സംസ്ഥാനതല ഭിന്നശേഷി പുരസ്കാരം കെ.എസ്.കൊച്ചുനാരായണിക്ക്
Mail This Article
പത്തിരിപ്പാല ∙ സാമൂഹികനീതി വകുപ്പ് സർക്കാർ മേഖലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർക്കു നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിന് തേനൂർ സ്വദേശി കെ.എസ്. കൊച്ചുനാരായണി അർഹയായി. മങ്കര പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വേളയിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങളാണ് കൊച്ചുനാരായണിയെ പുരസ്കാരത്തിന് അർഹയാക്കിയത്. മങ്കര പഞ്ചായത്തിൽ നൂറു ശതമാനം നികുതി പിരിവ്, സംസ്ഥാന തലത്തിൽ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതും ഇവർ സെക്രട്ടറിയായിരുന്ന സമയത്താണ്.
ജില്ലയിലെ ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ ആദ്യ പഞ്ചായത്ത്, സമ്പൂർണ എയ്ഡ്സ് സാക്ഷരത നടപ്പാക്കിയതും മങ്കര പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി തെറപ്പി സെന്റർ, പകൽ വീട് തുടങ്ങിയ നേട്ടങ്ങളും ഈ പ്രവർത്തക മികവിന്റെ ഉദാഹരണമാണ്. പറളി പഞ്ചായത്തിലും സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കോവിഡ്, പ്രളയം എന്നീ കാലയളവിൽ നടത്തിയ നിസ്വാർഥ സേവനം മാതൃകയായിരുന്നു.
നിലവിൽ ജില്ലാ പഞ്ചായത്തിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരികയാണ്. തേനൂർ പാറയ്ക്കൽ അനിരുദ്ധ് വീട്ടിൽ ആണ് താമസിക്കുന്നത്. സംസ്ഥാന ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചു ഡിസംബർ 3ന് തൃശൂരിൽ നടക്കുന്ന പരിപാടിയിൽ 25000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. ഭർത്താവ് ഹരിഗോവിന്ദ് (തേനൂർ എയുപിഎസ് ജീവനക്കാരൻ), മകൻ അനിരുദ്ധൻ (ഒറ്റപ്പാലം എൻഎസ്എസ് കോളജ് അവസാന വർഷ ബിരുദ വിദ്യാർഥി).
കൊച്ചുനാരായണിയുടെ അച്ഛൻ കെ. ശങ്കരനാരായണനു 1985ൽ സംസ്ഥാനതല പുരസ്കാരം ലഭിച്ചിട്ടുണ്ട്. അരിയൂർ തെക്കുമുറി എജെബി സ്കൂളിലെ അധ്യാപകനായിരുന്ന അദ്ദേഹത്തിന് മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരമാണ് ലഭിച്ചത്. ഭിന്നശേഷിക്കാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി സേവനം തുടരുമെന്നു അവാർഡ് നേട്ടത്തിനിടയിൽ കെ.എസ്.കൊച്ചുനാരായണി പറഞ്ഞു.