പറക്കും അണ്ണാനെ രക്ഷപ്പെടുത്തി ഉൾവനത്തിൽ വിട്ടു
Mail This Article
കാഞ്ഞിരപ്പുഴ ∙ ഉൾക്കാട്ടിൽ നിന്നു നാട്ടിലിറങ്ങിയ പറക്കും അണ്ണാനെ (പറക്കും സസ്തനി) വനംവകുപ്പ് ദ്രുതകർമസേന രക്ഷപ്പെടുത്തി വനത്തിൽ വിട്ടു. കാഞ്ഞിരപ്പുഴ പാണ്ടിപ്പാടം ചേപോടൻ നാസറിന്റെ വീടിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണു പറക്കും അണ്ണാനെ കണ്ടത്. തെരുവു നായ്ക്കൾ പിറകെ കൂടിയിരുന്നു. ഇതു കണ്ട നാട്ടുകാർ നായ്ക്കളെ ഓടിച്ചു. വെരുകാണെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. തുടർന്നു വനംവകുപ്പ് ദ്രുതകർമ സേനയെ വിവരം അറിയിച്ചു. അവരെത്തി ജീവിയെ പിടികൂടിയതിനു ശേഷമാണു പറക്കും അണ്ണാനെന്നു സ്ഥിരീകരിച്ചത്. ഉൾവനങ്ങളിലാണിവ കൂടുതൽ കാണപ്പെടുന്നത്. .
സൈലന്റ്‌വാലി, ശിരുവാണി എന്നിവിടങ്ങളിൽ ഇവയുണ്ട്. എങ്ങനെയാണു നാട്ടിലെത്തി എന്നറിയില്ല. മരത്തിൽ നിന്നു മരത്തിലേക്ക് പറക്കാൻ കഴിവുള്ളവയാണിവ. വാലും ഇതിനോടു ചേർന്നുള്ള ത്വക്ക് ഭാഗവുമാണു പറക്കുമ്പോൾ ഇവയ്ക്കു സംതുലിതാവസ്ഥ നൽകുന്നത്. പിടികൂടിയ പറക്കും അണ്ണാനു പരുക്കുകളില്ലാത്തതിനാൽ സൈലന്റ്‌വാലി ബഫർസോൺ ഭാഗമായ ചുരത്തിൽ തുറന്നു വിട്ടു.