മാലിന്യമുക്ത നഗരം മുഖ്യലക്ഷ്യം
Mail This Article
അടൂർ നഗരസഭയെ മാലിന്യ മുക്ത നഗരമാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭാധ്യക്ഷൻ ഡി. സജി. മലയാള മനോരമയുടെ ‘ഹലോ ചെയർമാൻ’ ഫോൺ ഇൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും. അജൈവ മാലിന്യങ്ങൾ ഹരിതകർമസേനയുടെ സഹായത്തോടെ മാസത്തിൽ ഒരിക്കൽ വീടുകളിൽ നിന്ന് ശേഖരിക്കും. 21ന് ഈ പദ്ധതിക്കു തുടക്കം കുറിക്കും.
നഗരസഭാ കാര്യാലയത്തിന്റെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. വരുന്ന സാമ്പത്തിക വർഷത്തിനുള്ളിൽ ശ്മശാനവും സ്ഥാപിക്കും. പൈപ്പു പൊട്ടലും വെള്ളം കിട്ടാത്ത പ്രശ്നവും ഉൾപ്പെടെയുള്ളവ പരിഹരിക്കുന്നതിനു ചിറ്റയം ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നഗരസഭയിൽ നടത്തുന്ന അദാലത്തിൽ നടപടി ഉണ്ടാകുമെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.
അടൂർ നഗരസഭയുമായി ബന്ധപ്പെട്ട വായനക്കാരുടെ കോളുകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാനപ്പെട്ട പരാതികളും അവയ്ക്ക് നഗരസഭാധ്യക്ഷൻ നൽകിയ മറുപടിയും ചുവടെ:
? അടൂർ ബൈപാസിന്റെ നടപ്പാത ഉൾപ്പെടെ ഇരുവശവും കാടുകയറി കിടക്കുന്നു. അടൂർ സെൻട്രൽ ജംക്‌ഷനിൽ ശുചിമുറിയില്ല. -തങ്കച്ചൻ, മൂന്നാളം
∙ഈ വിഷയങ്ങൾ പരിഗണനയിലുള്ളതാണ്. ബൈപാസിന്റെ വശങ്ങളിലെ കാടുവെട്ടിത്തെളിച്ച് ചെടികൾ വച്ചു പിടിപ്പിക്കും. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ശുചിമുറികൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശുചിമുറി ഉൾപ്പെടെയുള്ള ടേക്ക് എ ബ്രേക്ക് പദ്ധതിക്കു തുടക്കമായി
? കൊട്ടാരക്കര ഭാഗത്തു നിന്ന് വരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകൾ അടൂർ ജനറൽ ആശുപത്രി ജംക്‌ഷനു സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിർത്തുന്നില്ല. - വാസുദേവൻപിള്ള, പറന്തൽ
∙ ഇക്കാര്യം കെഎസ്ആർടിസി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കും
? പറക്കോട് 14,15 വാർഡുകളിലും പറക്കോട് ചിരണിക്കൽ റോഡിലും പൈപ്പ് വെള്ളം പൊട്ടി വെള്ളം പാഴാകുന്നു. ജല അതോറിറ്റിയുമായി ബന്ധപ്പെട്ടിട്ടും തിരിഞ്ഞു നോക്കുന്നില്ല. ഈ വിഷയത്തിൽ നഗരസഭാ അധ്യക്ഷൻ ഇടപെടണം. -സാലു ജോർജ്, മനു തയ്യിൽ, പ്രവീൺ, രാജേന്ദ്രക്കുറുപ്പ് (എല്ലാവരും പറക്കോട്)
∙പറക്കോട് മേഖലയിലും ചിരണിക്കൽ റോഡിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിരുന്നതാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടത്തും. ചിറ്റയം ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന ജലക്ഷാമവുമായി ബന്ധപ്പെട്ടുള്ള അദാലത്തിൽ ഈ വിഷയം ചർച്ച ചെയ്ത് പരിഹരിക്കും.
? പറക്കോട്ടെ ലൈബ്രറിയുടെ പ്രവർത്തനം പുനഃരാരംഭിക്കണം. അടൂരിലെയും പറക്കോട്ടെയും മുനിസിപ്പൽ ബസ് സ്റ്റാൻഡുകൾ പ്രവർത്തിപ്പിക്കണം. -എൻ. അനിൽകുമാർ, പറക്കോട്
∙ പുതിയ ലൈബ്രേറിയനെ നിയമിച്ച് ലൈബ്രറിയുടെ പ്രവർത്തനം ഉടൻ തുടങ്ങും. അടൂരിലെ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമാക്കാനുള്ള നടപടികളുമായി മുൻപോട്ടു പോകും. പറക്കോട്ടേത് പ്രായോഗികമല്ല.
? മിത്രപുരം നാൽപ്പതിനായിരംപടിയിൽ നിന്ന് കോളനിയിലേക്ക് പോകുന്ന റോഡ് സഞ്ചാരയോഗ്യമാക്കണം. -സി.ഒ. മാത്യു, അടൂർ
∙ വരുന്ന സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി എടുക്കും.
? അടൂരിലെ പ്രധാന റോഡുകളിൽ സീബ്രാലൈനുകൾ ഇല്ല. ഇതു കാരണം റോഡു മുറിച്ചു കടക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കടകളിലെയും വീടുകളിലെയും മാലിന്യങ്ങൾ ശേഖരിക്കാനും റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാനും നടപടി വേണം. -ഡെന്നീസ് സാംസൺ,അടൂർ
∙ ഗതാഗത ഉപദേശ സമിതി യോഗം വിളിച്ചു ചേർത്ത് സീബ്രാലൈനുകൾ വരയ്ക്കുന്ന കാര്യം പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കും. യൂസർ ഫീ വാങ്ങി മാലിന്യം ശേഖരിക്കാൻ ഉടൻ നടപടി തുടങ്ങും. റോഡിൽ ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകൾ സ്ഥാപിക്കുന്ന വിഷയം ജല അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും.
? അടൂർ കെഎസ്ആർടിസി ജംക്‌ഷനിലെ പാലത്തിന്റെ ഭാഗത്തു നിന്ന് സ്റ്റേഡിയത്തിനായി സ്ഥലമേറ്റെടുത്തിരിക്കുന്ന ഭാഗത്തേക്ക് തോടിന്റെ കരയിലൂടെ നടപ്പാത നിർമിക്കണം. -വി.കെ. സ്റ്റാൻലി
∙ ഈ വിഷയം പരിഗണനയിലുണ്ട്. വരുന്ന സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ ശ്രമിക്കും
? അടൂർ ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ല. ടൗണിലും വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ല. തെരുവു നായ്ക്കളുടെ ശല്യത്തിന് പരിഹാരം വേണം. -അടൂർ സുഭാഷ്,അടൂർ
∙ ജനറൽ ആശുപത്രിയിൽ പഴയ കെട്ടിടം പൊളിച്ച് പാർക്കിങ്ങിന് സൗകര്യമൊരുക്കും. വലിയ വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള നിർദേശം നൽകും. ടൗണിൽ പാർക്കിങ്ങിനായി പ്രത്യേക സ്ഥലം കണ്ടെത്തും. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാൻ വന്ധ്യംകരണ പദ്ധതി നടപ്പാക്കും.
? നഗരസഭയിലെ പത്താം വാർഡിലെ ഇടറോഡുകൾ കാടുപിടിച്ചു കിടക്കുന്ന പ്രശ്നം പരിഹരിക്കണം. -ജ്യോതിഷ്കുമാർ, പന്നിവിഴ
∙ റോഡരികുകളിലെ കാടു വെട്ടിത്തെളിക്കുന്നതിന് നടപടി സ്വീകരിക്കും.
? ഭൂരിഭാഗം സ്വകാര്യ ബസുകളും ജനറൽ ആശുപത്രി ജംക്‌ഷനിലേക്ക് വരാതെ പാർഥസാരഥി ക്ഷേത്രത്തിന്റെ ഭാഗത്ത് വന്നു തിരിഞ്ഞുപോകുന്നു. -സാം സക്കറിയ, അടൂർ
∙ ഇക്കാര്യം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും.
? ആനന്ദപ്പള്ളി ജംക്‌ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ കോൺവെക്സ് മിറർ സ്ഥാപിക്കണം. -വർഗീസ് ഡാനിയേൽ, ആനന്ദപ്പള്ളി
∙പിഡബ്ല്യുഡി അധികൃതരുമായി ആലോചിച്ച് തീരുമാനമെടുക്കും.
? നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ ചെടികൾ വച്ചു പിടിപ്പിച്ചാൽ നന്നായിരിക്കും - സൈമൺ തോമസ്, കരുവാറ്റ
∙ വ്യാപാരികളുടെ യോഗം വിളിച്ചു ചേർത്ത് ഇക്കാര്യം ചർച്ച ചെയ്യും.
? നെല്ലിമൂട്ടിൽപ്പടി ഭാഗത്തെ മത്സ്യവ്യാപാര കേന്ദ്രത്തിനു മുൻപിലെ വാഹന പാർക്കിങ് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. -രാജേഷ് ബാബു, അടൂർ
∙ ഗതാഗത ഉപദേശക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
? അടൂർ ആർഡി ഓഫിസിന്റെ ഭാഗത്തു കൂടി ആനന്ദപ്പള്ളിക്കു പോകുന്ന റോഡിലെ രണ്ടു വശങ്ങളിലെയും പാർക്കിങ് യാത്രയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. - സിമി ഭാനുവതി, പന്നിവിഴ
∙ ഇക്കാര്യം പൊലീസിന്റെയും ഗതാഗത ഉപദേശക സമിതി യോഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തി നടപടി എടുക്കും.
ക്യാമറ സ്ഥാപിക്കും; മാലിന്യം തള്ളുന്നവരെ കയ്യോടെ പിടികൂടും
? മാലിന്യം സ്ഥിരമായി തള്ളുന്ന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം. -ജോൺ, അടൂർ
∙ഇതിനുള്ള ആലോചനയിലാണ് നഗരസഭ. ഉടൻ തന്നെ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടി ഉണ്ടാകും. വീടുകളിലെ മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കിക്കൊണ്ടിരിക്കുകയാണ്.
? അടൂർ അരമനപ്പടി മുതൽ പറന്തൽ ഭാഗം വരെ എംസി റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി എടുക്കണം. ഈ ഭാഗത്തെ വഴിവിളക്കുകളും പ്രകാശിപ്പിക്കണം. -ബിജു ചാങ്കൂർ, മിത്രപുരം
∙മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി എടുത്തു കൊണ്ടിരിക്കുകയാണ്. വഴിവിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടി തുടങ്ങി.
?അടൂർ ബൈപാസ് റോഡിലും സമീപത്തുള്ള തോട്ടിലും മാലിന്യം തള്ളുന്നതു തടയണം. -ടോം തോട്ടത്തിൽ, അടൂർ
∙റോഡരികിലും തോടുകളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കാൻ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കർശന നടപടി ഉണ്ടാകും