ADVERTISEMENT

ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് അമ്മയ്ക്കും മകൾക്കും പരുക്കേറ്റ സംഭവത്തിൽ റെയിൽവേ ആഭ്യന്തര അന്വേഷണം തുടങ്ങി. റെയിൽവേയുടെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയാണ് അന്വേഷണം നടത്തുന്നത്.  അപകട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ്, ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എന്നിവരിൽ നിന്നു റെയിൽവേ വിശദീകരണം തേടും. പരുക്കേറ്റവരുടെ മൊഴി ഷൊർണൂർ ആർപിഎഫ് ശേഖരിച്ചു.

ഒറ്റപ്പാലം സ്റ്റേഷനിൽ നിർത്തിയ ട്രെയിനിന്റെ കോച്ച് പൊസിഷൻ മാറിയതാണ് അപകടത്തിനു വഴിയൊരുക്കിയതെന്ന ആരോപണം നിലനിൽക്കെ, അന്വേഷണം പൂർത്തിയായ ശേഷം റെയിൽവേ തുടർനടപടികൾ സ്വീകരിച്ചേക്കും.  കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ ലക്കിടി സീതാ മന്ദിരത്തിൽ അനിത (38), മകൾ വൈഷ്ണവി (13) എന്നിവർക്കു പരുക്കേറ്റ സംഭവത്തിലാണു റെയിൽവേയുടെ ആഭ്യന്തര അന്വേഷണം. അതേസമയം, കോച്ച് പൊസിഷൻ മാറിയതാണ് അപകടത്തിനു വഴിയൊരുക്കിയതെന്ന ആക്ഷേപം പൂർണമായി തള്ളുന്ന നിലയിലായിരുന്നു പ്രാഥമിക അന്വേഷണഘട്ടത്തിൽ ഗാർഡ് റെയിൽവേ ഓപ്പറേഷൻസ് മാനേജർക്കു രേഖാമൂലം നൽകിയ വിശദീകരണമെന്നാണു വിവരം.

അമ്മയും മകളും എഗ്‌മോർ എക്സ്പ്രസിൽ നിന്ന് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. പിൻഭാഗത്തെ ലേഡീസ് കംപാർട്മെന്റിലായിരുന്നു യാത്ര.  ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെത്തിയ ‌ട്രെയിനിന്റെ അവസാന ഭാഗങ്ങൾ നിശ്ചിത സ്ഥാനം മാറി പ്ലാറ്റ്ഫോം ഇല്ലാത്ത ഭാഗത്തായിപ്പോയെന്നാണു പരാതി.  സിഗ്നൽ തകരാറു മൂലം പുറത്തു പിടിച്ചിട്ടിരിക്കുകയാണെന്നും സ്റ്റേഷനിൽ നിർത്തുമെന്നും കരുതി കാത്തിരുന്ന ഇരുവരും ട്രെയിൻ ഒറ്റപ്പാലം വിടുകയാണെന്നു തിരിച്ചറിഞ്ഞ ഘട്ടത്തിൽ ശ്രമകരമായി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു പ്ലാറ്റ്ഫോമിൽ വീണത്. 

തലയ്ക്കു പരുക്കേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വൈഷ്ണവി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. കാൽമുട്ടിലും കയ്യിലും പരുക്കേറ്റ അനിത നേരത്തെ തന്നെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടിരുന്നു. അനിതയുടെ തോളിലുണ്ടായിരുന്ന ഇളയ മകൻ ശരൺ (8) പരുക്കേൽക്കാതെ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. അനിതയുടെ കൽപറ്റയിലെ വീട്ടിൽ നിന്ന് ഓണാവധി കഴിഞ്ഞു ലക്കിടിയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്നാണ് ഇവർ ട്രെയിൻ കയറിയത്.

English Summary:

A mother and daughter suffered injuries after falling onto the platform while disembarking a train at Ottapalam Railway Station. An internal inquiry has been launched to investigate the incident, with allegations focusing on a possible change in the train's coach position.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com