അതിജീവനത്തിന്റെ നേർസാക്ഷ്യങ്ങൾ
ലോക്ഡൗൺ കാലത്ത് സാന്ത്വനവുമായി നാട്ടിൽ സജീവമായ ജനപ്രതിനിധികൾ കണ്ടത് അതിജീവനത്തിന്റെനേർസാക്ഷ്യങ്ങൾ. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കാഴ്ചകൾ ഇൗസ്റ്റർദിവസത്തിൽ പങ്കുവയ്ക്കുകയാണ് ജില്ലയിലെ 5 എംഎൽഎമാർ.
ലോക്ഡൗൺ കാലത്ത് സാന്ത്വനവുമായി നാട്ടിൽ സജീവമായ ജനപ്രതിനിധികൾ കണ്ടത് അതിജീവനത്തിന്റെനേർസാക്ഷ്യങ്ങൾ. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കാഴ്ചകൾ ഇൗസ്റ്റർദിവസത്തിൽ പങ്കുവയ്ക്കുകയാണ് ജില്ലയിലെ 5 എംഎൽഎമാർ.
ലോക്ഡൗൺ കാലത്ത് സാന്ത്വനവുമായി നാട്ടിൽ സജീവമായ ജനപ്രതിനിധികൾ കണ്ടത് അതിജീവനത്തിന്റെനേർസാക്ഷ്യങ്ങൾ. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കാഴ്ചകൾ ഇൗസ്റ്റർദിവസത്തിൽ പങ്കുവയ്ക്കുകയാണ് ജില്ലയിലെ 5 എംഎൽഎമാർ.
ലോക്ഡൗൺ കാലത്ത് സാന്ത്വനവുമായി നാട്ടിൽ സജീവമായ ജനപ്രതിനിധികൾ കണ്ടത് അതിജീവനത്തിന്റെ നേർസാക്ഷ്യങ്ങൾ. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കാഴ്ചകൾ ഇൗസ്റ്റർദിവസത്തിൽ പങ്കുവയ്ക്കുകയാണ് ജില്ലയിലെ 5 എംഎൽഎമാർ.
അച്ഛനെ കണ്ടെത്തി, ചേർത്തുപിടിച്ച് മകൾ
ചിറ്റയം ഗോപകുമാർ, അടൂർ
കോവിഡുമായി ബന്ധപ്പെട്ട് അഗതികൾക്കൊരുക്കിയ ക്യാംപ്, വീടു വിട്ടിറങ്ങിയ അച്ഛനെ കണ്ടെത്താൻ മകൾക്ക് വഴിയൊരുക്കിയതാണ് ഈ പ്രതിസന്ധി കാലത്ത് മനസിൽ തങ്ങി നിൽക്കുന്നത്. ഭാര്യയുടെ മരണശേഷം മക്കളുമായി പിണങ്ങി ഒരു വർഷം മുൻപ് വീടു വിട്ടിറങ്ങി പുതുവൽ ഭാഗത്ത് കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന മാരൂർ കരണ്ട മൂലയിൽ പൊടിയനെ (87) മകൾ ശാന്തകുമാരി കഴിഞ്ഞ ദിവസം ക്യാംപിൽ എത്തി കൂട്ടികൊണ്ടു പോയി. ലോക്ഡൗണുമായി ബന്ധപ്പെട്ട് എല്ലാവരും വീട്ടിൽ കഴിയണമെന്നുള്ള പ്രഖ്യാപനം വന്നതോടെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ കാര്യം കഷ്ടത്തിലായിരുന്നു.
ഇവർക്ക് ഭക്ഷണം കിട്ടാത്ത സ്ഥിതിയുമുണ്ടായി. അങ്ങനെയാണു കരുവാറ്റ ഗവ. എൽപി സ്കൂളിൽ അഗതികൾക്ക് ക്യാംപ് തുടങ്ങിയത്. വിവിധ സ്ഥലങ്ങളിൽ നിന്നായി പൊടിയൻ ഉൾപ്പെടെ 31 പേരെയാണു ക്യാംപിൽ എത്തിച്ചത്. മൂന്നു നേരത്തെയും ഭക്ഷണം നഗരസഭയുടെ സമൂഹ അടുക്കളയിൽ നിന്ന് നൽകി. ഇതിനിടയിലാണു പൊടിയന്റെ മകൾ ഡിവൈഎസ്പി ജവഹർ ജനാർദിനെ സമീപിക്കുന്നത്.അച്ഛൻ അഗതി ക്യാംപിൽ ഉണ്ടോയെന്ന് അന്വേഷിച്ചായിരുന്നു ആ വരവ്. ക്യാംപിൽ എത്തി അച്ഛനെ കണ്ടെത്തി. അപ്പോൾ ആ മകളുടെ മുഖത്ത് ഉണ്ടായ സന്തോഷം എന്റെ മനസ്സിൽ മായാത്ത കാഴ്ചയാണ്.
മാഞ്ഞുപോകില്ല, പ്രതീക്ഷയുടെ മുഖങ്ങൾ
രാജു ഏബ്രഹാം, റാന്നി
ഐത്തലയിൽ മാർച്ച് ആദ്യം കോവിഡ് സ്ഥിരീകരിച്ചപ്പോൾ കണ്ട മുഖങ്ങളല്ല ഇപ്പോൾ. ഇനി എന്താകുമെന്ന ആശങ്ക എല്ലാവരിലും എന്ന പോലെ എന്നിലും അന്നു നിറഞ്ഞിരുന്നു. രോഗബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടവർ വീടുകൾക്ക് പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചപ്പോൾ അതു സാധ്യമാകുമോയെന്ന് പലരും ഭയപ്പെട്ടു.
എന്നാൽ, എല്ലാ ബുദ്ധിമുട്ടുകളും അവർ ഉൾക്കൊണ്ടു. പ്രതിരോധ നടപടികളുമായി സഹകരിച്ചു. പ്രത്യാശയുടെ വെളിച്ചമാണ് ജനലഴികളിൽ നോക്കിനിന്നവരുടെ മുഖങ്ങളിൽ അന്നു ഞാൻ കണ്ടത്. അതു വിജയം കണ്ടപ്പോൾ എന്തിനെയും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാനാകുമെന്ന് ഉറപ്പായി. സംസ്ഥാനത്ത് പൂർണമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും എന്നിൽ തെളിഞ്ഞത് ഐത്തല സ്വദേശികളുടെ മുഖങ്ങളാണ്.
ഉണ്ണീ അമ്പാടി, മറക്കില്ല നിന്റെ മുഖം
വീണാ ജോർജ്, ആറന്മുള
ശിശുക്ഷേമസമിതിയുടെ അനാഥമന്ദിരത്തിൽ അവശ്യവസ്തുക്കളുമായി പോയപ്പോഴാണ് അമ്പാടി എന്ന കുട്ടിയെ ഞാൻ കണ്ടത്. ചിത്രം വരയ്ക്കാൻ ഇഷ്ടപ്പെടുന്ന അവന് ചായപ്പെൻസിലുകളാകും ഇഷ്ടമെന്നു കരുതി അടുത്തേക്കു വിളിച്ച് സംസാരിച്ചു. വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ എനിക്കു നേരെ വിരൽ ചൂണ്ടിയിട്ടു പറഞ്ഞു; അവന് ഒരമ്മയാകണമെന്ന്. അത് എന്നെ വല്ലാതെ സ്പർശിച്ചു. നഷ്ടപ്പെട്ടു പോയ അമ്മയോടുള്ള സ്നേഹമാണ് അവൻ എന്നിൽ കണ്ടത്. അവന്റെ മനസ്സിലെ അമ്മയുടെ രൂപമാണ് എന്നിൽ ദർശിച്ചത്. കോവിഡ് കാലത്തെ പിന്നീടുള്ള പ്രവർത്തനങ്ങളിലെല്ലാം ആ കുട്ടിയുടെ മുഖം എന്റെ മനസ്സിൽ തങ്ങിനിന്നു.
പ്രത്യാശയുടെ തൊങ്ങലുകൾ അവർക്ക്
കെ.യു.ജനീഷ്കുമാർ, കോന്നി
മഹാമാരിയുടെ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ ആഹാര സാധനങ്ങൾക്കും പുത്തൻ വസ്ത്രങ്ങൾക്കും അടക്കം പ്രയാസം നേരിട്ടിരുന്ന വകയാർ ബഥേനിയ ബാലഭവനിലെ കുട്ടികൾക്ക് ഇവയെല്ലാം എത്തിച്ചു നൽകിയപ്പോൾ അവരുടെ കണ്ണുകളിൽ കണ്ട പ്രത്യാശയുടെ തിളക്കം എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. പ്രദേശവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് സാധനങ്ങളുമായി അവിടെ എത്തുമ്പോഴാണ് കുട്ടികൾക്ക് വസ്ത്രങ്ങളുടെ കുറവുള്ളതായി മനസ്സിലായത്.
അപ്പോൾ തന്നെ അതു ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു.രണ്ടര വയസ്സുള്ള എബിൻ, 5 വയസ്സുള്ള ഏയ്ഞ്ചൽ എന്നിവർക്ക് സൈക്കിളുകളും മുതിർന്ന കുട്ടികൾക്ക് വായിക്കാൻ പുസ്‌തകങ്ങളും നൽകി. 20 കുട്ടികളാണ് ഇവിടെയുള്ളത്. മദർ സുപ്പീരിയർ എൽസീന, സിസ്റ്റർ ക്ലമന്റ് എന്നിവർ ഇവ എറ്റുവാങ്ങിയപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. ഫാ.പി.വൈ.ജസനും ഒപ്പമുണ്ടായിരുന്നു.
മറുപാതിയായി സ്വയം മറന്ന്
മാത്യു ടി.തോമസ്, തിരുവല്ല
വൃക്കദാനത്തിലൂടെ സ്വന്തം ജീവിതം ഭർത്താക്കന്മാർക്കു പങ്കിട്ടു നൽകിയ 3 യുവതികളുടെ മുഖമാണ് ഈ ഈസ്റ്റർ ദിനത്തിൽ എനിക്കു പ്രതീക്ഷ നൽകുന്നത്. ലോക്ഡൗണിൽ ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായി മരുന്ന് എത്തിച്ചു നൽകാൻ നൽകാൻ തീരുമാനിച്ചപ്പോഴാണ് അവരുടെ കാര്യം ശ്രദ്ധയിൽ വന്നത്. കുറ്റൂർ, നെടുമ്പ്രം, മുത്തൂർ സ്വദേശിനികളായ ഇവരുടെ ഭർത്താക്കൻമാർക്ക് 20,000 രൂപയുടെ മരുന്ന് ആവശ്യമുണ്ട്. 3 പേർക്കും വൃക്ക നൽകിയതു സ്വന്തം ഭാര്യമാരാണ്. ജോലിക്ക് പോയി കിട്ടുന്ന 500 രൂപയിൽ 100 രൂപ മാത്രം വീട്ടുചെലവിനെടുത്ത് 400 രൂപ ഭർത്താക്കന്മാരുടെ മരുന്നിനായി മാറ്റിവയ്ക്കുന്ന യുവതികൾ.
ലോക്ഡൗണായതോടെ അവർക്കു ജോലിക്കു പോകാൻ കഴിയാതെയായി. ദുഃഖവെള്ളിയുടെയും ഈസ്റ്ററിന്റെയും പ്രാർഥനയിൽ ഈ കുടുംബങ്ങളെ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇവരുടെ മരുന്നിനു പണം കണ്ടെത്തണമെന്ന് ഞാൻ തീരുമാനിച്ചപ്പോൾ തന്നെ വഴി തുറന്നു. കോട്ടയത്തു താമസിക്കുന്ന ശങ്കരമംഗലത്ത് ജോർജ് മാത്യു വീട്ടിൽ വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ നൽകി. അദ്ദേഹത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആ പണം നൽകിയത്. ചെറുപ്പക്കാരായ മൂന്നു ഗൃഹനാഥൻമാർക്കും ഈ മാസത്തെ മരുന്നിനുള്ള വകയായി.