തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13 ലക്ഷം രൂപയുടെ ഏക്കം; റെക്കോർഡ്
Mail This Article
പെരുമ്പിലാവ് ∙ ചാലിശേരി മുലയംപറമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം. 13,13,333 രൂപ നൽകിയാണു പടിഞ്ഞാറേമുക്ക് ദേശം കമ്മിറ്റി ആനയെ എഴുന്നള്ളിക്കുക. പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് പൂരക്കമ്മിറ്റിക്കാർ കൂടി ഏക്കത്തിൽ പങ്കെടുത്തതോടെയാണ് ഏക്കത്തുക ഇത്രയും കൂടിയത്.
ചാലിശേരിയിൽ അടുത്ത വർഷം ഫെബ്രുവരി 28നും അരുവായിയിൽ 23നും ആണു പൂരം. 17 വർഷത്തോളമായി പടിഞ്ഞാറേമുക്ക് ദേശത്തിന്റെ പൂരത്തിനു തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. കേരളത്തിലെ നാട്ടാനകളിൽ സൂപ്പർ സ്റ്റാറായ രാമചന്ദ്രന് ആരാധകർ ഏറെയാണ്. ആഴ്ചയിൽ 2 പൂരങ്ങളിൽ മാത്രമാണ് ഈ ആനയെ എഴുന്നള്ളിക്കുക.
അതിനാൽ വലിയ പൂരങ്ങൾ അടുത്തടുത്തു വരുമ്പോൾ രാമചന്ദ്രനുവേണ്ടി വാശിയോടെ ലേലംവിളി ഉണ്ടാകും. എന്നാൽ ആനയ്ക്ക് 13 ലക്ഷം രൂപ ഏക്കമെന്നു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നു ആനയുടെ ഉടമസ്ഥാവകാശമുള്ള തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് പി.ബി.ബിനോയ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.