നവീകരണത്തിനിടെ കോങ്ങാട് പച്ചാനി പൊതുകിണർ ഇടിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Mail This Article
കോങ്ങാട് ∙ നവീകരണത്തിനിടെ പച്ചാനി പൊതു കിണർ വീണ്ടും ഇടിഞ്ഞു. ഭാഗ്യം തുണച്ചതിനാൽ ആളപായം ഒഴിവായി. തൊഴിലാളികൾ ഉച്ചഭക്ഷണത്തിനു പോയപ്പോഴാണ് സംഭവം. 2 വർഷം മുൻപു കനത്ത മഴയിൽ ഇടിഞ്ഞ കിണർ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നവീകരണം നടത്താന്‍ തുടങ്ങിയപ്പോഴാണ് തടസ്സം നേരിട്ടത്. നേരത്തെ ഇടിഞ്ഞുവീണ ചെങ്കൽ കഷണങ്ങളും മണ്ണും നീക്കം ചെയ്യാനുള്ള പ്രവൃത്തി 2 ദിവസമായി തുടരുകയാണ്.
ഇതിനിടെ വീണ്ടും മുകളിൽ നിന്നും മണ്ണും കല്ലും ഇടിഞ്ഞു വീഴുകയായിരുന്നു.ഊണു കഴിഞ്ഞു വന്ന തൊഴിലാളികൾ നടുക്കുന്ന രംഗമാണ് കണ്ടത്. അതേസമയം, അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ കിണർ പണി തൽക്കാലം നിർത്തിവച്ചു. കിണറ്റിലെ വെള്ളം താഴുന്നതനുസരിച്ച് അടുത്തമാസം വീണ്ടും പണി നടത്താനാകും എന്നാണു പ്രതീക്ഷ. അപകടം വഴി മാറിയത് വലിയ അനുഗ്രഹമായെന്നു പഞ്ചായത്തംഗം പി.എ.കൃഷ്ണൻകുട്ടി പറഞ്ഞു.