കാർ തടഞ്ഞ് യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രധാന പ്രതി പിടിയിൽ
Mail This Article
വടക്കഞ്ചേരി ∙ ദേശീയപാതയിലെ വാണിയമ്പാറ നീലിപ്പാറയിൽ കഴിഞ്ഞ 14നു കാറും കാറിലെ യാത്രക്കാരായ രണ്ടു യുവാക്കളെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രധാന സൂത്രധാരനെ പൊലീസ് പിടികൂടി. കിഴക്കഞ്ചേരി മൂലങ്കോട് പഴാർന്നി വെപ്പിൽ വീട്ടിൽ ബിബിനെ (32) ആണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ, കേസിൽ ഏഴു പ്രതികളെ വടക്കഞ്ചേരി പൊലീസ് പിടികൂടി. ബാക്കിയുള്ള 3 പേർ കൂടി ഉടൻ അറസ്റ്റിലാകുമെന്നു പൊലീസ് പറഞ്ഞു.
ദേശീയപാതയിൽ മുൻപും കവർച്ച നടത്തിയതിനു ബിബിനെതിരെ കേസ് നിലവിലുണ്ട്. മുൻപു തമിഴ്നാട്ടിൽ കവർച്ചക്കേസിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. വിവിധ കേസുകളിൽ ജയിലിലായിരിക്കുമ്പോൾത്തന്നെ പുതിയ കവർച്ചകൾ ആസൂത്രണം ചെയ്യുകയും കൂടെയുള്ള കുറ്റവാളികളെ അതിലേക്കു ക്ഷണിക്കുകയുമാണു ബിബിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു. നീലിപ്പാറ കേസിൽ എല്ലാ പദ്ധതികളും ആസൂത്രണം ചെയ്തതു ബിബിനാണെന്നു പൊലീസ് പറഞ്ഞു.
കൊലക്കേസ് ഉൾപ്പെടെ മുപ്പതോളം കേസുകളുള്ള എരുമപ്പെട്ടി ഉമിക്കുന്ന് പ്ലാവളപ്പിൽ വീട്ടിൽ സി.സിനീഷ് (38), പട്ടാമ്പി ആലിക്കപ്പറമ്പ് പന്തംവീട്ടിൽ സജു (44), കുന്നംകുളം കരിയമ്പ്ര ഷിബു സിങ് (46), തൃശൂർ എരുമപ്പെട്ടി സ്വദേശികളായ കോരംപള്ളത്ത് കെ.വി.സജീഷ് (34), എരുമപ്പെട്ടി പടിഞ്ഞാറേതിൽ എം.മുഹമ്മദ് (മോമു – 28) എരുമപ്പെട്ടി തെന്നാംപാറ എൻ.അമീർ (27) എന്നിവരാണ് ഇതുവരെ പിടിയിലായവർ. എല്ലാവരും വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
കുന്നംകുളത്തു നിന്നു പ്രതികൾ സഞ്ചരിച്ച കാറുകൾ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശപ്രകാരം ആലത്തൂർ ഡിവൈഎസ്പി മുരളീധരൻ. വടക്കഞ്ചേരി ഇൻസ്പെക്ടർ കെ.പി.ബെന്നി, എസ്ഐ ജീഷ്മോൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണു പ്രതികളെ പിടികൂടിയത്.