ADVERTISEMENT

പാലക്കാട് ∙ ഉഷ്ണതരംഗം മൂലമുള്ള അസാധാരണ ചൂടിൽ ജീവിതം ദുസ്സഹമായിരിക്കേ നിലവിലുള്ള അന്തരീക്ഷം ഒരാഴ്ചകൂടി തുടരാൻ സാധ്യത. പാലക്കാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അടുത്ത മാസവും വേനൽമഴ കാര്യമായി ലഭിക്കാൻ സാധ്യതയില്ലെന്നും കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നു. തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും മാർച്ച് – ഏപ്രിൽ മാസം സാധാരണ ലഭിക്കേണ്ടതിന്റെ ശരാശരി പേ‍ാലും വടക്കൻ മേഖലയിൽ പെയ്തില്ല. പാലക്കാട് നാലു ദിവസമായി ഉഷ്ണതരംഗം തുടരുകയാണ്. ഉത്തരേന്ത്യയിൽ ചൂട് ഉയരുന്നതിന്റെ ആഘാതവും അടുത്ത ദിവസങ്ങളിൽ ജില്ലയിൽ അനുഭവപ്പെട്ടേക്കും. 

ഉഷ്ണതരംഗത്തിനും തീച്ചൂടിനും അതിതീവ്രമഴയ്ക്കും വെള്ളപ്പൊക്കത്തിനുമൊന്നും കാലാവസ്ഥാ വ്യതിയാനത്തെ പഴിച്ചിട്ടു കാര്യമില്ല. ഇത്തരം അന്തരീക്ഷം ഉണ്ടായതിനു നമ്മൾ ഒാരേ‍ാരുത്തരും കാരണക്കാരാണ്. കാലാവസ്ഥാ ദുരന്തത്തിൽ നിന്നു രക്ഷപ്പെടാൻ കുറുക്കുവഴിയില്ല. കരുതലേ‍ാടെ സാഹചര്യവുമായി ഒത്തുപേ‍ാകാൻ ശ്രമിക്കുകയേ വഴിയുള്ളൂ. അടുത്ത മൺസൂണിൽ ധാരാളം മഴ ലഭിക്കുമെന്ന നിരീക്ഷണമാണ് ആശ്വാസം. അതേസമയം, ആ മഴയുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഇപ്പേ‍ാൾ പറയാനും കഴിയില്ല.

തമിഴ്നാട്ടിലെ കേ‍ായമ്പത്തൂർ, സേലം, ഈറേ‍ാഡ് മേഖലയിൽ ഒരാഴ്ചയായി ഉഷ്ണതരംഗസമാന ചൂടാണ്. പാലക്കാട് ഈർപ്പം ശരാശരി 50 ഡിഗ്രിയായതിനാൽ ചൂടിന്റെ കാഠിന്യം രൂക്ഷമാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) റിപ്പേ‍ാർട്ടനുസരിച്ചു നാലു ദിവസമായി 41.8 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷത്തിലെ ചൂട്. എന്നാൽ, ഭൂമിയിലെ ചൂട് ഉൾപ്പെടെ ശരീരത്തിൽ ശരാശരി 45 ഡിഗ്രി ഉഷ്ണം അനുഭവപ്പെടുമെന്ന് (ഹീറ്റ് ഇൻഡക്സ്) കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അതേസമയം, മുണ്ടൂർ ഐആർടിസിയിൽ ഇന്നലെ 42.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. 1987ലും 41.8 ഡിഗ്രി ചൂട് പാലക്കാട് ജില്ലയിലുണ്ടായിരുന്നെങ്കിലും അതിനു തുടർച്ചയുണ്ടായിരുന്നില്ല.

മേഘങ്ങളില്ലാത്തതിനാൽ, സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാ വയലറ്റ് രശ്മികൾ നേരിട്ടു പതിക്കുന്നത് സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യത വർധിപ്പിക്കുമെന്നു കുസാറ്റ് റഡാർ റിസർച് കേന്ദ്രം കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡേ‍ാ.എം.ജി.മനേ‍ാജ് പറഞ്ഞു. അത്യുഷ്ണം തുടർന്നാൽ ആരേ‍ാഗ്യപ്രശ്നങ്ങൾക്കെ‍ാപ്പം ജലക്ഷാമവും രൂക്ഷമാകും. അതികഠിനമായ ചൂടും ഉയർന്ന തേ‍ാതിലുള്ള ഈർപ്പവും വേനൽമഴ തീരെ കുറഞ്ഞതുമാണ് ഇപ്പേ‍ാഴത്തെ കാലാവസ്ഥാ പ്രതിസന്ധിയെന്നു പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒ‍ാഫ് ട്രോപ്പിക്കൽ മീറ്റീറോളജി (ഐഐടിഎം) ശാസ്ത്രജ്ഞർ പറയുന്നു. വ്യാപക മഴ പെയ്താലേ ചൂടിനു ശമനമാകൂ. അന്തരീക്ഷത്തിൽ മറ്റു പ്രതിഭാസങ്ങളൊന്നുമുണ്ടായില്ലെങ്കിൽ അടുത്ത മാസവും അത്യുഷ്ണം തുടരുമെന്നാണു നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com