വടക്കഞ്ചേരിയിലെ കുരുക്ക്: വഴിയോരക്കച്ചവടം നിയന്ത്രിക്കും
Mail This Article
വടക്കഞ്ചേരി∙ വടക്കഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ വഴിയോരക്കച്ചവടം നിയന്ത്രിക്കുന്നത് അടക്കം 13 തീരുമാനങ്ങളെടുത്തു ട്രാഫിക് റഗുലേറ്ററി കമ്മിറ്റി. യോഗം പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധ്യക്ഷ ലിസി സുരേഷ് അധ്യക്ഷയായി. വിവിധ വ്യാപാരി സംഘടനകളും രാഷ്ട്രീയ കക്ഷി നേതാക്കളും സന്നദ്ധ പ്രവർത്തകരും പഞ്ചായത്ത്, റവന്യു, ആരോഗ്യവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പഞ്ചായത്ത് ഉപാധ്യക്ഷൻ വി.ജെ.ഹുസൈനാർ, അഡ്വ.ശ്രീകല, കെ.മോഹൻദാസ്, വടക്കഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.പി.ബെന്നി, കെ.എം.ജലീൽ, സി.കെ.അച്യുതൻ, ഇല്യാസ് പടിഞ്ഞാറെക്കളം, സെയ്താലി, പി.കെ.ഗുരു, എ.വി.അബ്ബാസ്, പി.എം.തോമസ്, ബോബൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ വഴിയോരക്കച്ചവടവും നടപ്പാത കയ്യേറി കച്ചവടവും അനധികൃത പാർക്കിങ്ങും നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു. ചെറുപുഷ്പം ജംക്‌ഷൻ മുതൽ തങ്കം ജംക്‌ഷൻ വരെയുള്ള വഴിയോര കച്ചവടം നിയന്ത്രിക്കും. നടപ്പാതയിൽ സാധനങ്ങൾ ഇറക്കിവച്ചു കച്ചവടം നടത്തുന്നതു തടയും.
പ്രധാന തീരുമാനങ്ങൾ.
∙ഉന്തുവണ്ടികളും പെട്ടിഓട്ടോയും റോഡിൽ നിർത്തി കച്ചവടം ചെയ്യുന്നത് അവസാനിപ്പിക്കും. ഇതിനായി വിവിധ വകുപ്പുകളുടെ സ്ക്വാഡ് രൂപീകരിച്ച് പൊലീസ് സഹായത്തോടെ ജാഗ്രത പാലിക്കും.
∙ഫുട്പാത്തിലേക്ക് ഇറക്കി വച്ചിരിക്കുന്ന കച്ചവട സാധനങ്ങൾ പൂർണമായും മാറ്റും
∙റോഡിൽ സ്ഥിരമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പ് നൽകിയ ശേഷം മാറ്റും.
∙ബസുകൾ സ്റ്റാൻഡിൽ കയറാൻ നടപടി സ്വീകരിക്കും. ബസ് സ്റ്റാൻഡിൽ മുൻപുണ്ടായിരുന്ന പഞ്ചിങ് സ്റ്റേഷൻ വീണ്ടും തുറക്കും.
∙മന്ദം ജംക്‌ഷനിലെ പഞ്ചായത്ത് ബസ് കാത്തിരിപ്പു കേന്ദ്രം വൃത്തിയാക്കി യാത്രക്കാർക്കു തുറന്നു കൊടുക്കും.
∙കിഴക്കഞ്ചേരി റോഡിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ താമസിക്കുന്നവരെ ഒഴിവാക്കി യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമൊരുക്കും.
∙രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ടു 3.30 മുതൽ 5 വരെയും തിരക്കുള്ള സ്ഥലങ്ങളിൽ ചരക്കു ലോറി നിർത്തി സാധനങ്ങൾ ഇറക്കുന്നതു കർശനമായി തടയും.
∙ഓട്ടോറിക്ഷകൾ കച്ചവട സ്ഥാപനങ്ങൾക്കു ബുദ്ധിമുട്ടില്ലാത്ത രീതിയിൽ, മുൻപു ചെയ്തതുപോലെ കളം വരച്ചു നിർത്തുന്നതിനു സൗകര്യമുണ്ടാക്കും.
∙ശിവരാമ പാർക്കിനു മുൻപിൽ വഴിയോരക്കച്ചവടക്കാർ വാഹനം നിർത്തി നടത്തുന്ന കച്ചവടം വൈകിട്ടു മൂന്നിനു ശേഷം അനുവദിക്കില്ല.
∙ട്രാഫിക് റഗുലേറ്ററി കമ്മിറ്റിക്ക് അടിയന്തരമായി തീരുമാനമെടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി പൊലീസ്, പൊതുമരാമത്ത് വകുപ്പ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതർ അംഗങ്ങളായ സമിതി രൂപീകരിക്കും