പരിമിതികളിൽ പൊതുഗതാഗതം, കണ്ണീരുവീണ് കൃഷിയിടങ്ങൾ, കൈവരിയില്ലാത്ത കനാൽ; പരിമിതികൾ പരിമിതമാക്കാൻ മല്ലപ്പുഴശ്ശേരി
പരിമിതികളിൽ പൊതുഗതാഗതംപൊതുഗതാഗത സൗകര്യത്തിലെ പരിമിതികളാണ് മല്ലപ്പുഴശേരി പഞ്ചായത്തിന്റെ വികസനവഴിയിലെ പ്രധാന തടസ്സം. പഞ്ചായത്തു പ്രദേശങ്ങളെ പുറംലോകവുമായി ബന്ധപ്പെടുത്തിയിരുന്ന മിക്ക ബസ് സർവീസുകളും ഇപ്പോൾ കാണാമറയത്താണ്. കോവിഡ് വ്യാപനത്തിനു മുൻപുവരെ കെഎസ്ആർടിസി മികച്ച രീതിയിൽ സർവീസുകൾ
പരിമിതികളിൽ പൊതുഗതാഗതംപൊതുഗതാഗത സൗകര്യത്തിലെ പരിമിതികളാണ് മല്ലപ്പുഴശേരി പഞ്ചായത്തിന്റെ വികസനവഴിയിലെ പ്രധാന തടസ്സം. പഞ്ചായത്തു പ്രദേശങ്ങളെ പുറംലോകവുമായി ബന്ധപ്പെടുത്തിയിരുന്ന മിക്ക ബസ് സർവീസുകളും ഇപ്പോൾ കാണാമറയത്താണ്. കോവിഡ് വ്യാപനത്തിനു മുൻപുവരെ കെഎസ്ആർടിസി മികച്ച രീതിയിൽ സർവീസുകൾ
പരിമിതികളിൽ പൊതുഗതാഗതംപൊതുഗതാഗത സൗകര്യത്തിലെ പരിമിതികളാണ് മല്ലപ്പുഴശേരി പഞ്ചായത്തിന്റെ വികസനവഴിയിലെ പ്രധാന തടസ്സം. പഞ്ചായത്തു പ്രദേശങ്ങളെ പുറംലോകവുമായി ബന്ധപ്പെടുത്തിയിരുന്ന മിക്ക ബസ് സർവീസുകളും ഇപ്പോൾ കാണാമറയത്താണ്. കോവിഡ് വ്യാപനത്തിനു മുൻപുവരെ കെഎസ്ആർടിസി മികച്ച രീതിയിൽ സർവീസുകൾ
പരിമിതികളിൽ പൊതുഗതാഗതം
പൊതുഗതാഗത സൗകര്യത്തിലെ പരിമിതികളാണ് മല്ലപ്പുഴശേരി പഞ്ചായത്തിന്റെ വികസനവഴിയിലെ പ്രധാന തടസ്സം. പഞ്ചായത്തു പ്രദേശങ്ങളെ പുറംലോകവുമായി ബന്ധപ്പെടുത്തിയിരുന്ന മിക്ക ബസ് സർവീസുകളും ഇപ്പോൾ കാണാമറയത്താണ്. കോവിഡ് വ്യാപനത്തിനു മുൻപുവരെ കെഎസ്ആർടിസി മികച്ച രീതിയിൽ സർവീസുകൾ നടത്തുകയും വരുമാനം ഉണ്ടാക്കുകയും ചെയ്തിരുന്ന പ്രദേശമാണിത്. എന്നാൽ കോവിഡ് വ്യാപനത്തിനു ശേഷം ഈ പ്രദേശത്തെ കെഎസ്ആർടിസി പൂർണമായും മറന്ന സ്ഥിതിയിലാണ്.
അര നൂറ്റാണ്ടിലേറെയായി സർവീസ് നടത്തിയിരുന്ന കോട്ടയം– ചെമ്പകപ്പാറ ഫാസ്റ്റ് പാസഞ്ചറും ഇത്തരത്തിൽ ഒഴിവാക്കിയ സർവീസുകളിൽ ഉൾപ്പെടും. കോട്ടയം ജില്ലയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് രാവിലെ 6.20ന് ആണ് കുഴിക്കാലയിൽ എത്തിയിരുന്നത്. തുടർന്ന് ഇലവുംതിട്ട – തുമ്പമൺ– കുളനട– അടൂർ വഴി പോയ്ക്കൊണ്ടിരുന്ന ബസാണിത്. മല്ലപ്പുഴശേരിയുടെ ആശ്രയമായിരുന്ന പത്തനംതിട്ട – ഇലന്തൂർ കോളജ്– കുഴിക്കാല – കിടങ്ങന്നൂർ–വഴി ചെങ്ങന്നൂരിലേക്ക് ഉണ്ടായിരുന്ന ബസും അടൂർ – പന്തളം – തുമ്പമൺ– ഇലവുംതിട്ട – കുഴിക്കാല – തെക്കേമല – കോഴഞ്ചേരി– പുല്ലാട്– വെണ്ണിക്കുളം –വഴി മല്ലപ്പള്ളിക്ക് ഉണ്ടായിരുന്ന ബസുമെല്ലാം ഒറ്റയടിക്ക് നിന്നതോടെ ഈ പഞ്ചായത്ത് ആകെ നിശ്ചലമായ സ്ഥിതിയിലാണ്. കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസുകളും നിലച്ചതോടെ ജനം ആകെ വലഞ്ഞ സ്ഥിതിയിലാണ്.
ദേശസാൽകൃത പാത ആയതിനാൽ ഈ റൂട്ടുകളിൽ ഒന്നും സ്വകാര്യ ബസുകൾക്ക് കാര്യമായി സർവീസ് നടത്താനും സാധിക്കുന്നില്ല. ഉപറോഡുകളിലൂടെ തിരിഞ്ഞു പോകുന്ന രണ്ട് സ്വകാര്യ ബസുകൾ മാത്രമാണ് ഇപ്പോൾ മല്ലപ്പുഴശേരി പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ കുഴിക്കാല വഴി പോകുന്നുള്ളു. കെഎസ്ആർടിസി മല്ലപ്പുഴശേരിയോട് പുലർത്തുന്ന അവഗണനാ മനോഭാവം അവസാനിപ്പിക്കണമെന്നും പാതിവഴിയിൽ നിലച്ചുപോയ സർവീസുകൾക്കൊപ്പം പുതിയ കൂടുതൽ സർവീസുകളും ആരംഭിക്കാൻ തയാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കണ്ണീരുവീണ് കൃഷിയിടങ്ങൾ
കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായി കൃഷിയെ ആശ്രയിക്കുന്ന ഒട്ടേറെ കർഷകരുള്ള നാടാണ് മല്ലപ്പുഴശേരി. എന്നാൽ ഇവരിൽ പലർക്കും ഇപ്പോൾ പറയാനുള്ളത് വറുതിയുടെയും കണ്ണീരിന്റെയും കഥകളാണ്. ജില്ലയുടെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടുന്ന കാട്ടുപന്നി ശല്യം തന്നെയാണ് ഇവിടത്തെയും പ്രശ്നം. ആറ്റുനോറ്റ് വിതയ്ക്കുന്ന വിത്തിന്റെ 10 ശതമാനം പോലും വിളവായി ലഭിക്കുന്നില്ലെന്നാണ് ഇവിടത്തെ കർഷകർ പറയുന്നത്. പലപ്പോഴും ചെടികൾ മുളച്ചുതുടങ്ങുമ്പോൾ തന്നെ കാട്ടുപന്നികൾ എത്തി അവ നശിപ്പിക്കുകയാണ്.
കുഴിക്കാല, പുന്നയ്ക്കാട്, കുറുന്താർ, കാഞ്ഞിരവേലി, മുല്ലശേരിച്ചിറയുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. വാഴ, ചേമ്പ്, കപ്പ തുടങ്ങി എന്ത് വിതച്ചാൽ വിളവ് കൊണ്ടുപോകാൻ കാട്ടുപന്നി എത്തുന്ന സ്ഥിതിയാണ് ഇവിടെ. ഇവയുടെ ആക്രമണങ്ങൾ ചെറുക്കാൻ വേലി ഉൾപ്പെടെ കെട്ടിയിട്ടും അതെല്ലാം തകർത്തു കൊണ്ടാണ് കൃഷിയിടത്തിലേക്ക് പന്നികൾ ഇറങ്ങുന്നത്. പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും കാടിന് സമാനമായ തരത്തിൽ വളർന്നു നിൽക്കുന്ന കാടും പടലും വിജനമായ പറമ്പുകളുമൊക്കെ കാട്ടുപന്നികളുടെ ആവാസകേന്ദ്രമായി മാറിയിട്ടുമുണ്ട്. കാട്ടുപന്നി ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ കർഷകരെ സഹായിക്കുന്ന നടപടികൾ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതലായി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
കൈവരിയില്ലാത്ത കനാൽ
മല്ലപ്പുഴശേരിക്കാരുടെ ഏറ്റവും വലിയ പേടി സ്വപ്നങ്ങളിൽ ഒന്നാണ് കൈവരിയില്ലാത്ത പിഐപി കനാൽ. ഒട്ടേറെ അപകടങ്ങൾക്കും ജീവഹാനിക്കും വരെ ഈ പ്രശ്നം വഴിതെളിച്ചിട്ടുണ്ട്. നന്നേ വീതികുറഞ്ഞ റോഡരികിലെ കനാലിന് കൈവരിയോ മറ്റ് സംരക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതാണ് ഇവിടെ നടക്കുന്ന അപകടങ്ങളുടെ പ്രധാന കാരണം. വർഷങ്ങൾക്ക് മുൻപ് കൈവരിയില്ലാത്തതിനാൽ കനാലിൽ പതിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് ജീവൻ നഷ്ടമായിരുന്നു. പിന്നീടും പലതവണ പല വാഹനങ്ങൾ കനാലിൽ പതിച്ചിട്ടുണ്ട്. വലിയ അപകടങ്ങൾ തലനാരിഴയ്ക്കാണ് ഒഴിവായിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു.
നിലവിൽ കനാലിനെയും റോഡിനെയും തമ്മിൽ വേർതിരിക്കുന്നത് 10 അടിയോളം ഉയരത്തിൽ വളർന്നുനിൽക്കുന്ന കാടും പടലുമാണ്. നാളുകൾ കഴിയുന്നതിനനുസരിച്ച് കാടും പടലും റോഡ് കൂടുതൽ കൂടുതൽ കയ്യേറിക്കൊണ്ടിരിക്കുകയാണ്. കനാലിനുള്ളിലും വലിയ രീതിയിൽ കാട് വളർന്നു നിൽക്കുകയാണ്. വഴിപോക്കരും മറ്റും മാലിന്യങ്ങൾ തള്ളാനുള്ള ഇടമായും ഈ കാടിനെയും കനാലിനെയും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. കാടിനുള്ളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ളവയും താവളമാക്കിയിട്ടുമുണ്ട്. രാത്രി സമയങ്ങളിൽ കനാൽ റോഡിലൂടെയുള്ള യാത്ര ഇപ്പോൾ ഇവിടത്തുകാർക്ക് പേടി സ്വപ്നമാണ്.
ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രമേ ഇപ്പോൾ റോഡിനുള്ളു. എതിർ ദിശയിൽ ഒരു വാഹനം വന്നാൽ വലഞ്ഞതു തന്നെ. അതിനുപുറമേയാണ് വന്യമൃഗശല്യം. ഇരുട്ടിൽ ഇവ റോഡിലേക്ക് ഇറങ്ങിനിന്നാൽ അറിയാൻ പോലും സാധിക്കില്ല. ഏതെങ്കിലും തരത്തിൽ റോഡിൽ അപകടമുണ്ടായാൽ ചെന്ന് പതിക്കുന്നത് കാടുമൂടിയ കനാലിലേക്കുമാകും. കനാലിലെയും വഴിയരികിലെയും കാട് തെളിക്കുന്നതിനൊപ്പം കനാലിനെയും റോഡിനെയും വേർതിരിച്ചു കൊണ്ട് സംരക്ഷണ വേലി സ്ഥാപിക്കാനുള്ള നടപടികളും ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
എന്ത് വിതച്ചാലും നല്ല വിളവ് തരുന്ന മണ്ണാണ് ഇവിടത്തേത്. എന്നാൽ വിതയ്ക്കുന്നതൊന്നും വിളവെത്താൻ പോലും അനുവദിക്കാതെ കാട്ടുപന്നികൾ ചവിട്ടി മെതിക്കുകയാണ്. ഇവയുടെ ശല്യം ഒഴിവാക്കാൻ ഇനി പയറ്റാൻ അടവുകൾ ബാക്കിയില്ലാത്ത സ്ഥിതിയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. തോമസ് വർഗീസ് കർഷകൻ
പേരും പെരുമയും നശിച്ച് കുഴിക്കാല ചന്ത
ഒരുകാലത്ത് പേരും പെരുമയും ഉണ്ടായിരുന്ന ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലമാണ് കുഴിക്കാല. സമീപത്തെ പുഞ്ച വഴി ചരക്കുകൾ വള്ളത്തിലെത്തിച്ച് ഇവിടെ കച്ചവടം നടന്നിരുന്നു. പഴം, പച്ചക്കറി ചന്തയ്ക്കൊപ്പം കാലിച്ചന്തയും സജീവമായി പ്രവർത്തിച്ചിരുന്നു. എന്നാൽ 20 വർഷത്തിലേറെയായി ചന്ത പ്രവർത്തനരഹിതമാണ്. സമീപ പ്രദേശങ്ങളായ ഇലവുംതിട്ട, കോഴഞ്ചേരി, ഇലന്തൂർ, കിടങ്ങന്നൂർ എന്നിവിടങ്ങളിലെയൊക്കെ ചന്തകൾ ശക്തി പ്രാപിച്ചതോടെ കുഴിക്കാല ചന്തയുടെ പ്രതാപം മങ്ങുകയായിരുന്നു. ഇപ്പോൾ മല്ലപ്പുഴശേരി പഞ്ചായത്തിലെ കർഷകർ ആശ്രയിക്കുന്നതും സമീപ പ്രദേശങ്ങളിലെ ചന്തകളെയാണ്. കുഴിക്കാല ചന്തയുടെ മടങ്ങിവരവ് സാധ്യമാകുമോ എന്നാണ് ഇവരെല്ലാവരും ഇപ്പോൾ ഉന്നയിക്കുന്ന ചോദ്യം.
പണ്ട് ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലം ഇപ്പോൾ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ കേന്ദ്രമാണ്. വോളിബോൾ കോർട്ട്, ഓപ്പൺ തിയറ്റർ, അങ്കണവാടി, പൊതുശുചിമുറി, എസ്‌സി വിഭാഗക്കാർക്ക് ചന്ത നടത്താനായി നിർമിച്ച കെട്ടിടം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നത് പണ്ട് ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്താണ്. ഇതിൽ ഓപ്പൺ തിയറ്റർ തകർച്ചയുടെ വക്കിലാണ്. മേൽക്കൂരയിൽ മിക്കയിടങ്ങളിലും കോൺക്രീറ്റ് അടർന്ന് കമ്പി തെളിഞ്ഞുകാണാം. ഇതിനോട് ചേർന്നുള്ള ശുചിമുറി മലിനജലം ഒഴുകിപ്പോകുന്നതിന് തടസ്സമുള്ളതിനാൽ ഉപയോഗ രഹിതമാണ്. ദുർഗന്ധംമൂലം ഇതിന്റെ പരിസരത്തേക്ക് അടുക്കാൻ പോലും ആകുന്നില്ല. എസ്‌സി വിഭാഗക്കാർക്ക് ചന്തനടത്താനായി നിർമിച്ച കെട്ടിടം ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ഇടക്കാലത്ത് ഇവിടെ കുടുംബശ്രീ ഹോട്ടൽ പ്രവർത്തിച്ചിരുന്നു. പൊതുശുചിമുറി ആണെങ്കിലും ഇത് മിക്കപ്പോഴും പൂട്ടിയിടാറാണ് പതിവ്.
ആവശ്യക്കാർ വന്നാൽ സമീപത്തെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ കടക്കാരുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വോളിബോൾ കോർട്ടിൽ നല്ലരീതിയിൽ പരിശീലനം നടക്കുന്നുണ്ടായിരുന്നു. എന്നാൽ ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള മണലും മെറ്റലും ഇവിടെ കൊണ്ടുവന്നിറക്കിയതോടെ കളിമുടങ്ങിയ അവസ്ഥയാണ്. ഭാരവാഹനം കയറി മൈതാനത്തിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.പടിക്കെട്ട് മാതൃകയിൽ ഒരുക്കിയിട്ടുള്ള ചെറിയ ഗാലറി ഉൾപ്പെടെയുള്ള ഈ മൈതാനത്ത് കഴിഞ്ഞ ക്രിസ്മസ് കാലത്ത് കുഴിക്കാല വൈആർസി ക്ലബ്ബിന്റെയും പൗരസമിതിയുടെയും നേതൃത്വത്തിൽ ഗ്രാമീണ കാർഷിക വിപണന ഉത്സവം സംഘടിപ്പിച്ചിരുന്നു. 3 ദിവസമായി നടന്ന മേള കുഴിക്കാല ചന്തയുടെ നഷ്ടപ്രതാപം അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സംഘടിപ്പിച്ചിരുന്നത്. ഈ മേളയ്ക്ക് വൻ സ്വീകാര്യതയും ലഭിച്ചിരുന്നു.
വളരെ സജീവമായി വോളിബോൾ പരിശീലനം നടക്കുന്ന മൈതാനമാണിത്. ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള സാമഗ്രികൾ താൽകാലികമായാണ് ഇവിടെ ഇറക്കിയിരിക്കുന്നത്. ഇത് നീക്കം ചെയ്യുന്നതോടെ ഇവിടത്തെ വോളിബോൾ ആരവം ശക്തമായി തിരികെ വരും. ∙ ഷിബു സാം തോമസ് വൈആർസി ക്ലബ് അംഗം
മൈതാനത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനായി ആന്റോ ആന്റണി എംപി 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ∙ പ്രദീപ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
മുല്ലശേരി ചിറയിൽ വേണം വിശ്രമകേന്ദ്രം
മല്ലപ്പുഴശേരിയിലെ ഏറ്റവും പ്രധാന ജലാശയങ്ങളിൽ ഒന്നാണ് മുല്ലശേരി ചിറ. നിലവിൽ ഈ ചിറ സ്വകാര്യ വ്യക്തിക്ക് മത്സ്യക്കൃഷി നടത്താനായി പഞ്ചായത്ത് വിട്ടുകൊടുത്തിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ അതിന്റെ കാലാവധി കഴിയുമെന്നാണ് വിവരം. ഈ ലീസ് കാലാവധി കഴിഞ്ഞ് ചിറ തിരികെക്കിട്ടിയാൽ ഉടൻ തന്നെ ഇവിടെ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സായാഹ്ന വിശ്രമകേന്ദ്രം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെഡൽബോട്ടിങ്ങിനും നീന്തൽ പരിശീലനത്തിനും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചിറയ്ക്കുള്ളിലും സമീപത്തെ സ്ഥലത്ത് നടപ്പാതയും ഓപ്പൺ ജിമ്മും ബെഞ്ചുകളും മറ്റും സ്ഥാപിച്ച് പ്രദേശത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതി ആവിഷ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിൽ പഞ്ചായത്ത് പ്രദേശത്ത് എവിടെയും സായാഹ്ന വിശ്രമകേന്ദ്രങ്ങളില്ല. മുല്ലശേരി ചിറയെ ഈ രീതിയിൽ മാറ്റിയെടുക്കാനായാൽ പഞ്ചായത്തിലെ ഏറ്റവും വലിയ ആകർഷകമായി ഈ പ്രദേശം മാറുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സ്വകാര്യ വ്യക്തിയുടെ വാടക കാലാവധി കഴിയുമ്പോൾ ചിറയിൽ സമൂഹ മത്സ്യക്കൃഷി നടത്താനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ എന്നാണ് വിവരം. തൽസമയം പിടിക്കുന്ന മീൻ ഉപയോഗിച്ച് വിഭവങ്ങൾ തയാറാക്കി നൽകുന്ന ഭക്ഷണശാലയും ഇതിനോട് അനുബന്ധിച്ച് പ്രവർത്തനം ആരംഭിക്കുന്ന തരത്തിലുള്ള ക്രമീകരണമാകും ഒരുക്കുകയെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.
പദ്ധതി ഏതു തരത്തിലുള്ളതായാലും മല്ലപ്പുഴശേരിയിലെ ജനങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന തരത്തിലാകണം അത് നടപ്പാക്കേണ്ടത്. ചിറയിൽ നടപ്പാക്കുന്ന പദ്ധതിക്കൊപ്പം ചുറ്റുപാടുമുള്ള സ്ഥലം വികസിപ്പിച്ച് നാട്ടുകാർക്ക് ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്തണം. ∙ രഞ്ജു പ്രദേശവാസി