റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ ‘തെളിമ’ പദ്ധതി; അപേക്ഷകൾ ഡിസംബർ 15വരെ നൽകാം
Mail This Article
കാഞ്ഞിരപ്പുഴ ∙ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും റേഷൻ കടകളിലും അവസരം. ഇതിനായി പൊതുവിതരണ വകുപ്പ് തെളിമ പദ്ധതിയുടെ ഭാഗമായി റേഷൻ കടകളിൽ പ്രത്യേക പെട്ടികൾ ഒരുക്കി അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഓൺലൈനിലെ സാങ്കേതിക പ്രശ്നങ്ങൾ മറികടന്നു ഗുണഭോക്താക്കൾക്ക് വളരെ ലളിതമായി അപേക്ഷകൾ നൽകാൻ വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
റേഷൻ കാർഡ് അംഗങ്ങളുടെയും ഉടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. പാചക വാതക കണക്‌ഷൻ, വൈദ്യുതി കണക്‌ഷൻ എന്നിവയുടെ വിവരങ്ങളും ചേർക്കാം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ, അന്ത്യോദയ അന്നയോജന (എഎവൈ), പിങ്ക് കാർഡുകളെക്കുറിച്ചുള്ള വിവരം നൽകാനും അവസരമുണ്ട്.
തെറ്റു തിരുത്തുന്നതിനും കൂട്ടിച്ചേർക്കലുകൾക്കും ആവശ്യമായി വരുന്ന രേഖകളും അപേക്ഷയോടൊപ്പം പെട്ടിയിൽ നിക്ഷേപിക്കണം. ഓരോ ആഴ്ച കൂടുമ്പോൾ പെട്ടിയിലെ അപേക്ഷകൾ പരിശോധിച്ചു താലൂക്ക് സപ്ലൈ ഓഫിസുകൾ മുഖാന്തരം കാർഡുകൾ പുതുക്കി നൽകും. ഡിസംബർ 15 വരെ അപേക്ഷ നൽകാം.