വെള്ളിയാങ്കല്ലിൽ വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാൻ ഇനി ഇടമുണ്ടാകും
Mail This Article
തൃത്താല ∙ പൊതുശുചിമുറിയുടെ അഭാവം മൂലം ബുദ്ധിമുട്ടിയിരുന്ന വെള്ളിയാങ്കല്ലിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ദുരിതത്തിനു പരിഹാരമായി വഴിയോര വിശ്രമ കേന്ദ്രവും ശുചിമുറിയും ഒരുങ്ങുന്നു. വെള്ളിയാങ്കല്ല് പൈതൃക പാർക്കിനു സമീപം ഇറിഗേഷൻ വകുപ്പ് വിട്ടു നൽകിയ സ്ഥലത്താണ് കെട്ടിടം ഒരുക്കുന്നത്. ‘ടേക് എ ബ്രേക്ക്’ പദ്ധതിയിൽ ഉൾപ്പെടുത്തി പരുതൂർ ഗ്രാമപഞ്ചായത്താണ് വിശ്രമ കേന്ദ്രവും ശുചിമുറികളും നിർമിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 6 ശുചിമുറികൾക്കു പുറമേ ഭിന്നശേഷി സൗഹൃദ ശുചിമുറിയും കെട്ടിടത്തിൽ ഉണ്ടാകും.
അമ്മമാർക്കു കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനുള്ള മുറിയും വാട്ടർ എടിഎമ്മും കെട്ടിടത്തിൽ സജ്ജമാക്കുന്നുണ്ട്. വെള്ളിയാങ്കല്ലിൽ നൂറു കണക്കിനു സഞ്ചാരികളാണു ദിവസേന എത്തുന്നത്. ഇവർക്കു വിശ്രമിക്കാനും പ്രാഥമിക സൗകര്യങ്ങൾക്കും സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഇതിനു പരിഹാരമായാണു പരുതൂർ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം യാഥാർഥ്യമാക്കുന്നത്. കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഡിസംബറിൽ നിർമാണം പൂർത്തിയാക്കി വിശ്രമകേന്ദ്രം തുറന്നു കൊടുക്കാനാണു നീക്കം.