ADVERTISEMENT

വന്യമൃഗശല്യം 
വന്യമൃഗശല്യം ഒരുപാടുപേരുടെ ജീവനും സ്വത്തിനും ഭീഷണിയായ വർഷം. ആനയും പുലിയും മാത്രമല്ല കാട്ടുപന്നിയും കുറുക്കനും പോലും ജീവനെടുക്കാൻ കാരണമാകുന്നു. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയിൽ കുറുക്കൻ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മറിഞ്ഞാണ് അധ്യാപിക മരിച്ചത്. വനാതിർത്തി മേഖലയിലെ കൃഷി മാനും മയിലും കുരങ്ങും മലയണ്ണാനുമെല്ലാം നശിപ്പിക്കുന്നു. കൃഷി നശിച്ചാൽ നഷ്ടപരിഹാരവും വൈകുന്നു.

നെല്ല് സംഭരണം
നെല്ലുസംഭരണത്തിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ ഇത്തവണയും നടപടിയായില്ല. സപ്ലൈകോയ്ക്കു നൽകിയ നെല്ലിന്റെ പണം ലഭിക്കാൻ കർഷകർ ഏറെ കാത്തിരിക്കേണ്ടി വന്നു. കേന്ദ്രസർക്കാർ നെല്ലുസംഭരണവില വർധിപ്പിച്ചപ്പോൾ കേരളം പ്രോത്സാഹനവില വെട്ടിക്കുറച്ചു. നെല്ലു സംസ്കരണത്തിനായി ജില്ലയിൽ പ്രഖ്യാപിച്ച മില്ലുകളും യാഥാർഥ്യമായില്ല. പച്ചക്കറി സംഭരിച്ച വകയിലും തുക വിതരണം കാര്യക്ഷമമല്ല. 

കാർഷികമേഖല
കർഷകർ നന്നായി അധ്വാനിക്കുന്നുണ്ടെങ്കിലും മതിയായ പ്രോത്സാഹനം അധികാരികളുടെ ഭാഗത്തുനിന്നു ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. കാലാവസ്ഥ വിള ഇൻഷുറൻസ്, നഷ്ടപരിഹാരം, മറ്റു സഹായപദ്ധതികൾ എന്നിവയിൽ വലിയ കുടിശ്ശികയുണ്ട്. തകർന്നു കിടക്കുന്ന ജലസേചന കനാലുകൾ നന്നാക്കാൻ നടപടിയില്ല. പറമ്പിക്കുളം–ആളിയാർ കരാർ പുനരവലോകനം ചെയ്യാനുള്ള നടപടികളിലും വേഗമില്ല. 

മെഡിക്കൽ കോളജ് 
പട്ടികജാതി വികസനവകുപ്പിനു കീഴിലുള്ള ഗവ.മെഡിക്കൽ കോളജിൽ പഠനസൗകര്യം തേടി വിദ്യാർഥികൾ സമരരംഗത്തിറങ്ങിയ വർഷമാണ്. ഉദ്ഘാടനം കഴിഞ്ഞു 10 വർഷം കഴിഞ്ഞിട്ടും ആശ്രയിക്കാവുന്ന രീതിയിൽ കിടത്തിച്ചികിത്സ ഇവിടെ ആരംഭിച്ചില്ല. തിരഞ്ഞെടുപ്പിനു മുൻപ് കിടത്തിച്ചികിത്സ ഉദ്ഘാടനം ചെയ്തെങ്കിലും ഗുണം കിട്ടുന്നില്ല. ഇത്തവണയും അവഗണനയുടെ വർഷം തന്നെയായിരുന്നു. ജില്ലാ ആശുപത്രിയുടെയും മറ്റു സർക്കാർ ആശുപത്രികളുടെയും സൗകര്യം കൂട്ടാൻ നടപടി വേണം. 

അപകടങ്ങൾ 
അപകടമരണങ്ങൾക്ക് ഇത്തവണയും കുറവില്ല. അശ്രദ്ധമായ ഡ്രൈവിങ്ങിനു പുറമേ റോഡുകളുടെ പ്രശ്നങ്ങളും കാരണമാകുന്നു. അവ പരിഹരിക്കാൻ നടപടിയായില്ല. കരിമ്പ പനയംപാടം വളവിലെ അപകടവളവു നിവർത്തണമെന്ന ആവശ്യം ഈ വർഷവും പരിഗണിക്കപ്പെട്ടില്ല. നിയന്ത്രണംവിട്ടു മറിഞ്ഞ ലോറിയുടെ അടിയിൽപെട്ട് നാലു പെൺകുട്ടികളുടെ ജീവൻ പൊലിഞ്ഞത് ഇക്കൊല്ലത്തെ വേദനയായി. റോഡിൽ പാലിക്കേണ്ട മര്യാദകൾ വാഹനമോടിക്കുന്നവർ പാലിക്കുന്നില്ല.

സ്റ്റേഡിയം 
പാലക്കാടിന്റെ കായികമേഖലയ്ക്കു ജില്ലാ സ്റ്റേഡിയം എന്ന സ്വപ്നം യാഥാർഥ്യമായില്ല. ഇൻഡോർ സ്റ്റേഡിയം പൂർത്തീകരിക്കാനുള്ള നടപടികളും ആയില്ല. പതിവുപോലെ പ്രഖ്യാപനങ്ങൾ മാത്രം തുടരുന്നു. ഗ്രാമീണമേഖലയിലും കായിക–വിനോദങ്ങൾക്കുള്ള സൗകര്യം കുറവാണ്.

യാത്രാസൗകര്യം 
ഉൾനാടൻ യാത്രയുടെയും സംസ്ഥാനാന്തര യാത്രയുടെയും കാര്യത്തിൽ ജില്ലയുടെ അവസ്ഥ പരിതാപകരമാണ്. കോവിഡ് കാലത്തു നിർത്തിവച്ച പല കെഎസ്ആർടിസി സർവീസുകളും പുനരാരംഭിച്ചില്ല. കേരളത്തിനു പുറത്തേക്ക് ആരംഭിക്കുമെന്നു പറഞ്ഞ പല കെഎസ്ആർടിസി ബസ് സർവീസുകളും തുടങ്ങിയില്ല.  ഷൊർണൂർ റെയിൽവേ ജംക്‌ഷൻ ട്രായാങ്കുലർ സ്റ്റേഷനാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഷൊർണൂർ സ്റ്റേഷനു സമീപത്തു ചെറിയ ദൂരത്തിലെ സിംഗിൾ ലൈൻ ഡബിളാക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊള്ളാച്ചി–പാലക്കാട് റൂട്ടിൽ പ്രഖ്യാപിച്ച മംഗലാപുരം–രാമേശ്വരം ട്രെയിൻ ഇതുവരെ ഓടിച്ചിട്ടില്ല. പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിച്ചിട്ടില്ല. കോയമ്പത്തൂർ– പാലക്കാട് ഉദയ് എക്സ്പ്രസും യാഥാർഥ്യമായിട്ടില്ല. തഞ്ചാവൂർ–പാലക്കാട് ട്രെയിനും സ്വപ്നമായി നിലനിൽക്കുന്നു. റോഡിലെ കുരുക്ക് അഴിക്കുന്നതിനായി നിർമാണം ആരംഭിച്ച അകത്തേത്തറ, വാടാനാംകുറിശ്ശി ഉൾപ്പെടെയുള്ള റെയിൽവേ മേൽപാലങ്ങളും വൈകുകയാണ്. 

ശുദ്ധജലം 
ജില്ലയിലെ പല മേഖലകളും നേരിടുന്ന കടുത്ത ശുദ്ധജലക്ഷാമത്തിന് പരിഹാരമായിട്ടില്ല. പ്രാദേശിക പദ്ധതികൾക്കു പകരം ജലജീവൻ മിഷന്റെ പദ്ധതിക്കായി പലയിടത്തും റോഡിൽ പൈപ്പിടാൻ കുഴിയെടുത്തെങ്കിലും അവയെല്ലാം ഇപ്പോൾ അപകടക്കെണിയായി മാറിയിരിക്കുന്നു. ജലജീവൻ മിഷൻ പുതിയ വർഷത്തിലെങ്കിലും യാഥാർഥ്യമാകുമോ? 

അട്ടപ്പാടി
യാത്രാസൗകര്യമില്ലാതെ തുണിമഞ്ചലിൽ കെട്ടി രോഗികളെ ആശുപത്രിയിലെത്തിക്കുന്ന ദുരവസ്ഥ ഈ വർഷവും കണ്ടു. നവജാത ശിശുമരണം ഇത്തവണയും അട്ടപ്പാടിയിലെ ഗോത്രമേഖലയിൽ ഉണ്ടായി.  ഇത്തവണയെങ്കിലും അട്ടപ്പാടിയുടെ കണ്ണീർ ഇത്തവണയെങ്കിലും തോരുമോ ?
വ്യവസായ സ്മാർട് സിറ്റി, പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ, പാലക്കാട്–കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ പോലെ പാലക്കാടിനു പ്രധാനമായ പല പദ്ധതികളും നിർണായകഘട്ടത്തിൽ എത്തേണ്ട വർഷമാണ് 2025. പുതുവർഷത്തിൽ മെല്ലെപ്പോക്കിനു വിട്ടു നൽകാതെ ജില്ലയുടെ കുതിപ്പിന് പദ്ധതികൾ വളമേകുമെന്നു പ്രതീക്ഷിക്കാം. 

English Summary:

Palakkad 2025: Challenges plagued Palakkad district throughout 2025, impacting various sectors from agriculture and healthcare to infrastructure and transportation. Significant issues persisted, demanding urgent attention and effective solutions in the coming year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com