യു ഉൾപ്പെടെയുള്ള താരങ്ങളും രാവിലെ നടന്ന സൗഹൃദമത്സരത്തിൽ പങ്കെടുത്തു. കളിക്കളത്തിൽ നിന്ന് അവർ നേരെ പോയത് ഓർമകളുടെ ഒത്തുചേരലിലേക്കായിരുന്നു. വർഷംതോറും ഇവർ ഫുട്ബോൾ പ്രതിഭകൾക്കായി ക്യാംപ് നടത്തുന്നു. ആണ്ടിലൊരിക്കൽ സമ്മേളിച്ച് പഴയ നാളുകളെ അനുസ്മരിച്ചു പന്തു കളിക്കുന്നു. ഒപ്പം തങ്ങളുടെ മൺമറഞ്ഞ പഴയ കൂട്ടുകാരെ അനുസ്മരിക്കും. മരിച്ച കളിക്കാരുടെ കുടുംബാംഗങ്ങൾക്കു സാമ്പത്തിക സഹായമായി 50,000 രൂപ വീതം 20 പേർക്കു ധനസഹായവും ഇതുവരെ നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com