വരുന്നു ഗണേശോത്സവ നാളുകൾ; വരവേൽക്കാനൊരുങ്ങി ജില്ല, വിനായക ചതുർഥി ഉത്സവം നാളെ
Mail This Article
പാലക്കാട് ∙ വിഘ്നേശ്വരന്റെ അനുഗ്രഹപ്രസാദം തേടി ഗണേശോത്സവത്തെ വരവേൽക്കാൻ ഭക്തിപൂർവം ജില്ല ഒരുങ്ങി. ആരാധനയ്ക്കും നിമജ്ജനത്തിനുമായി തയാറാക്കിയ ഗണപതി വിഗ്രഹങ്ങൾ അതതു സ്ഥലങ്ങളിലെത്തിച്ചു പൂജകൾ ആരംഭിച്ചു. നാളെയാണ് വിനായക ചതുർഥി ഉത്സവം. 21നു പാലക്കാട്ട് മഹാനിമജ്ജന ശോഭായാത്ര നടക്കും. തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്കു വരെ പാലക്കാട്ടു നിന്നാണു ഗണപതി വിഗ്രഹങ്ങൾ എത്തിച്ചിട്ടുള്ളത്. 3 മുതൽ 16 അടി വരെ ഉയരമുള്ള മൂന്നൂറോളം ഗണപതി വിഗ്രഹങ്ങളാണു പാലക്കാട്ട് നിർമിച്ചത്.
മള്ളിയൂർ ഗണപതി മാതൃകയിലുള്ള ഗണേശ വിഗ്രഹമാണ് ഇത്തവണത്തെ പ്രത്യേകത. തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നു പേപ്പർ പൾപ്പുകൾ എത്തിച്ചു പ്രകൃതിസൗഹൃദ വിഗ്രഹങ്ങളാണു തയാറാക്കിയിട്ടുള്ളതെന്നു ജില്ലാ ഗണേശോത്സവ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് എം.ശിവഗിരി പറഞ്ഞു. നിർമാണം കഴിഞ്ഞു പ്രത്യേക പൂജകൾക്കു ശേഷമാണു വിഗ്രഹങ്ങൾ അതത് ഇടങ്ങളിലേക്ക് എത്തിക്കുന്നത്.
ഭജനോത്സവം തുടരുന്നു
പാലക്കാട് ∙ ജില്ലാ ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മൂത്താന്തറ കണ്ണകി ഭഗവതി ക്ഷേത്ര മൈതാനത്ത് വിനായക ചതുർഥി ഉത്സവത്തോടനുബന്ധിച്ചുള്ള ഭജനോത്സവം നടന്നുവരികയാണ്. ഇന്നലെ ഓം ശക്തി വിളക്കു പൂജയും ഭജനയും നടന്നു. ഇന്നു രാത്രി 8നു ബെംഗളൂരു രാമകൃഷ്ണ ഭജനമണ്ഡലിയുടെ നേതൃത്വത്തിൽ ജയറാം ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന ദിവ്യനാമ ഭജന നടക്കും. നാളെ വിനായക ചതുർഥി ഉത്സവ ദിനത്തിൽ രാവിലെ 10നു ഗോവിന്ദ ഭജന മണ്ഡലിയുടെ സീതാ കല്യാണം ചടങ്ങു നടക്കും. വൈകിട്ട് 7നു നൃത്തനൃത്യങ്ങളും അരങ്ങിലെത്തും. 21നു രാവിലെ 10ന് ആനയൂട്ടും പ്രസാദ വിതരണവും നടക്കും.
വിനായക ചതുർഥി ദിനത്തിൽ ഗണപതി ക്ഷേത്രങ്ങളിലടക്കം പ്രത്യേക ചടങ്ങുകൾ ഉണ്ടായിരിക്കും. 21ന് ഉച്ചയ്ക്കു ശേഷം വിവിധയിടങ്ങളിൽ നിന്നു ഗണപതി വിഗ്രഹങ്ങൾ ആഘോഷപൂർവം നഗരത്തിലേക്കെത്തിച്ചു തുടങ്ങും. തുടർന്നു മൂത്താന്തറ കണ്ണകി ഭഗവതി ക്ഷേത്ര പരിസരത്തു നിന്നു ശോഭായാത്ര ആരംഭിച്ച് മേലാമുറി പച്ചക്കറി മാർക്കറ്റ്– ബിഒസി റോഡ്– ടൗൺ റെയിൽവേ മേൽപാലം– മുനിസിപ്പൽ സ്റ്റാൻഡ്– സുൽത്താൻപേട്ട– ഹെഡ്പോസ്റ്റ് ഓഫിസ് വഴി ചിന്മയ തപോവനം ജംക്‌ഷനിലെ അയോധ്യ സംഗമ വേദിയിലെത്തും
തുടർന്നു നടക്കുന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്നു നിമജ്ജന ശോഭായാത്ര ആരംഭിക്കും. ജില്ലയിൽ ഇതര മേഖലകളിലും വിപുലമായി ഗണേശോത്സവവും നിമജ്ജന ശോഭായാത്രയും നടത്താറുണ്ട്. ഒറ്റപ്പാലത്ത് 22നാണ് മഹാനിമജ്ജന ശോഭായാത്ര.