ക്ലീൻ കേരള കമ്പനി: ഈ വർഷം നീക്കിയത് 5731 ടൺ മാലിന്യം
Mail This Article
പാലക്കാട് ∙ ക്ലീൻ കേരള കമ്പനി 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 25 വരെ ജില്ലയിൽ നിന്നു നീക്കിയത് 5731 ടൺ മാലിന്യം. മാലിന്യമുക്തം നവകേരള പദ്ധതിയുടെ ഭാഗമായി നിലവിൽ പ്രതിദിനം 30 ടണ്ണിലേറെ മാലിന്യമാണു ജില്ലയിൽ നിന്നു നീക്കുന്നത്. ഈ വർഷം നീക്കിയതിൽ 4931 ടണ്ണും പുനരുപയോഗിക്കാനാകാത്ത നിഷ്ക്രിയ മാലിന്യമാണ്. 800 ടൺ തരംതിരിച്ച മാലിന്യവുമുണ്ട്.2023–24 വർഷത്തിൽ 4038 ടണ്ണും 2022–23 വർഷത്തിൽ 1351 ടൺ മാലിന്യവുമാണു ജില്ലയിൽ നിന്നു നീക്കിയിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങൾ വഴിയാണു മാലിന്യശേഖരണം.
ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എംസിഎഫിൽ (മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി) എത്തിച്ച് തരം തിരിച്ചാണു കൈമാറുന്നത്. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾക്കു ക്ലീൻ കേരള കമ്പനി നിശ്ചിത തുക നൽകും. ഉപയോഗിക്കാൻ പറ്റാത്ത മാലിന്യങ്ങൾ ശാസ്ത്രീയമായും സുരക്ഷിതമായും സംസ്കരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിക്കു തുക നൽകും.ചൂടു കൂടിയതോടെ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഇവ നീക്കാനും പ്രത്യേകം പദ്ധതി തയാറാക്കിയതും നേട്ടമായി.