ADVERTISEMENT

പാലക്കാട് ∙ നിയമസഭ ഉപതിരഞ്ഞെടുപ്പു ഫലം എന്താകും ? രാഷ്ട്രീയ പാർട്ടികളും മുന്നണികളും വോട്ടർമാരും ആകാംക്ഷയുടെ മുൾമുനയിലാണ്. അതേ അവസ്ഥയിലാണ് പാലക്കാട്ടെ നെൽക്കർഷകരും. നെല്ലിന്റെ സംഭരണവില കൂട്ടുമോ, അതോ നിലവിലെ തുക തുടരമോ ? ഇതാണു കർഷകരുടെ ആകാംക്ഷയ്ക്കു കാരണം. 

കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ കൂട്ടി 23 രൂപയാക്കിയിട്ടുണ്ട്. അതേ സമയം സംസ്ഥാനം നൽകുന്ന പ്രോത്സാഹന വിഹിതം കിലോയ്ക്ക് 6.37 രൂപയിൽ നിന്ന് ഇതുവരെ കൂട്ടിയിട്ടില്ല. സംസ്ഥാനത്ത് ഈ വർഷത്തെ നെല്ലു സംഭരണ വിലയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിഞ്ഞാലുടൻ സംഭരണ വില പ്രഖ്യാപിക്കുമെന്നാണ് സർക്കാർ അറിയിപ്പ്. നിലവിൽ കിലോയ്ക്ക് 28.20 രൂപയിൽ കുറയാത്ത വില നൽകുമെന്നും അറിയിപ്പുണ്ടായിരുന്നു. 

ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നു വളരെ നേരത്തെ അറിഞ്ഞിട്ടും അതിനു മുൻപു നെല്ലുവില പ്രഖ്യാപിക്കാൻ സംസ്ഥാനം തയാറാകാത്തത് കർഷകർ സംശയ ദൃഷ്ടിയോടെയാണു കാണുന്നത്. അഥവാ സംഭരണ വില ഉയർത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ കർഷക രോഷം പ്രതിഫലിക്കുമെന്ന ഉൾഭയം ഭരണതലത്തിലുണ്ടായിരുന്നു.

ഇത്തവണ കണ്ണാടി അടക്കമുള്ള പഞ്ചായത്തുകളിൽ നെല്ലിന്റെ താങ്ങുവില ഉയർത്തുമെന്ന് ഉറപ്പു നൽകിയാണ് ഇടതു മുന്നണി വോട്ടു തേടിയിട്ടുള്ളത്. യുഡിഎഫും എ‍ൻഡിഎയും കേരളം ഓരോ വർഷവും സംഭരണ വിലയിൽ സ്വന്തം വിഹിതം വെട്ടിക്കുറയ്ക്കുന്ന നിലപാട് സജീവ പ്രചാരണ വിഷയമാക്കിയിരുന്നു. കേന്ദ്രം ഉയർത്തിയ തുക അതേപടി കർഷകർക്കു നൽകിയാൽ തന്നെ കിലോയ്ക്ക് 29.37 രൂപ ലഭിക്കും. പുറമേ 12 പൈസ ചുമട്ടുകൂലിയും കിട്ടും. 

സംസ്ഥാനം സ്വന്തം വിഹിതം ഉയർത്തിയാൽ ആ തുക കൂടി കർഷകർക്കു ലഭിക്കും. അതേ സമയം നിലവിലെ വിലയായ കിലോയ്ക്ക് 28.20 രൂപ ഈ സീസണിലും നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിക്കുന്നതെങ്കിൽ കേരളം നൽകുന്ന വിഹിതം 6.37ൽ നിന്ന് കിലോയ്ക്ക് 5.20 രൂപയായി കുറയും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതും വില പ്രഖ്യാപനത്തിൽ പ്രതിഫലിക്കുമോ എന്നതാണ് ആശങ്ക.

English Summary:

This article explores the uncertainty surrounding the procurement price of paddy, a major concern for farmers. While the central government has increased the MSP, the state government's silence on incentive bonuses and procurement price is causing anxiety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com