കരാർ നടപടികൾ ഉടനെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ; പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കും
Mail This Article
കുലുക്കല്ലർ ∙ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ നവീകരണ പ്രവൃത്തികൾക്കായുള്ള ടെന്‍ഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നു മുഹമ്മദ് മുഹസിന്‍ എംഎല്‍എ. നാഷനൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ അനുവദിച്ചതായും എംഎൽഎ അറിയിച്ചു. വിവിധ ഘട്ടങ്ങളായി ആയിരിക്കും പ്രവൃത്തികൾ നടത്തുക.
നേരത്തെ ആരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ 15ാം ധനകാര്യ കമ്മിഷനിൽ നിന്ന് ഒരു കോടി 43 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതില്‍ ആദ്യഘട്ടം 35.75 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ പ്രവൃത്തികൾക്കുള്ള ടെന്‍ഡര്‍ നടപടികളാണ് ഉടൻ ആരംഭിക്കുന്നത്. ആശുപത്രിയുടെ പിൻവശത്തുള്ള ഒരു ഏക്കറോളം സ്ഥലത്തു പുതിയ ഇരുനില കെട്ടിടം നിര്‍മിക്കാനാണ് ആലോചിക്കുന്നത്. കുലുക്കല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലേക്കു വഴിയില്ലാത്തതു പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുതിയ കെട്ടിടം വരുന്നതോടെ റോഡ് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രഭാപുരത്ത് നിന്ന് എളുപ്പത്തിൽ എത്താന്‍ ആവശ്യമായ റോഡ് നിർമിക്കാനാണു പദ്ധതി. പ്രദേശവാസികൾ സ്ഥലം വിട്ടു നൽകിയാൽ ഇതുമായി ബന്ധപ്പെട്ടുളള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ചു മനോരമ വാർത്തകൾ കൊടുത്തിരുന്നു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ടു മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. പഞ്ചായത്ത് ഉപാധ്യക്ഷന്‍ ടി.കെ.ഇസ്ഹാഖ്, പഞ്ചായത്തംഗം എം.പി.സുധാകരൻ, ഡിപിഒ ഡോ.റോഷ്, മെഡിക്കൽ ഓഫിസർ ഫസീല, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.