ADVERTISEMENT

വടക്കഞ്ചേരി∙ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയോരത്തെ വീ‌ടുകളില്‍ മോഷണം നടത്തുന്നവർ അറസ്റ്റിൽ. മലപ്പുറം തേഞ്ഞിപ്പലം സൈനുദ്ദീൻ (42), മലപ്പുറം വലിയപറമ്പ് ചിറകര മുസ്താക്ക് (38) എന്നിവരെയാണു വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ടു മലപ്പുറം സ്വദേശി മുഹമ്മദ് സിനാനെ (21) ഈ മാസം 14ന് അറസ്റ്റ് ചെയ്തിരുന്നു. വടക്കഞ്ചേരി മേഖലയിൽ ചുവട്ടുപാടത്തും അണക്കപ്പാറയിലുമാണു പ്രതികൾ മോഷണം നടത്തിയത്. ചുവട്ടുപാടത്തു വീടു കുത്തിത്തുറന്ന് 20,000 രൂപയും 10 പവനും കവർന്നിരുന്നു. അണക്കപ്പാറയിൽ ഒന്നര പവനും 6,000 രൂപയുമാണു കവർന്നത്. ഇത്തരത്തിൽ ഇവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി അറുപതോളം കേസുകൾ നിലവിലുണ്ട്.

വാടകയ്ക്കെടുത്ത കാറുകളിൽ രാത്രിയെത്തി ആളില്ലാത്ത വീടുകൾ കുത്തിത്തുറന്നു പണവും സ്വർണാഭരണങ്ങളും കവരുന്ന സംഘത്തിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായത്. കേരളത്തിലുടനീളം മോഷണക്കേസുകളിൽ പ്രതിയായ സൈനുദ്ദീൻ ഗൾഫിൽ ജോലിയാണെന്നും മറ്റുമാണു നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ടു ബന്ധുക്കളുടെയും മറ്റും പേരിൽ വീടുകളും സ്ഥലങ്ങളും വാങ്ങിക്കൂട്ടുകയും ആഡംബര ജീവിതം നയിക്കുകയുമാണു ചെയ്തിരുന്നത്. മിക്ക കളവുകേസിലും  മുസ്താക്കും കൂട്ടുപ്രതിയാണ്. 

വടക്കഞ്ചേരി സിഐ കെ.പി.ബെന്നി, എസ്ഐ ജിഷ് മോൻ വർഗീസ്, ഗ്രേഡ് എസ്ഐ സന്തോഷ്, എഎസ്ഐ ദേവദാസ്, എസ്‍സിപിഒ പ്രതീഷ്, സിപിഒ ബാബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, ബ്ലസൻ ജോസ്, യു.സൂരജ് ബാബു, ദിലീപ്, റിനു മോഹൻ, വിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com