മാടക്കടയുടെ മായാകഥ!: ചായയ്ക്ക് 2 പൈസ, ദോശ, ഇഡ്‌ലി, പുട്ട് എന്നിവയ്ക്ക് 3 പൈസയും;നിറമുള്ള ഓർമ
കവലകൾ തോറും കുമിളുകൾ പോലെ ഷോപ്പിങ് മാളുകളും കഫേകളും പൊട്ടി മുളയ്ക്കുമ്പോഴും പഴയ തലമുറയുടെ അടയാളമായി നിലനിൽക്കുകയാണ് മാടക്കടകളും ചായക്കടകളും. മിഠായിയും നാരങ്ങാ വെള്ളവും നാലുംകൂട്ടിയുള്ള മുറുക്കാനും പാളയം കോടൻ പഴക്കുലയും ചായയും ചെറുകടിയും മോരിൻവെള്ളവും വട്ട് സോഡയും തുടങ്ങി പലചരക്ക് സാധനങ്ങൾ വരെ
കവലകൾ തോറും കുമിളുകൾ പോലെ ഷോപ്പിങ് മാളുകളും കഫേകളും പൊട്ടി മുളയ്ക്കുമ്പോഴും പഴയ തലമുറയുടെ അടയാളമായി നിലനിൽക്കുകയാണ് മാടക്കടകളും ചായക്കടകളും. മിഠായിയും നാരങ്ങാ വെള്ളവും നാലുംകൂട്ടിയുള്ള മുറുക്കാനും പാളയം കോടൻ പഴക്കുലയും ചായയും ചെറുകടിയും മോരിൻവെള്ളവും വട്ട് സോഡയും തുടങ്ങി പലചരക്ക് സാധനങ്ങൾ വരെ
കവലകൾ തോറും കുമിളുകൾ പോലെ ഷോപ്പിങ് മാളുകളും കഫേകളും പൊട്ടി മുളയ്ക്കുമ്പോഴും പഴയ തലമുറയുടെ അടയാളമായി നിലനിൽക്കുകയാണ് മാടക്കടകളും ചായക്കടകളും. മിഠായിയും നാരങ്ങാ വെള്ളവും നാലുംകൂട്ടിയുള്ള മുറുക്കാനും പാളയം കോടൻ പഴക്കുലയും ചായയും ചെറുകടിയും മോരിൻവെള്ളവും വട്ട് സോഡയും തുടങ്ങി പലചരക്ക് സാധനങ്ങൾ വരെ
കവലകൾ തോറും കുമിളുകൾ പോലെ ഷോപ്പിങ് മാളുകളും കഫേകളും പൊട്ടി മുളയ്ക്കുമ്പോഴും പഴയ തലമുറയുടെ അടയാളമായി നിലനിൽക്കുകയാണ് മാടക്കടകളും ചായക്കടകളും. മിഠായിയും നാരങ്ങാ വെള്ളവും നാലുംകൂട്ടിയുള്ള മുറുക്കാനും പാളയം കോടൻ പഴക്കുലയും ചായയും ചെറുകടിയും മോരിൻവെള്ളവും വട്ട് സോഡയും തുടങ്ങി പലചരക്ക് സാധനങ്ങൾ വരെ വിറ്റിരുന്ന മാടക്കടകളുണ്ടായിരുന്നു. രാവിലെ പല സ്ഥലങ്ങളിലായി ജോലിക്ക് പോകുന്നവർ ഇവിടെയെത്തി ചായ കുടിച്ച് നാലുംകൂട്ടി മുറുക്കിയശേഷം മുറുക്കാൻ പൊതിയുമായാണ് പോയിരുന്നത്. ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴും ഇവിടെ എത്തി സാധനങ്ങൾ വാങ്ങി കുശലാന്വേഷണവും നടത്തിയാണു വീടുകളിലേക്കു മടങ്ങിയിരുന്നത്. ഇത്തരം കടകളുടെ വലിയൊരു ചരിത്രമുള്ള ജില്ലയാണു പത്തനംതിട്ട. ചില കട വിശേഷങ്ങളിലൂടെ...
ആവി പറക്കും കാഴ്ച; സുഗതന്റെ ചായക്കട
കലത്തിൽ വെള്ളവും അതിനു മുകളിലെ പാത്രത്തിൽ പാലും വിറകടുപ്പിൽ തിളച്ച് ആവിപറക്കുന്ന കാഴ്ച, പഴംപൊരിയും പരിപ്പുവടയും ബോണ്ടയും ബോളിയും നിറഞ്ഞിരിക്കുന്ന കണ്ണാടി അലമാര, ഓടുമേഞ്ഞ മേൽക്കൂരയിൽ തൂക്കിയിട്ടിരിക്കുന്ന നല്ലപഴുത്ത നാടൻ പഴങ്ങൾ. പറക്കോട് കാവനാൽ ജംക്‌ഷനിലെ സുഗതന്റെ ചായക്കടയാണ്.പുതുമല കാഞ്ഞിരിവിള കിഴക്കേതിൽ സുഗതൻ ഈ ചായക്കട ഏറ്റെടുത്ത് നടത്താൻ തുടങ്ങിയിട്ട് 11 വർഷമേ ആയൊള്ളൂ. ഉടമസ്ഥർ മാറിയിട്ടും നാട്ടുരുചി പകരുന്ന പഴയകാല നാടൻചായക്കട ഗൃഹാതുരത്വത്തോടെ അതേപടി തന്നെ നിലനിർത്തിയിരിക്കുന്നു. സഹായികളായി സരസ്വതിയും മകൻ അഭിലാഷും മരുമകൾ സിനിയും ഒപ്പം കൂടും.രാവിലെ 6നാണ് പ്രവർത്തനം തുടങ്ങുന്നത്. ദോശയും തേങ്ങാച്ചമ്മന്തിയും കടലക്കറിയും സാമ്പാറുമാണ് രാവിലത്തെ വിഭവങ്ങൾ, പൊറോട്ടയും മുട്ടക്കറിയുമുണ്ട്. എന്നാൽ രാത്രി 7.30 വരെ പ്രവർത്തിക്കുന്ന ഈ നാടൻ കടയിൽ വിറകടുപ്പിൽ എടുക്കുന്ന ചായ ഏതു സമയത്തും ലഭിക്കും.
70 വർഷം മുൻപ് നാണു തുടങ്ങി; ഷിബു തുടരുന്നു
കൊറ്റനാട് വൃന്ദാവനം ജംക്‌ഷനിലെ മറുക്കാൻ കടയ്ക്ക് ഏകദേശം 70 വർഷത്തിന് മേൽ പഴക്കമുണ്ട്. കെ.എൻ. ഷിബുവിന്റേതാണ് ഇൗ മുറുക്കാൻകട. പിതാവ് കിഴക്കേപുതുപ്പറമ്പിൽ നാണുവിൽ നിന്ന് 2005 ലാണ് ഷിബു കടയുടെ ചുമതലക്കാരനാകുന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ സംഭവിച്ച അപകടം മൂലം ഷിബുവിനെ മറ്റ് ജോലികൾ ചെയ്യുന്നതിന് കഴിയാതെ വന്നതോടെയാണ് കട ഏറ്റെടുത്തത്. അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഈ കടയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് കഴിയുന്നത്. നാടൻ തുളസി വെറ്റിലയിലുള്ള മുറുക്കാനായി സമീപ പ്രദേശങ്ങളിൽനിന്നും ആളുകൾ എത്തുന്നതയി ഷിബു പറയുന്നു. മരച്ചീനിയും ഉണക്ക മീൻ കച്ചവടവും ഇവിടെയുണ്ട്.
സുവർണ ജൂബിലി നിറവിൽ ഗോപിയുടെ നാട്ടുകട
തണ്ണിത്തോട് കെകെ പാറ വഞ്ചിപ്പടിയിലെ ഗോപിയുടെ ചായക്കട സുവർണ ജൂബിലി വർഷത്തിലാണ്. കെകെ പാറ പുതിയവീട്ടിൽ ഗോപിനാഥൻ നായർ നാട്ടുകാർക്ക് ഗോപി കൊച്ചാട്ടനാണ്. എഴുപത്താറുകാരനായ ഗോപിനാഥൻ നായർക്ക് ഒപ്പം ചായ അടിക്കാനും സഹായത്തിനുമായി ഭാര്യ രാജമ്മയും കടയിലുണ്ട്. തടി ബഞ്ചും ഡസ്കും അലമാരയും ഉൾപ്പെടെ പരിമിതമായ സൗകര്യങ്ങളിലാണ് കടയുടെ പ്രവർത്തനം. പുല്ല് മേഞ്ഞ മേൽക്കൂരയിൽ നിന്ന് ആസ്ബറ്റോസിലേക്ക് മാറിയിട്ട് ഏറെക്കാലമായില്ല. അര ഭിത്തിക്ക് മുകളിൽ എഴികൾ അടിച്ച് മറച്ചിരിക്കുന്നതിനാൽ കാറ്റും വെളിച്ചവും ആവോളമെത്തും. ചായ കുടിക്കാനെത്തുന്നവർക്ക് പുറം കാഴ്ചകൾ കണ്ട് നാട്ടുവിശേഷങ്ങൾ പങ്കുവച്ച് സമയം ചെലവഴിക്കാം. പഴയകാല ഓർമകൾ പൊടിതട്ടിയുണർത്തി ചുറ്റുവട്ടത്തെ മുതിർന്ന ആളുകളെത്തും. ഗൃഹാതുരതയുമായി രാവിലെയും വൈകിട്ടും റേഡിയോ ഗാനങ്ങളും വാർത്തകളും കേൾക്കാൻ പഴയ തലമുറ ഇവിടെയെത്തും. ഒപ്പം വീശിയടിച്ച ചായയും.
ചായയ്ക്ക് 2 പൈസ, ദോശയ്ക്ക് 3
പഴയകാല തനിമ ചോരാതെ ഇപ്പോഴും തലയെടുപ്പോടെ നിൽക്കുന്ന കാപ്പിക്കട കൗതുകമാകുന്നു. തുമ്പമൺ- കോഴഞ്ചേരി പ്രധാന പാതയിൽ നിന്ന് മൂലൂർ സ്മാരകത്തിലേക്ക് തിരിയുന്ന ഭാഗത്താണ് 52 വർഷം മുൻപ് പണിത കട ഉള്ളത്. ഒറ്റമുറിയും ചായ്പ്പുമായി (അടുക്കള) വിജയ ഭവനിൽ എൻ.ആർ.വാസുവാണ് ഇത് പണിതത്. ലോക്ക് ഡൗണിൽ കട പൂട്ടിപ്പോയെങ്കിലും പിന്നീട് മകൻ അനിൽ കുമാറും മരുമകൾ ശ്രീലതയും വീണ്ടും തുറക്കുകയായിരുന്നു. 92-ാം വയസ്സിൽ വീട്ടിൽ വിശ്രമിക്കുമ്പോഴും വാസു ചില കാര്യങ്ങൾ ഓർത്തെടുത്ത് പറയും. മണ്ണ് കൂനകൂട്ടി ചവിട്ടി ഒതുക്കിയാണ് അന്ന് തറ പണിതത്. പിന്നീട് മൺകട്ട കൊണ്ട് ചുവരുണ്ടാക്കി ഓല മേയുകയായിരുന്നു. ഓല കിട്ടാൻ ബുദ്ധിമുട്ടായതോടെ 10 വർഷം മുൻപാണ് ലോഹ ഷീറ്റിലേക്കു മേൽക്കൂര മാറ്റിയത്.
തകർന്ന ഭാഗങ്ങളിൽ സിമന്റ് കട്ടയും കല്ലുകളും ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. തുടക്ക സമയത്ത് ചായ,കാപ്പി, എണ്ണപ്പലഹാരങ്ങൾ എന്നിവയ്ക്ക് 2 പൈസയും ദോശ, ഇഡ്‌ലി, പുട്ട് എന്നിവയ്ക്ക് 3 പൈസയുമായിരുന്നു വില. കർഷകരും തൊഴിലാളികളും ഉൾപ്പെടെ കടയിൽ സ്ഥിരം സന്ദർശകരായി. ഇലവുംതിട്ടയിലെ ആഴ്ച ചന്തയിലും മാസത്തിൽ രണ്ട് ദിവസം നടക്കുന്ന കന്നുകാലി ചന്തയിലും പോകാൻ വരുന്നവർ പുലർച്ചെ ഇവിടെ ഒത്തുകൂടി കട്ടൻ കാപ്പി കുടിച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് വാസു ഓർക്കുന്നു.
വട്ടുസോഡ, ഹിറ്റ് സോഡ...
പഴമയുടെ പ്രതാപം പേറുന്ന വട്ടുസോഡ പഴയ തലമുറയ്ക്ക് നിറമുള്ള ഓർമയും പുതു തലമുറയ്ക്ക് കൗതുകവുമാണ്. പാതയോരത്തെ മാടക്കടയുടെ തട്ടിന്റെ ഓരം ചേർന്ന് വെള്ളം നിറച്ച മൺകുടത്തിനരികിൽ തലയിൽ തൊപ്പി എന്ന പോലെ നാരങ്ങയും വച്ചു തടിപ്പെട്ടിയുടെ തുറന്ന അറയിലായിരുന്നു വട്ടുസോഡയുടെ ഇരിപ്പിടം.ഗോലിയിൽ ഉടക്കി നിൽക്കുന്ന കുപ്പിക്കഴുത്തിൽ വിരലമർത്തിയാൽ മതി ഉള്ളിൽ നിറച്ചിരിക്കുന്ന ദാഹശമിനി ടപ്പേന്നൊരു ശബ്ദത്തോടെ പുറത്തുവരും. ആദ്യ കാലത്ത് സൈക്കിളിലായിരുന്നു ജർമൻ സോഡാക്കുപ്പി വച്ചു കെട്ടി വിൽപ്നയ്ക്കായുള്ള യാത്ര. ഈ സമയത്ത് ഒഴിഞ്ഞ സോഡാ കുപ്പികളുടെയും ഉള്ളിലെ വട്ടിന്റെയും കിലുക്കം ഒരു കാലഘട്ടത്തിലെ ജീവിത താളമായി ഇപ്പോഴും പഴമക്കാരുടെ ഓർമയിലുണ്ട്. നമ്മുടെ ശീലങ്ങൾ കാലത്തിനു വഴിമാറിയപ്പോൾ വട്ടു സോഡയും കളം ഒഴിഞ്ഞു. വട്ടുസോഡ നിർമാണവും കച്ചവടവും തൊഴിലാക്കിയവർ മറ്റു ജീവിത മാർഗങ്ങൾ തേടി.
തൊണ്ണൂറുകളിലാണ് വട്ടുസോഡയുടെ പ്രതാപ കാലം അസ്തമിച്ചു തുടങ്ങിയത്. എന്നിട്ടും കഴിഞ്ഞ അഞ്ചു വർഷം മുൻപു വരെ വട്ട് സോഡ നിർമാണവും കച്ചവടവും ജീവിതമാർഗമായി കൊണ്ടു നടന്നു സഹോദരങ്ങളായ അടൂർ കോട്ടമുകൾ, കൊച്ചുകളീക്കൽ സണ്ണിയും സഹോദരൻ ബാബുവും. സൈന്യത്തിൽ നിന്ന് വിരമിക്കുമ്പോൾ പിതാവ് ഐസക്കിന് മുന്നിൽ തെളിഞ്ഞു വന്ന ജീവിത മാർഗമായിരിന്നു ഇത്. കൊല്ലത്തു നിന്നായിരുന്നു നിർമാണ സാമഗ്രികൾ എല്ലാം എത്തിച്ചിരുന്നത്. 6 പൈസയിൽ തുടങ്ങിയ വിൽപന 5 രൂപയിൽ എത്തിയപ്പോഴേക്കും അടുത്ത തലമുറയ്ക്ക് കളം വിടേണ്ടി വന്നു.
രണ്ട് തലമുറകളിലായി 8 പതിറ്റാണ്ടിലധികം തൊഴിൽ നെഞ്ചിലേറ്റി. ആദ്യകാലത്ത് ദിവസവും ആയിരത്തിലധികം കുപ്പികളിൽ സോഡ നിറച്ച് കിലോ മീറ്ററുകൾ സൈക്കിളിൽ കൊണ്ടുന്നടന്ന് വിറ്റഴിച്ചു. പിന്നീട് മോട്ടർ സൈക്കിളിലുമായിരുന്നു വിൽപന. സോഡ നിർമാണം കാലത്തിനു വഴിമാറിയെങ്കിലും സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും അടയാളമായി ലഭിച്ച സോഡാ സണ്ണി എന്ന വിളിപ്പേര് കാലം മായ്ച്ചില്ലെന്ന് സണ്ണി പറയുന്നു. പതിറ്റാണ്ടുകൾ അന്നമൂട്ടിയ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ചെലവു കുറഞ്ഞ രീതിയിൽ സോഡ ഉൽപാദിപ്പിച്ചിരുന്ന ലഘു യന്ത്രവും അധിനിവേശ കാലത്തിന്റെ ഓർമ പേറുന്ന ജർമൻ സോഡാ കുപ്പിയും സണ്ണി നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്.